X

വടയമ്പാടിയില്‍ ജാതി മതില്‍ കെട്ടിയപ്പോള്‍ പുറത്തുവന്നത് സവര്‍ണ്ണ ജാതി വെറിയല്ലാതെ മറ്റെന്താണ്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

പിണറായിയെയും ചെട്ടിക്കുളങ്ങരയിലെ പൂജാരിയെയും ചോവനെന്ന് വിളിച്ചാക്ഷേപിച്ചതാര്?

ശബരിമല വിഷയത്തില്‍ ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവോ ജാതി സ്പര്‍ദ്ധയോ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തതാണ് സുകുമാരന്‍ നായര്‍ക്ക് പെട്ടെന്ന് സവര്‍ണ-അവര്‍ണ ചേരിതിരിവിനെക്കുറിച്ച് വെളിപാടുണ്ടാകാന്‍ കാരണം. 190 സംഘടനകളുടെ പ്രതിനിധികളെ മുഖ്യമന്ത്രി ശനിയാഴ്ച ജഗതി സഹകരണ ഭവനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 170 പേര്‍ മാത്രമാണ് അതില്‍ പങ്കെടുത്തത്. അന്ന് വൈകിട്ട് ചേരുന്ന കോര്‍കമ്മിറ്റി യോഗത്തിന് ശേഷം യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം അറിയിക്കാമെന്നാണ് എന്‍എസ്എസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇത്തരത്തിലൊരു ആരോപണമാണ് ഉന്നയിച്ചത്.

നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുളള ചില ശക്തികളുടെ നീക്കം ഉത്കണ്ഠയുളവാക്കുന്നതാണന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവെ സ്വാഗതം ചെയ്തു. പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ഉണ്ട് എന്ന പ്രശ്‌നം ഗൗരവമായി പരിഗണിച്ച് മുന്നോട്ട് നീങ്ങണം എന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാകില്ല. അതുകൊണ്ടാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്. എന്‍എസ്എസിന്റെ അസാന്നിധ്യത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിമര്‍ശിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനകള്‍ക്കും കേരള നവോത്ഥാനത്തില്‍ എന്താണ് പങ്കെന്ന ചോദ്യത്തിന് ഇവിടെ സാധ്യതയുണ്ട്. പ്രത്യേകിച്ചും ബ്രാഹ്മണ സഭയൊക്കെ കേരള നവോത്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്? അതേസമയം യോഗത്തില്‍ പങ്കെടുക്കാതിരുന്ന യോഗക്ഷേമസഭയ്ക്കും എന്‍എസ്എസിനും കേരള നവോത്ഥാന ചരിത്രത്തില്‍ അവരവരുടേതായ പ്രാധാന്യമുണ്ട് താനും. ഈ നവോത്ഥാന ചരിത്രത്തില്‍ നിന്നും സ്വയം പുറത്തുപോകുന്ന നടപടിയായി പോയി ഇപ്പോള്‍ എന്‍എസ്എസ് സ്വീകരിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നെന്ന ആരോപണവുമായി സുകുമാരന്‍ നായര്‍ രംഗത്തെത്തുന്നത്. സുകുമാരന്‍ ഈ സമൂഹത്തിലെ ജാതീയ വ്യവസ്ഥയ്‌ക്കെതിരെയും സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാകാതിരിക്കാനും ചെയ്ത കാര്യങ്ങളെന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ ഈ വാക്കുകളിലെ പൊള്ളത്തരം വ്യക്തമാകും.

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തന്ത്രവിദ്യ പഠിച്ച ഒരു ഈഴവന്‍ സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തില്‍ പൂജാരിയാകാനെത്തിയപ്പോഴാണ് സുകുമാരന്‍ നായരുടെ സമഭാവം കേരള സമൂഹം മുമ്പ് കണ്ടിട്ടുള്ളത്. അബ്രാഹ്മണര്‍ പൂജാരിയാകുന്നത് കൊണ്ട് ഏറ്റവുമധികം നഷ്ടം സംഭവിക്കുന്ന ബ്രാഹ്മണരല്ല അന്ന് ഈ പൂജാരിക്കെതിരെ രംഗത്തെത്തിയത്. പകരം എന്‍എസ്എസ് ആണ്. കണ്ട ചോവന്മാരെയൊന്നും പൂജാരിയാകാന്‍ സമ്മതിക്കില്ല എന്നായിരുന്നു അന്ന് അവരുടെ നിലപാട്. ചുമതലയേല്‍ക്കാനെത്തിയ ആ യുവാവ് പ്രദേശവാസികളായ നായര്‍ വിഭാഗക്കാരുടെ അക്രമം ഭയന്ന് ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു.

