X

‘വിദ്വേഷത്തിന് അമേരിക്കയില്‍ സ്ഥാനമില്ല, വംശീയതയെയും വെള്ളക്കാരുടെ ആധിപത്യത്തെയും അപലപിക്കണം’- ട്രംപ്

ടെക്സാസിലും ഓഹിയോയിലും ഉണ്ടായ വെടിവയ്പില്‍ 29 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് പ്രസ്താവന

വിദ്വേഷ പ്രചാരണങ്ങള്‍ക്ക് യു.എസില്‍ സ്ഥാനമില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ടെക്സാസിലും ഓഹിയോയിലും ഉണ്ടായ വെടിവയ്പില്‍ 29 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. തോക്ക് നിയന്ത്രണ പരിഷ്‌കാരങ്ങള്‍, കൂട്ടക്കൊല ചെയ്യുന്നവര്‍ക്ക് വധശിക്ഷ തുടങ്ങിയവ ഉറപ്പാക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു. ടെക്‌സസിലും ഒഹായോവിലുമുണ്ടായ ആക്രമണങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ‘മാനസിക പ്രശ്‌ന’മാണെന്നാണ് ട്രംപിന്റെ നിലപാട്.

‘ഒരൊറ്റ ശബ്ദത്തില്‍, നമ്മുടെ രാഷ്ട്രം വര്‍ഗ്ഗീയതയെയും വെള്ളക്കാരുടെ ആധിപത്യത്തെയും അപലപിക്കണം. ഈ ദുഷിച്ച പ്രത്യയശാസ്ത്രങ്ങളെ പരാജയപ്പെടുത്തണം. വിദ്വേഷത്തിന് അമേരിക്കയില്‍ സ്ഥാനമില്ല’ എന്നാണ് വൈറ്റ് ഹൗസില്‍നിന്നും മാധ്യമ പ്രവര്‍ത്തകരെ കണ്ട ട്രംപ് പറഞ്ഞത്. കൊലയാളികള്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തി കേസേടുക്കുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എന്നതും ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ ഏജന്‍സികളും സോഷ്യല്‍ മീഡിയ കമ്പനികളും തമ്മില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുക, മാനസികാരോഗ്യ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക, അമേരിക്കന്‍ സംസ്‌കാരത്തില്‍ അന്തര്‍ലീനമായ ‘അക്രമങ്ങളുടെ മഹത്വവല്‍ക്കരണം’ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി നയങ്ങള്‍ പ്രസിഡന്റ് മുന്നോട്ടുവെക്കുന്നുണ്ട്. തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഭീഷണിയാണെന്ന് കരുതുന്ന വ്യക്തികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള കര്‍ശന നിയമങ്ങള്‍ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കാവുന്നവരെ മുന്‍കൂട്ടി തിരിച്ചറിയുകയും, അവര്‍ക്ക് തോക്കുകള്‍ ലഭിക്കില്ലെന്ന് ഉറപ്പുവരുത്തുകയും, അക്രമങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവരെ തടവിലാക്കുകയും ചെയ്യുന്നതടക്കമുള്ള നിയമങ്ങള്‍ ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു. മാത്രവുമല്ല, വിദ്വേഷകരമായ കുറ്റകൃത്യങ്ങളും കൂട്ടക്കൊലകളും ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ഏതുതരത്തിലുള്ള നിയമനിര്‍മാണമാണ് ആവശ്യം എന്നതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹം നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമൂഹത്തില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്ന ഇന്റര്‍നെറ്റിനെയും ‘ഭയാനകമായ’ വീഡിയോ ഗെയിമുകളെയും ട്രംപ് വിമര്‍ശിച്ചു. രണ്ടു തോക്കാക്രമണങ്ങളുണ്ടായിട്ടും പൊതുവേദിയില്‍ വന്ന് പ്രതികരിക്കാത്തത്തിന് ട്രംപ് കടുത്തവിമര്‍ശനം നേരിട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന ട്രംപിന്റെ സമീപനത്തിന്റെ ഫലമാണ് ഇത്തരം കൊലകള്‍ എന്നാണ് ഡെമോക്രാറ്റുകള്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്