ആര്‍എസ്എസിന്റെ വര്‍ഗീയ ഫാസിസത്തിനേറ്റ തിരിച്ചടിയാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനമെന്ന് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. വാലന്റൈന്‍സ് ഡേയ്ക്കെതിരെ ആര്‍എസ്എസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഗാനത്തിന് ലഭിച്ച സ്വീകാര്യത എന്നാണ് മേവാനി പറഞ്ഞത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എല്ലാവര്ക്കും വാലന്റൈന്‍സ് ഡേ ആശംസ നേര്‍ന്നു കൊണ്ടാണ് മേവാനി ഇക്കാര്യം പറഞ്ഞത്. ഒപ്പം ഗാനത്തിന്റെ വീഡിയോയും മേവാനി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനരംഗം. ഷാന്‍ റഹ്മാനാണ് ഇതിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ പ്രിയ വാര്യര്‍ എന്ന നടി ഈ ഗാനത്തിനിടയിലെ പുരികം കൊണ്ടുള്ള എക്സ്പ്രഷനിലൂടെയും ഒറ്റ കണ്ണിറുക്കലിലൂടെയും ആഗോള പ്രശസ്തയാകുകയും ചെയ്തു.
വാലന്റൈന്‍സ് ഡേ ആശംസിക്കാനായി ഇന്ന് ലോകമെമ്പാടുമുള്ളവര്‍ ഈ ഗാനരംഗമാണ് ഉപയോഗിക്കുന്നത്. പ്രിയയുടെ രംഗം ഹിറ്റായതോടെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന പ്രിയയെ നായികയാക്കിയിരിക്കുകയാണ് ഒമര്‍. ഇതിനായി സ്ക്രിപ്റ്റും മാറ്റിയെഴുതി. മേവാനിയുടെ ട്വീറ്റിന്റെ തര്‍ജ്ജമ.
‘വാലന്റൈന്‍സ് ഡേ ആശംസകള്‍. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന് ലഭിച്ച വൈറല്‍ ഹിറ്റ് ആര്‍എസ്എസിന്റെ വാലന്റൈന്‍സ് ഡേയ്ക്കെതിരായ പ്രതിഷേധത്തിനുള്ള മറുപടിയാണ്. ആരെയെങ്കിലും വെറുക്കുന്നതിനേക്കാള് സ്നേഹിക്കാനാണ് തങ്ങളിഷ്ടപ്പെടുന്നതെന്ന് ഇന്ത്യക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഈ വീഡിയോ ആസ്വദിക്കൂ‘.