X

അടൂര്‍ വിരുദ്ധ പ്രസ്താവന: ബി. ഗോപാലകൃഷ്ണനെ പിന്തുണയ്ക്കാന്‍ കുമ്മനം മാത്രം; പ്രസ്താവന ഗുണകരമായത് സിപിഎമ്മിനെന്നും വാദം

അനാവശ്യ വിവാദമെന്ന് ഒരു വിഭാഗം

ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന് പാര്‍ട്ടിയിലും പിന്തുണയില്ല. അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരമാര്‍ശം വിവാദമായിട്ടും ഇതുവരെ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗോപാലകൃഷ്ണന് അനുകൂലമായി രംഗത്തെത്തിയിട്ടില്ല. അടൂര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ എന്തിനാണ് ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ വിവാദമാക്കുന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ചോദിക്കുന്നത്.

മിസ്സോറാം മുന്‍ ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍ മാത്രമാണ് ഗോപാലകൃഷ്ണനുവേണ്ടി രംഗത്തെത്തിയത്. ജയ് ശ്രീ റാം വിളിയോടുള്ള അടൂരിന്റെ സമീപനം മാറ്റണമെന്നാണ് അദ്ദേഹവും ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റ് നേതാക്കള്‍ കാര്യമായി  ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അതേസമയം സിപിഎമ്മും കോണ്‍ഗ്രസും ഇത് ബിജെപി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂരിനെ വീട്ടില്‍ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചു.

ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണ് ഗോപാലകൃഷ്ണന്‍ നടത്തുന്നതെന്നാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. കുമ്മനം രാജശേഖരന്‍ പാര്‍ട്ടി അധ്യക്ഷനായപ്പോഴാണ് ഗോപാലകൃഷ്ണന്‍ നേതൃ നിരയില്‍ എത്തുന്നത്. പാര്‍ട്ടി വക്താവായി ടെലിവിഷന്‍ ചാനലുകളില്‍ എത്തി തുടങ്ങിയത് ഇതോടെയാണ്. ബിജെപിയില്‍ കൃഷ്ണദാസ് പക്ഷക്കാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വി മുരളീധരന്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ ഗോപാലകൃഷ്ണന് കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. ടെലിവിഷന്‍ ചര്‍ച്ചകളില്‍ വിവാദങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് പിന്നീടാണ് ഗോപാലകൃഷ്ണന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

അമ്പലം തകര്‍ന്നാല്‍ അന്ധവിശ്വാസം ഇല്ലാതാകുമെന്ന് പറഞ്ഞത് ഇഎംഎസ് ആണെന്നായിരുന്നു ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞത്. സി കേശവന്റെ ചരിത്രപ്രസിദ്ധമായ പ്രസ്താവനയാണ് അതെന്ന് ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം തിരുത്തിയില്ല. പിന്നീട് ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയ്ക്ക് കമ്മ്യൂണിസറ്റ് ബന്ധമുണ്ടായിരുന്നുവെന്നുപോലും അദ്ദേഹം ആരോപിച്ചു. ശബരിമല കലാപകാലത്ത് ഐജി മനോജ് അബ്രഹാമിനെ നായ എന്ന് വിളിച്ച് അധിക്ഷേപിച്ചതായിരുന്നു ഇദ്ദേഹത്തിന്റെ വിവാദമായ മറ്റൊരു പരാമര്‍ശം.

അടൂര്‍ ഗോപാലകൃഷ്ണനെ പോലെ സിപിഎം സഹയാത്രികന്‍ പോലുമല്ലാത്ത ഒരാളെ അധിക്ഷേപിച്ചതിലൂടെ അനാവശ്യമായി രാഷ്ട്രീയ എതിരാളികള്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുക മാത്രമാണ് ഗോപാലകൃഷ്ണന്‍ ചെയ്‌തെതന്നും ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി തന്നെയാണെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നത്. പ്രസ്താവന ഇത്ര വിവാദമായിട്ടും കാര്യമായി നേതാക്കള്‍ രംഗത്തുവരാത്തത് ഇതിന്റെ സൂചനയാണ്.

Read Azhimukham: ‘ചാണകവെള്ളം തളിച്ചാല്‍ അത് ജാതി അധിക്ഷേപമാകുമെന്ന് നിയമത്തിലുണ്ടോ?’, ഗീതാ ഗോപി എംഎല്‍എക്കെതിരായ ‘ശുദ്ധി’ പ്രതിഷേധത്തെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ്

This post was last modified on July 28, 2019 3:18 pm