X

മാനസിക രോഗിയുടെ മൃതദേഹം ബൈക്കില്‍ കെട്ടിക്കൊണ്ടുപോയി; തമിഴ്‌നാട് സ്വദേശിയായ യുവതി ചെങ്ങന്നൂരില്‍ പിടിയില്‍

മൈക്കില്‍ രാജിന്റെ (പുളി-)ന്റെ മരണം ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പോലീസും ഡോക്ടര്‍മാരും

മാനസിക രോഗിയായ സഹോദരന്റെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കെട്ടി ബൈക്കില്‍ പോയ യുവതിയും ഭര്‍ത്താവും തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമമായ വിരുത് നഗറില്‍ നിന്നുള്ളവരാണെന്ന് സംശയിക്കുന്നതായി പോലീസ്. മൃതദേഹവുമായി ആശുപത്രിയിലെത്തിയ കസ്തൂരിയെന്ന യുവതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജ്ജ് ആയിരുന്ന അജിത് ആണ് അഴിമുഖത്തോട് ഈ സംശയം പങ്കുവച്ചത്.

യുവതിയും ഭര്‍ത്താവും വിവിധയിടങ്ങൡലായി മാറിമാറി താമസിച്ചുവന്നിരുന്നവരാണെന്ന് ഓച്ചിറ പോലീസും സ്ഥിരീകിരിച്ചിട്ടുണ്ട്. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാസവപുരത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. അതിനാല്‍ അയല്‍വക്കക്കാര്‍ക്കും ഇവരെക്കുറിച്ച് യാതൊരു ധാരണയുമില്ല. അതേസമയം ഇവര്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണെന്ന് അജിത് അഴിമുഖത്തോട് പറഞ്ഞു. പല സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്ന ഇവര്‍ മോഷണം നടത്തിയാണ് ജീവിക്കുന്നതെന്ന് സംശയമുണ്ടെന്നും ഇദ്ദേഹം പറയുന്നു. കസ്തൂരിയുടെ ഭര്‍ത്താവ് മാസാണത്തിന്റെ പേരില്‍ കായംകുളം സ്റ്റേഷനിലൊക്കെ കേസുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കടപ്പുറം ഭാഗത്ത് വാടകയ്ക്ക് താമസിച്ച് കായംകുളം ഭാഗത്ത് വന്ന് മോഷണം നടത്തി പോകുന്നവരാണിവരെന്നാണ് തങ്ങളുടെ സംശയമെന്നും അജിത് പറയുന്നു. തമിഴ്‌നാട്ടിലെ വിരുത് നഗറില്‍ നിന്നും ഇവിടെയെത്തി പലയിടങ്ങളിലായി മോഷണം നടത്തി മുങ്ങുന്നവരാണ് ഇവരെന്നാണ് സംശയിക്കപ്പെടുന്നത്.

അതേസമയം മൈക്കില്‍ രാജിന്റെ (പുളി-)ന്റെ മരണം ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പോലീസും ഡോക്ടര്‍മാരും. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല. കഴുത്തിലെ പാട് വലിയ ആഴത്തിലുള്ളതല്ലെന്നതാണ് ആത്മഹത്യയുടെ സാധ്യതയിലേക്ക് പോലീസിനെ എത്തിക്കുന്നത്. കൂടാതെ മാനസികരോഗത്തിന്റെ പേരില്‍ കൊലപ്പെടുത്തിയെന്ന് സംശയിക്കാനാകില്ലെന്നും പോലീസ് പറയുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇവര്‍ പോകുന്നയിടങ്ങളിലെല്ലാം ഇയാളെയും കൂട്ടില്ലായിരുന്നെന്നും എവിടെയെങ്കിലും ഉപേക്ഷിക്കുമായിരുന്നുവെന്നുമാണ് പോലീസിന്റെ നിരീക്ഷണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ച ശേഷം ബന്ധുക്കള്‍ ഇന്ന് മടങ്ങിയെത്തുമെന്നാണ് പോലീസിനോട് അറിയിച്ചിരിക്കുന്നത്. ഇവര്‍ മടങ്ങിയെത്തിയില്ലെങ്കില്‍ തങ്ങളുടെ സംശയം ശരിയാണെന്ന് ഉറപ്പിക്കാമെന്നാണ് അജിത് പറയുന്നത്. അതേസമയം കസ്റ്റഡിയിലെടുക്കുമ്പോള്‍ യുവതിക്കൊപ്പമുണ്ടായിരുന്ന എട്ട് വയസ്സുകാരി മകളെ പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

മാസാണവും കസ്തൂരിയും മകളും മൈക്കിള്‍ രാജിന്റെ മൃതദേഹവുമായി ചെങ്ങന്നൂര്‍ പാണ്ടനാട്ടുള്ള വീട്ടിലേക്ക് പോകുകയായിരുന്നു. ഇവിടുത്തെ വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബൈക്കിന് പിന്നിലിരുന്ന് കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്. യാത്രയില്‍ മൃതദേഹത്തിന്റെ കാല്‍ റോഡിലുരഞ്ഞ് പാദം തകരുകയും മൂന്ന് വിരലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ വഴിയ്ക്ക് വച്ച് മഴ പെയ്തപ്പോള്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി കസ്തൂരിയെയും മകളെയും കാവല്‍നിര്‍ത്തി മാസാണം കടന്നുകളയുകയായിരുന്നു. ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് കസ്തൂരി മൃതദേഹം ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. കടത്തിണ്ണയില്‍ കഴിയുന്നവരാണ് തങ്ങളെന്നും അസുഖം വന്ന സഹോദരനെ ആശുപത്രിയില്‍ കൊണ്ടുവരുന്ന വഴി മരിച്ചെന്നുമാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നി ഡോക്ടര്‍ വിവരം പോലീസില്‍ അറിയിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

read more:കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം ജാതി വിളിച്ച് ആക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും സെക്രട്ടറി, പരാതി ഉന്നയിച്ചയാള്‍ക്ക് സസ്‌പെന്‍ഷന്‍

This post was last modified on June 26, 2019 11:44 am