X

ബിജെപി സമരത്തില്‍ ഒരു റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജും ലൗഡ് സ്പീക്കറും ഉപയോഗിക്കുന്നതില്‍ മനോരമയ്ക്കും പോലീസിനും പരാതിയില്ലേ?

എല്ലാദിവസവും മനോരമയുടെ ഫോട്ടോഗ്രാഫര്‍മാരും ലേഖകരും സ്റ്റാച്യുവില്‍ വന്നിട്ടുപോലും റോഡിന്റെ ഒരുഭാഗം പകലും രാത്രിയും ബിജെപി കെട്ടിയടച്ചിരിക്കുന്നതിന്റെ ഒരു ചിത്രവും വാര്‍ത്തയും അവരുടെ പത്രത്തില്‍ കാണാനിടയായിട്ടില്ല

 

ബിജെപി സമരത്തില്‍ ഒരു റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജും ലൗഡ് സ്പീക്കറും ഉപയോഗിക്കുന്നതില്‍ മനോരമയ്ക്കും പോലീസിനും പരാതിയില്ലേയെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി. ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ശിവന്‍കുട്ടി ഈ ചോദ്യം ചോദിക്കുന്നത്. സംയുക്തസമര സമിതി ദേശീയ പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന്റെ രണ്ടാം ഗേറ്റിന്റെ സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ കെട്ടിയ പന്തല്‍ സംബന്ധിച്ച് മനോരമ ഒന്നാം പേജില്‍ ഫോട്ടോയും വാര്‍ത്തയും കൊടുത്തിരുന്നു. ആംബുലന്‍സുകള്‍ക്കും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കും പണിമുടക്കിന് എതിരായവര്‍ക്ക് പോലും കടന്നു പോകാനുള്ള സൗകര്യം നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാദിവസവും മനോരമയുടെ ഫോട്ടോഗ്രാഫര്‍മാരും റിപ്പോര്‍ട്ടര്‍മാരും സ്റ്റാച്യുവില്‍ വരുന്നുണ്ടെങ്കിലും റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും കെട്ടിയടച്ചുള്ള ബിജെപി സമരം അവര്‍ കാണുന്നില്ല. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ശിവന്‍കുട്ടി പറയുന്നു.

ഐപിസി 281 പ്രകാരം സംയുക്തസമര സമിതി നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. എന്നാല്‍ 2018 ഡിസംബര് മൂന്ന് മുതല്‍ ഒരു റോഡ് പൂര്‍ണമായും കെട്ടിയടച്ച് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയ ബിജെപി നേതാക്കളുടെ പേരില്‍ ഒരു കേസ് പോലും എടുത്തിട്ടില്ല. ഇതില്‍ മനോരമയ്ക്ക് യാതൊരു വിഷമവുമില്ല. സംയുക്ത ട്രേഡ് യൂണിയന്‍ രണ്ട് ദിവസം നടത്തിയ സമരത്തിലുള്ള വിഷമം മാത്രമാണ് അവര്‍ക്ക്. ഇത് തികച്ചും തൊഴിലാളി വിരുദ്ധതയാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. ശിവന്‍കുട്ടിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം താഴെ:

2018 ഡിസംബര്‍ 3 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലെ മാധവറാവു പ്രതിമയ്ക്ക് നേരെ മുമ്പില്‍ റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജ് കെട്ടി ലൗഡ് സ്പീക്കറും ഉപയോഗിച്ച് ബിജെപി സമരം നടത്തുന്നത് സംബന്ധിച്ച് മലയാള മനോരമക്കും ചില പൊലീസ് ഓഫീസര്‍മാര്‍ക്കും യാതൊരു പരാതിയുമില്ല.എന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി ചോദിച്ചു. സമരം തുടങ്ങിയ അന്നുമുതല്‍ വാഹനങ്ങള്‍ ഒരു വഴിക്ക് തന്നെയാണ് പോകുന്നത് എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രിവരെ പൂര്‍ണമായും ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.ഈ വസ്തുതകള്‍ മലയാള മനോരമയും പോലീസ് ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാദിവസവും മനോരമയുടെ ഫോട്ടോഗ്രാഫര്‍മാരും ലേഖകരും സ്റ്റാച്യുവില്‍ വന്നിട്ടുപോലും ഒരു ചിത്രവും വാര്‍ത്തയും അവരുടെ പത്രത്തില്‍ കാണാനിടയായിട്ടില്ല. ഇത് പക്ഷപാതപരവും രാഷ്ട്രീയ ദുഷ്ടലാക്കോടെ കൂടിയുമാണ്. സംയുക്ത സമരസമിതിയുടെ സമരത്തില്‍ ഭാഗമായി സെക്രട്ടറിയേറ്റിന്റെ രണ്ടാം ഗേറ്റിന്റെ സമീപത്തുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ കെട്ടിയ പന്തല്‍ സംബന്ധിച്ച് മനോരമ ഒന്നാംപേജില്‍ ചിത്രവും വാര്‍ത്തയും കൊടുത്തിരുന്നു. ആംബുലന്‍സ്, ശബരിമല യാത്രക്കാരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ പണിമുടക്കിന് എതിരായി പോലും ഓടിയ വാഹനങ്ങള്‍ വരെ യാതൊരു തടസ്സവും ഇല്ലാത്ത വിധം കടത്തിവിടാന്‍ ജാഗ്രത കാട്ടിയിരുന്നു. എന്നാല്‍ പോലീസ് ഐപിസി 281 പ്രകാരം സംയുക്ത സമരസമിതി നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ 2018 ഡിസംബര്‍ 3 മുതല്‍ ഒരു റോഡ് പൂര്‍ണമായും കെട്ടിയടച്ച് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയ ബിജെപി നേതാക്കന്മാരുടെ പേരില്‍ ഒരു കേസ് പോലും എടുത്തു കാണുന്നില്ല. ഈ കാര്യത്തില്‍ മലയാള മനോരമ ഒരു വിഷമവും കാണുന്നില്ല.സംയുക്ത ട്രേഡ്യൂണിയന്‍ 2 ദിവസം നടത്തിയ സമരത്തിലുള്ള വിഷമം മാത്രമാണ് മനോരമയ്ക്ക് ഉള്ളത് ഇത് തികച്ചും തൊഴിലാളി വിരുദ്ധ മനോഭാവം ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടിയന്തരമായി ഇത്തരം കാര്യങ്ങളില്‍ തുല്യനീതി എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ്. മനോരമയും ചില പോലീസ് ഉദ്യോഗസ്ഥന്മാരും ഈ കാര്യത്തില്‍ ന്യായമായിട്ടും തുല്യമായിട്ടുള്ള നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.