X

“മോദി സര്‍ക്കാര്‍ ഫാഷിസ്റ്റ് ആണ്” – കാരണങ്ങള്‍ നിരത്തി, ലോക് സഭയെ ഇളക്കിമറിച്ച് തൃണമൂല്‍ എംപിയുടെ ആദ്യ പ്രസംഗം (വീഡിയോ)

ബാങ്കിംഗ് മേഖലയില്‍ നിന്ന് കക്ഷി രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ മഹുവ മൊയിത്ര ഇത്തവണ ആദ്യമായാണ് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചത്.

ഈ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുകയാണ്. ഇന്ത്യ പിച്ചിച്ചീന്തപ്പെടുകയാണ് – ലോക്‌സഭയില്‍ ബിജെപിയെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്ര പറഞ്ഞുതുടങ്ങി. ബാങ്കിംഗ് മേഖലയില്‍ നിന്ന് കക്ഷി രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ മഹുവ മൊയിത്ര ഇത്തവണ ആദ്യമായാണ് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് വിജയിച്ച് ലോക് സഭയിലെത്തി.

ഭരണപക്ഷ ബഞ്ചുകള്‍ ബഹളം തടസപ്പെടുത്തുന്നതിന് ഇടയിലും ഒട്ടും പതറാതെ മഹുവ മൊയിത്ര ഊര്‍ജ്ജസ്വലമായി പ്രസംഗം തുടര്‍ന്നു. ഇന്നലെ ലോക്‌സഭയിലെ ഏറ്റവും വലിയ ആകര്‍ഷണവും മഹുവയുടെ തീപ്പൊരി പ്രസംഗമായിരുന്നു. മന്ത്രിമാര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത ഈ രാജ്യത്ത് സാധാരണക്കാരന്‍ പൗരത്വ തെളിവ് കാണിക്കണം എന്ന് പറയുന്നതിനെ മഹുവ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മന്ത്രി സ്മൃതി ഇറാനിയേയും ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ ആക്രമണം.

രാജ്യത്ത് ഫാഷിസം വളരുന്നതിന് തെളിവായി ഏഴ് കാര്യങ്ങളാണ് മഹുവ മൊയിത്ര പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. നാസികളുടെ ജൂത വംശഹത്യയുടെ സ്മാരകങ്ങളിലൊന്നായ യുഎസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ ഈ ഏഴ് കാര്യങ്ങള്‍ ഒരു പോസ്റ്ററില്‍ പതിച്ചിട്ടുണ്ട് എന്ന് മഹുവ പറയുന്നു. ബിജെപിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറഞ്ഞാണ് മഹുവ മൊയിത്ര പ്രസംഗം തുടങ്ങിയത്. ഈ വന്‍ വിജയം എതിര്‍ശബ്ദങ്ങള്‍ ഉയരേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്ന് മഹുവ പറഞ്ഞു.

മഹുവ മൊയിത്ര പറയുന്ന ഏഴ് കാരണങ്ങള്‍:

ഉപരിപ്ലവ ദേശീയത

അസമിലെ ദേശീയ പൗരത്വ പട്ടിക – 50 വര്‍ഷമായി രാജ്യത്ത് ജീവിക്കുന്നവര്‍ പൗരത്വത്തിന് തെളിവ് കാണിക്കണം. മന്ത്രിമാര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും കാണിക്കാന്‍ കഴിയാത്ത നാട്ടില്‍ എങ്ങനെ സാധാരണക്കാര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് അവകാശപ്പെടാന്‍ കഴിയും.

മനുഷ്യാവകാശ ലംഘനം

2014നും 2019നുമിടയ്ക്ക് വിദ്വേഷ കുറ്റകൃത്യങ്ങള്‍ പല മടങ്ങായി വര്‍ദ്ധിച്ചു. ഒരു ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ട് അപ്പിനെ വിലയിരുത്തുന്നത് പോലെയാണിത്. ഈ നമ്പറുകള്‍ കൂട്ടുന്ന ശക്തികള്‍ ഇവിടെയുണ്ട്.

മാധ്യമ നിയന്ത്രണം

രാജ്യത്തെ ഏറ്റവും വലിയ അഞ്ച് മാധ്യമ സ്ഥാപനങ്ങള്‍ നേരിട്ടോ അല്ലാതെയോ ഉള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലോ ഒരു മനുഷ്യനോട് വിധേയത്വമുള്ള തരത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകപ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ പ്രചാരണ വിഷയങ്ങളാക്കിയല്ല ഈ തിരഞ്ഞെടുപ്പ് പോരാട്ടം നടന്നത്. മറിച്ച് വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പിലാണ് അത് നടന്നത്.

ദേശസുരക്ഷയെക്കുറിച്ചുള്ള ഭീതി പരത്തല്‍

ദേശ സുരക്ഷയെ സംബന്ധിച്ച ഭീതി പരത്തിയുള്ള, തീവ്രദേശീയത ആളിക്കത്തിച്ചുള്ള പ്രചാരണം. ശത്രുക്കളെ പ്രതിഷ്ഠിക്കല്‍. സൈന്യത്തിന്റെ നേട്ടങ്ങള്‍ ഒരു വ്യക്തിയുടെ നേട്ടമായി ചിത്രീകരിക്കുക. ഇതിനൊക്കെ ഇടയിലും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കാശ്മീരില്‍ 2014 മുതല്‍ 2019 വരെ സൈനികരുടെ മരണത്തില്‍ 106 ശതമാനം വര്‍ദ്ധനയുണ്ടായി.

മതത്തിന്റേയും സര്‍ക്കാരിന്റേയും ഇടപെടലുകള്‍

ദേശീയ പൗരത്വ പട്ടികയിലൂടെ, ഭേദഗതി ബില്ലിലൂടെ ഉറപ്പിക്കപ്പെടുന്നത് ഒരു പ്രത്യേക സമുദായമാണ് കുടിയേറ്റവിരുദ്ധ നിയമത്തിന്റെ ല്ക്ഷ്യം എന്നാണ്.

കലാകാരന്മാരോടും ബുദ്ധിജീവികളോടുമുള്ള വെറുപ്പ്

ഇത് വളരെ അപകടകരമായ സൂചനയാണ്. എല്ലാ എതിര്‍പ്പുകളും വിയോജിപ്പുതളും അടിച്ചമര്‍ത്തപ്പെടുന്നു. ലിബറല്‍ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കുന്നു. വിയോജിപ്പുകള്‍ ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണ്.

തിരഞ്ഞെടുപ്പ് സംവിധാനം സ്വതന്ത്രമല്ലാതാകുന്നു

2019 ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ പിന്തുണക്കുന്നതായുള്ള നിരവധി പരാതികളും വിവാദങ്ങളുമുണ്ടായി. പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചു. ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ ചിലവഴിക്കപ്പെട്ട 60,000 കോടി രൂപയില്‍ 27,000 കോടി രൂപ, പകുതിയ്ക്കടുത്ത് ചിലവാക്കിയിരിക്കുന്നത് ഒരു പാര്‍ട്ടിയാണ്.

This post was last modified on June 26, 2019 1:59 pm