X

നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം-മന്ത്രി തോമസ് ഐസക്

സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സന്‍ ഉയര്‍ത്തിയ പ്രതിഫല വിവാദത്തില്‍ ഇടപെട്ട് ധനമന്ത്രി ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. “മലപ്പുറത്തെ ഗ്രാമീണ നന്മകള്‍ മനസ്സ് നിറഞ്ഞു കണ്ടു” എന്നു സിനിമയെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞ മന്ത്രി പക്ഷേ പ്രതിഫല വിവാദത്തില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിലപാടെടുത്തു. “തീര്‍പ്പ്‌ കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം.” എന്നാണ് ഐസക് അഭിപ്രായപ്പെട്ടത്. എന്നാല്‍ സാമുവല്‍ ഉയര്‍ത്തിയ വംശീയ വിവേചന വിവാദത്തെ കുറിച്ചു തോമസ് ഐസക് മൌനം പാലിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീല്‍ ഈ സിനിമ കാണണമെന്ന് ഇത്ര നിര്‍ബന്ധിച്ചതിന്‍റെ കാരണം മനസ്സിലായത്. മലപ്പുറത്തെ ഗ്രാമീണ നന്മകള്‍ മനസ്സ് നിറഞ്ഞു കണ്ടു. സുഡാനിയെ തങ്ങളുടെ വീടിന്‍റെ ഭാഗമാക്കാന്‍ ആ ഗ്രാമീണ കുടുംബങ്ങള്‍ക്ക് നിറമോ മതമോ ഒന്നും തടസമായില്ല. ഫുട്ബോള്‍ കളിക്കാരന്‍ സാമുവലിന് നല്‍കിയ ശുശ്രൂഷയും സ്നേഹവും പിന്നെ അവസാനം വിടവാങ്ങല്‍ വേളയില്‍ നല്‍കിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്‍റെയും ഭാഗമായിരുന്നില്ല. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് സാമുവലിന്‍റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നത്. തീര്‍പ്പ്‌ കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ.

This post was last modified on April 2, 2018 12:08 am

Related Post
Leave a Comment