X

സര്‍ക്കാരിന്റെ കേരളാ റെസ്‌ക്യൂ സൈറ്റില്‍ ജീവന്‍ രക്ഷിക്കാനുള്ള നിലവിളികള്‍

ഭക്ഷണവും, സുരക്ഷിതമായ ഇടങ്ങളും ഇല്ലാതെ ഒരു രാത്രി കൂടി കഴിയാന്‍ ആളുകള്‍ക്ക് കഴിയുമോ എന്നത് വെല്ലുവിളിയാണ്

പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാനുള്ള അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സൈറ്റായ കേരളാറെസ്‌ക്യൂ. ഇന്നില്‍ നിരന്തരമായി എത്തുന്നത്. ആവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും അപേക്ഷകള്‍ ഓണ്‍ലൈനായി ഇവിടെ നല്‍കാവുന്നതാണ്. വെള്ളപ്പൊക്കത്തില്‍ പെട്ടുപോയവരെ രക്ഷിക്കാനും, കുടിവെള്ളം, ആഹാരം, വസ്ത്രം, മരുന്ന്, തുടങ്ങിയ ആവശ്യസാധനങ്ങള്‍ക്കായാണ് അപേക്ഷകള്‍ അധികവും ലഭിച്ചിരിക്കുന്നത്. വീടിന്റെ മട്ടുപ്പാവില്‍ രക്ഷയ്ക്കായി കയറി നില്‍ക്കുന്ന, ഇതുവരെയും രക്ഷപ്പെടുത്തവരുടെ പേര് വിവരങ്ങള്‍, നില്‍ക്കുന്ന പ്രദേശത്തിന്റെ പേര്, കുടുങ്ങിപ്പോയ ആളുകളുടെ എണ്ണം, ഫോണ്‍ നമ്പര്‍ തുടങ്ങിയവയാണ് നല്‍കേണ്ടത്.

സൈറ്റില്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഒട്ടേറെ പേര്‍ റിക്വസ്റ്റ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓരോ അഞ്ച് മിനിറ്റിലും മൂന്നില്‍ കൂടുതല്‍ റിക്വസ്റ്റുകളാണ് എത്തുന്നത്. ഇനിയും ആളുകള്‍ കൂട്ടമായും ഒറ്റയ്ക്കും പത്തനംതിട്ടയുടെ പല ഇടങ്ങളിലായി സഹായവും കാത്ത് നില്‍പുണ്ട് എന്ന വിവരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ആറന്മുള ചക്കിട്ടാപ്പടി ബസ് സ്റ്റോപ്പിന് സമീപം അറുപത് വയസിന് മുകളിലുള്ളവര്‍ വീടിന് മുകളില്‍ രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തകരെയും കാത്ത് നില്‍ക്കുന്നുവെന്ന് ശ്രീജിത്ത് എസ് എന്നയാള്‍ വൈകുന്നേരം 4.41ന് അറിയിച്ചിട്ടുണ്ട്.

ഉറ്റവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ അവര്‍ സുരക്ഷിതരാണോ എന്ന് അറിയാനും റെസ്‌ക്യൂ പേജ് ഉപയോഗിക്കുന്നവരുണ്ട്. കൈക്കുഞ്ഞുങ്ങളും, വയോധികരും, ഗര്‍ഭിണികളും അസുഖബാധിതരും സഹായവും കാത്ത് പലയിടങ്ങളിലായി നില്‍ക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്.

തോട്ടപ്പുഴച്ചേരി എന്ന സ്ഥലത്ത് 20 പേര്‍ രണ്ട് ദിവസമായി ഭക്ഷണമില്ലാതെ വീടിന് മുകളില്‍ കഴിയുന്നതായി ജിജോ മോന്‍ അറിയിച്ചിട്ടുണ്ട്. ആറാട്ടുപുഴയില്‍ 96 വയസുള്ള വയോദികയടക്കമുള്ള സംഘം സഹായത്തിനായി അപേക്ഷിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ അറിയാത്ത, നിരവധി പേര്‍ ഇപ്പോഴും സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലുമാകാതെ കഴിയുകയാകാം. രണ്ട് ദിവസമായി പത്തനംതിട്ട ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെളളപ്പൊക്കത്തില്‍ പെട്ടുപോയവര്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഇരിപ്പുണ്ടാകാം.

റെസ്‌ക്യൂ സൈറ്റുകളില്‍ അപേക്ഷകള്‍ എത്തുന്നുണ്ടെങ്കിലും എത്രത്തോളം കാര്യക്ഷമമായി ആളുകളെ ട്രാക്ക് ചെയ്യാന്‍ കഴിയുന്നുവെന്നും വേണ്ട ആവശ്യങ്ങള്‍ എത്തിക്കാന്‍ ആകുന്നുവെന്നും അറിയാനുള്ള സംവിധാനങ്ങള്‍ ലഭ്യമല്ല. കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പരിസരവാസികളുമടങ്ങിയ 500 പേരടങ്ങുന്ന സംഘം ഇന്ന് രാവിലെ പതിനൊന്ന് മണിയോട് തന്നെ റെസ്‌ക്യൂ റിക്വസ്റ്റ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും അവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഭക്ഷണവും, സുരക്ഷിതമായ ഇടങ്ങളും ഇല്ലാതെ ഒരു രാത്രി കൂടി കഴിയാന്‍ ആളുകള്‍ക്ക് കഴിയുമോ എന്നത് വെല്ലുവിളിയാണ്. റിക്വസ്റ്റ് അയച്ച പലരും രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കായുള്ള മരുന്നും ആവശ്യപ്പെടുന്നുണ്ട്. മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്ര നേരം കൂടി ഇവര്‍ക്ക് അതിജീവിക്കാനാകുമെന്നത് സംശയമാണ്. സര്‍ക്കാരും സേനയും ദുരന്തമേഖലയില്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുവെങ്കിലും വൈകുന്ന സമയം, തുടര്‍ച്ചയായുള്ള മഴ, ഉയരുന്ന ജലനിരപ്പ് എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

https://keralarescue.in

This post was last modified on August 16, 2018 7:18 pm