പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയില്‍ ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ്ഡുമായ ദിവ്യ സ്പന്ദന.#PMChorHai, എന്ന് ഹാഷ് ടാഗ് ആവര്‍ത്തിച്ചായിരുന്നു എഫ്.ഐ.ആര് ഫയല്‍ ചെയ്ത നടപടിക്കെതിരെ ദിവ്യ സ്പന്ദന തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന് എന്ന് വിളിച്ചതിന് കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യക്കെതിരെ (ദിവ്യ സ്പന്ദന) യുപി പോലീസ് രാജ്യദ്രോഹ കേസ് ചുമത്തിയത്. മോദിയുടെ മെഴുക് പ്രതിമയില്‍ മോദി തന്നെ ചോര്‍ (കള്ളന്) എന്ന് ഹിന്ദിയില്‍ പെയിന്റ് ചെയ്യുന്ന ചിത്രമാണ് രമ്യ പോസ്റ്റ് ചെയ്തത്. ചോര്‍ പിഎം ചുപ് ഹേ (കള്ളന് പ്രധാനമന്ത്രി മിണ്ടുന്നില്ല) എന്ന ഹാഷ് ടാഗിനൊപ്പമാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ബംഗളൂരു ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഐടി ആക്ടിലെ സെക്ഷന്‍ 67, സെക്ഷന്‍ 124 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്നൗ സ്വദേശിയായ സയിദ് റിസ്വാന് അഹമ്മദ് എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്‍ ഹെഡ് ആണ് മുന്‍ എംപിയായ രമ്യ.
” എനിക്ക് പിന്തുണ തന്ന എല്ലാവര്ക്കും നന്ദി. എന്റെ ട്വീറ്റ് ഇഷ്ടപ്പെടാത്തവരോടും നന്ദി. എന്താണ് ഇപ്പോള്‍ ഞാന്‍ പറയേണ്ടത്. അടുത്ത തവണ കുറച്ചുകൂടി നന്നായി ട്വീറ്റ് ഇടാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയില്‍ നിന്നും രാജ്യം മാറിനില്‍ക്കണം. കാലാഹരണപ്പെട്ട ആ നിയമം ദുരുപയോഗം ചെയ്യുകയാണ്. എഫ്.ഐ.ആര് ഫയല്‍ ചെയ്തവരോട് , #PMChorHai ”- എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ മറുപടി.