X

തേങ്ങയേറ്, നടുവിരൽ നമസ്കാരം, പതിനെട്ടാം പടിയിലെ ആചാര ലംഘനം; വിശ്വാസത്തിന്റെ പേരിലുള്ള പേക്കൂത്തുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

സ്ത്രീകൾ എന്നല്ല, യഥാർത്ഥ ഭക്തരാരും തന്നെ ശബരിമലയിൽ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്. ര

ചിത്തിര ആട്ട വിശേഷത്തിന്‍റെ ഭാഗമായി ഇന്നലെ തുറന്ന ശബരിമല നട ഹരിവരാസനം പാടി അടക്കുമ്പോൾ ചരിത്രത്തിലില്ലാത്ത വിധം ആക്രമങ്ങളും, പുലഭ്യവും ആണ് സന്നിധാനത്ത് അരങ്ങേറിയത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം രണ്ടാമതായി നട തുറന്ന ഇന്നലെ കോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങൾ പലപ്പോഴും അതിരുകൾ ലംഘിച്ചു. പോലീസുകാർ കാഴ്ചക്കാരായി. വൻ പ്രതിഷേധവും, ചർച്ചകളുമാണ് ഇതുമായി ബന്ധപ്പെട്ടു നവമാധ്യമങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്.

ദര്‍ശനത്തിന് 50 വയസിന് മുകളില്‍ ഉള്ള സ്ത്രീകള്‍ വരെ എത്തുമ്പോള്‍ പ്രതിഷേധക്കാര്‍ ഇവര്‍ക്കെതിരേ തിരിയുന്നു. ഇക്കാര്യത്തിലും പൊലീസിന് നടപടി സ്വീകരിക്കാന്‍ സാധിക്കുന്നില്ല. വിവിധ സംഘങ്ങളായി സന്നിധാനത്തും നടപ്പന്തലുകളിലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ ചില സമയങ്ങളില്‍ ഒന്നിക്കുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയുമാണ്.

അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു. മാതൃഭൂമി ക്യാമറാമാന്‍ വിഷ്ണുവിന് നേരെ പ്രതിഷേധക്കാര്‍ തേങ്ങകൊണ്ട് എറിഞ്ഞു. കസേരകൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു.

ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെ ‘അടിച്ചു കൊല്ലെടാ അവളെ’ എന്നാക്രോശിച്ച് പ്രതിഷേധക്കാർ ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആയിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയതെങ്കിൽ അതെ സ്ത്രീയെ തേങ്ങാ കൊണ്ട് എറിയാൻ ഉന്നം നോക്കുന്ന യുവാവിന്റെ ചിത്രം ആണ് ഇന്ന് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതെല്ലാം നടക്കുമ്പോൾ ആ സ്ത്രീ പോലീസിന്റെ കര വലയത്തിനുള്ളിൽ ആണ് എന്ന് കൂടി ഓർക്കണം.

സന്നിധാനത്ത് കറുപ്പുടുത്ത ഒരു ആചാര സംരക്ഷകന്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രവും ഇന്നലെ ഏറെ ചർച്ചയായി. മാധ്യമപ്രവര്‍ത്തകരുടെ കാമറകളെ നോക്കിയാണ് ഈ പ്രകടനം. ഭീകരസംഘടനാ പ്രവര്‍ത്തകരെ പോലെ തുണി കൊണ്ട് മുഖം മൂടിയാണ് ഈ യുവാവ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വലിയ ചര്‍ച്ചയായിട്ടുണ്ട്. “ദൈവത്തിന് മുന്നില്‍ ഭക്തിയോടെ കൈകൂപ്പുന്നവരെ കണ്ടിട്ടുണ്ട്, ദൈവ സന്നിധിയില്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നമസ്‌കരിക്കുന്നവരെ ആദ്യം കാണുകയാണ്” എന്നതടക്കമുള്ള കമന്റുകളാണ് വരുന്നത്.

കൃത്യമായ മറ്റൊരു ആചാര ലംഘനം സന്നിധാനത്ത് നടത്തിയത് വിശ്വാസ സംരക്ഷകരുടെ വേഷം സ്വയം അണിഞ്ഞ സംഘപരിവാർ സംഘടനകളുടെ നേതാവ് വത്സൻ തില്ലങ്കേരി ആണ്. ശബരിമലയില്‍ താന്‍ ആചാര ലംഘനം നടത്തിയതായി വത്സന്‍ തില്ലങ്കേരി ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ തുറന്നു സമ്മതിച്ചിരുന്നു. അദ്ദേഹം 18ാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നില്‍ക്കുകയും പ്രതിഷേധക്കാരോട് സംസാരിക്കുകയും ചെയ്തതാണ് വിവാദമായത്.

18ാം പടിയിൽ പുറം തിരിഞ്ഞു നിൽക്കുന്നത് ആചാര ലംഘനമാണ്, മാത്രമല്ല തന്ത്രിക്കും പന്തളം ‘രാജാവി’നും മാത്രമേ ശബരിമലയിലെ ആചാര പ്രകാരം ഇരുമുടിക്കെട്ടില്ലാതെ ഇത്തരത്തില്‍ പതിനെട്ടാം പടി കയറാന്‍ അവകാശമുള്ളൂ എന്നാണ് തന്ത്രിയും പറയുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അധ്യാപകൻ മുണ്ടോളി നാരായണന്റെ വാക്കുകൾ ഇങ്ങനെ “ സ്ത്രീകൾ എന്നല്ല, യഥാർത്ഥ ഭക്തരാരും തന്നെ ശബരിമലയിൽ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്. രക്തം ചിന്താൻ, തല പൊളിക്കാൻ, തച്ചു കൊല്ലാൻ ദാഹിക്കുന്ന കൊലപാതകികളാണ്. അവർ അണിഞ്ഞിരിക്കുന്നത് ഭക്തരുടെ വേഷമാണെങ്കിലും, അവരുടെ മനസ്സിൽ ഭക്തിയല്ല ഒരു സ്ത്രീയെ, “അവളെ അടിച്ചു കൊല്ലടാ” എന്ന് ആർത്തട്ടഹസിച്ച്, കടിച്ചുകീറാൻ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയിൽ, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയിൽ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാൻ ഓങ്ങുന്ന ഒരു “യുവഭക്തൻ”. രണ്ടാമത്തേതിൽ, വായ മൂടിക്കെട്ടി, ‘ഭക്തിപൂജകമായ നടുവിരൽ ഉയർത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ‘യുവ അയ്യപ്പഭക്തൻ’.

ഇവരും, പിന്നെ പതിനെട്ടാം പടിയിൽ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താൻ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കിൽ അത് പൂങ്കാവനമല്ല, അക്രമ ഭൂമിയാണ്. അവർക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്.”

Related Post
Leave a Comment