വടയമ്പാടിയില്‍ മതില്‍ കെട്ടിയപ്പോഴും സുകുമാരന്‍ നായര്‍ക്കും എന്‍എസ്എസിനും അവര്‍ണരോടുള്ള സമീപനം വ്യക്തമായതാണ്. പുലയര്‍ മഹാസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രം എന്‍എസ്എസിന്റെ ഭരണത്തിന് കീഴില്‍ വന്നതോടെ പുലയര്‍ക്ക് പ്രവേശിക്കാനാകാത്ത വിധത്തില്‍ ക്ഷേത്രത്തിന് ചുറ്റും മതില്‍ കെട്ടുകയായിരുന്നു അവര്‍. ആര്‍എസ്എസിന്റെ പിന്‍ബലവുമുണ്ടായിരുന്നു അതിന്. ഒടുവില്‍ കേരള സമൂഹം ഒന്നിച്ച് നിന്നാണ് എന്‍എസ്എസ് പണിതുയര്‍ത്തിയ ആ ജാതിമതില്‍ പൊളിച്ചുനീക്കിയത്. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ നാമജപ ഘോഷയാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ‘ആ ചോക്കൂതി മോന്റെ മോന്തയടിച്ച് പറിക്കണം’ എന്ന് ഒരു സ്ത്രീ പറഞ്ഞത് കേവലം അറിവില്ലായ്മയുടെ മാത്രം പുറത്താണെന്ന് കരുതാന്‍ കഴിയില്ല. അതൊരു സമുദായ മനസില്‍ രൂഢമൂഢമായി അടിയുറച്ചു നില്‍ക്കുന്ന ചിന്തയില്‍ നിന്ന് വന്നതാണെന്നേ കരുതാനാകൂ. ഇപ്പോള്‍ സവര്‍ണ-അവര്‍ണ ചേരിതിരിവിനെക്കുറിച്ച് വ്യാകുലപ്പെടുന്ന സുകുമാരന്‍ നായര്‍ ഈ സാഹചര്യങ്ങളിലൊന്നും സ്വസമുദായക്കാരെ തിരുത്താന്‍ രംഗത്തെത്തിയിട്ടില്ല. ഈഴവനും പുലയനുമെല്ലാം മനുഷ്യനാണെന്ന് പോയിട്ട് ഹിന്ദുവാണെന്ന് പോലും അവരെ അന്ന അദ്ദ്യേം തിരുത്തിക്കണ്ടില്ല. എന്നിട്ട് ഇപ്പോള്‍ ജാതി നിരപേക്ഷയുമായി രംഗത്തിറങ്ങിയിരിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്താണ്? ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് മാത്രമാണ് ഇപ്പോള്‍ എന്‍എസ്എസിന്റെ ആവശ്യം. നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം നിന്ന ഈ സംഘടന ഇപ്പോള്‍ സ്ത്രീ പ്രവേശനത്തിന് എതിര് നില്‍ക്കുന്നത് ബ്രാഹ്മണരോടും രാജകുടുംബത്തോടുമുള്ള വിധേയത്വം കൊണ്ടാണെന്ന് കരുതേണ്ടി വരും.

അതോടൊപ്പം പണ്ട് പാവപ്പെട്ടവന്റെ സംവരണാനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ സാമ്പത്തിക സംവരണം എന്ന ഉമ്മാക്കിയുമായി ഇറങ്ങിയത് എന്ത് ജാതി നിരപേക്ഷത ആയിരുന്നെന്ന് സുകുമാരന്‍ നായര്‍ ഒന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇപ്പോള്‍ ജാതിനിരപേക്ഷതയും സവര്‍ണ-അവര്‍ണ ചേരിതിരിവ് പാടില്ലെന്നും പറയുന്ന സുകുമാരന്‍ നായര്‍ക്ക് ശബരിമലയില്‍ തങ്ങള്‍ നടത്തുന്ന സമരത്തില്‍ അവര്‍ണ ജാതിക്കാരുടെ പിന്തുണ ആവശ്യമാണ്. അതിനാല്‍ മാത്രമാണ് പെട്ടെന്ന് ഇത്തരത്തിലൊരു വെളിപാടുണ്ടായതെന്ന് വ്യക്തം. നായരുടെ സമുദായ സേവനത്തിന്റെ കാര്യം അതിലും കഷ്ടമാണ്. ഏതെങ്കിലും നായര് കുട്ടിക്ക് ഡൊണേഷന്‍ എന്ന ഓമനപ്പേരുള്ള കൈക്കൂലിയില്ലാതെ ഏതെങ്കിലും എന്‍എസ്എസ് സ്ഥാപനങ്ങളില്‍ ജോലിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനമോ ലഭിച്ചാതായി ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാലും ജാതി വിഭാഗീയതയെ കുറിച്ച് തിമിര്‍ത്ത് വെളിച്ചപ്പെടണം. അത് താന്‍ ഡാ സുകുമാരന്‍ നായര്‍.

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

‘വഴിയേ പോകുന്ന കണ്ടനും കാളനും കയറി നിരങ്ങാനുളളതല്ല ക്ഷേത്രം’; ജാതിമതില്‍ പൊളിച്ച ദളിത് സമരം 100 ദിനം പിന്നിടുന്നു

ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായാല്‍; ഈ ജാതിവെറിക്കാരെ എന്ത് ചെയ്യണം?

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on December 6, 2018 11:12 am