X

ആശിച്ച് ലഭിച്ച ജോലിയുടെ ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി അധ്യാപികമാർ

അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജനങ്ങളുടെ സംഭാവന 1500 കോടി രൂപ കവിഞ്ഞു.

ആശിച്ചു കിട്ടിയ ജോലിയുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായിരിക്കയാണ് ദേവധാർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപകരായ മേരി ദയയും,ഷീജയും.

ഓഗസ്റ്റ് 10, 13 തീയതികളിലായാണ് ഇരുവരും ദേവധാർ സ്കൂളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചത്. സർക്കാരിൽ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളം എന്തുചെയ്യണമെന്ന് ആലോചിച്ചിരുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് എന്ന ആഹ്വാനം വന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ആദ്യ ശമ്പളം പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു.

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് തങ്ങൾ ശമ്പളം കൈമാറുന്നതെന്നു മേരി ദയ പറഞ്ഞു.

ആലപ്പുഴ ജില്ലയിൽ തന്നെ കായംകുളം സ്വദേശിയാണ് ഷീജ. പ്രളയ സമയത്ത് നാട്ടിൽ പോവാൻ ഏറെ പ്രയാസം അനുഭവിച്ചിരുന്നു ഈ പ്രയാസങ്ങളുടെ തുടർച്ചയെന്നോണമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും, കേരളം പുനർനിർമ്മിക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കുമ്പോൾ അതിനൊരു കൈത്താങ്ങ് ആവുകയാണ് താനെന്നും ഷീജ പറഞ്ഞു.

പ്രളയം നേരിട്ട് ബാധിക്കാത്ത ഈ പ്രദേശത്തുനിന്നും അധ്യാപകരും കുട്ടികളും നാട്ടുകാരും കാണിക്കുന്ന സഹായ മനോഭാവം കാണുമ്പോൾ പ്രളയം അനുഭവിച്ച തങ്ങൾക്ക് വല്ലാത്ത ആവേശം തോന്നുന്നതായും ഈ അധ്യാപകർ കൂട്ടിച്ചേർക്കുന്നു. താനൂരിലെ വാടകവീട്ടിൽ ഒരുമിച്ചാണ് ഇവർ താമസിക്കുന്നത് അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കൂടിയാലോചനയിൽ ശക്തമായ തീരുമാനമായിരുന്നു കൈക്കൊണ്ടത്.

അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജനങ്ങളുടെ സംഭാവന 1500 കോടി രൂപ കവിഞ്ഞു. ഇന്നുവരെ 1517.91 കോടിരൂപയാണ് നിധിയിലേക്ക് ലഭിച്ചത്. ഇലക്‌ട്രോണിക് പേമെന്റ് വഴി 188.98 കോടിരൂപയും യപിഐ/ക്യുആര്‍/വിപിഎ മുഖേനെ 52.2 കോടിയും ക്യാഷ്/ചെക്ക്/ആര്‍ടിജിഎസ് ആയി 1276.73 കോടിരൂപയും ലഭിച്ചിട്ടുണ്ട്.

This post was last modified on September 25, 2018 7:29 pm