X

രാഷ്ട്രപതി ഭവന്‍ അടിമത്വത്തിന്റെ പ്രതീകമാണെന്ന് അസം ഖാന്‍

അത്തരത്തിലൊരു പ്രതീകം നശിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് രാഷ്ട്രീയ ഷണ്ഡത്വമാണെന്നും അസം ഖാന്‍

ചരിത്ര സ്മാരകമായ താജ്മഹല്‍ ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണെന്ന ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും രംഗത്ത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവന്‍ അടിമത്വത്തിന്റെ പ്രതീകമാണെന്നാണ് അസം ഖാന്‍ പറയുന്നത്. താജ്മഹല്‍ അടിമത്വത്തിന്റെ പ്രതീകമാണെന്നും സോം ആരോപിച്ചിരുന്നു.

അത്തരത്തിലൊരു പ്രതീകം നശിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് രാഷ്ട്രീയ ഷണ്ഡത്വമാണെന്നും അസം ഖാന്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി എംഎല്‍എ സംഗീത് സോം താജ്മഹലിനെക്കുറിച്ച് വിവാദ പ്രസ്താവനയിറക്കി തൊട്ടടുത്ത ദിവസമാണ് അസം ഖാനും വിവാദ പ്രസ്താവനയിറക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം സംഗീത് സോമിന്റെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുകയല്ലെന്നും ഖാന്‍ സോമിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ പറഞ്ഞു. അറവുശാല നടത്തുന്നവര്‍ക്ക് യാതൊരു വിധത്തിലുമുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാന്‍ അവകാശമില്ലാത്തതിനാലാണ് അതെന്നും ഖാന്‍ പരിഹസിക്കുന്നു.

താജമഹല്‍ മാത്രമല്ല, പാര്‍ലമെന്റ് ഹൗസ്, പ്രസിഡന്റ് ഹൗസ്, കുത്തബ്മിനാര്‍, ചുവപ്പുകോട്ട, ആഗ്ര കോട്ട എന്നിവയും അടിമത്വത്തിന്റെ പ്രതീകങ്ങളായതിനാല്‍ തകര്‍ക്കേണ്ടതാണെന്നും അസം ഖാന്‍ പറയുന്നു. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ചാണ് മീററ്റ് ജില്ലയിലെ സര്‍ധാന മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സോം വിവാദ പ്രസ്താവന നടത്തിയത്. പലര്‍ക്കും താജ്മഹല്‍ നീക്കം ചെയ്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ ചരിത്രം എന്താണ് പറയുന്നതെന്ന് നോക്കണമെന്നും സോം പറയുന്നു. താജ്മഹല്‍ നിര്‍മ്മിച്ചയാള്‍ അദ്ദേഹത്തിന്റെ പിതാവിനെ തടവിലാക്കിയാണ് അധികാരം പിടിച്ചെടുത്തത്. അദ്ദേഹത്തിന് വേണ്ടത് ഹിന്ദുക്കളെ തുടച്ചു നീക്കുകയായിരുന്നു. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാകുന്നത് ദുഖകരമാണെന്നും അത് തിരുത്തണമെന്നും സോം പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിം ഭരണാഘികാരികളുടെ ഭരണകാലഘട്ടം നിഷ്ഠൂരവും അസഹിഷ്ണുത നിറഞ്ഞതുമായിരുന്നെന്നാണ് ബിജെപി വിവരിക്കുന്നത്. അതിന്റെ സ്മാരകമായി യാതൊന്നും കാത്തുസൂക്ഷിക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്.