X

സാലറി ചാലഞ്ച്: സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ നീക്കമുണ്ടാക്കിയ പ്രതികൂല വിധി

ഒക്ടോബര്‍ ഒന്‍പതിന് വന്ന ഹൈക്കോടതി വിധി തന്നെ വിഷയത്തിലെ കോടതി നിലപാട് വ്യക്തമാക്കുന്നതായിരുന്നു

സാലറി ചാലഞ്ചിലെ വിസമ്മത പത്ര വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയത്. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥയാണ് കോടതി നടപടിയിലേക്ക് നീണ്ടത്. ആരില്‍ നിന്നും നിര്‍ബന്ധിതമായി സംഭാവനകളോ വിസമ്മത പത്രമോ വാങ്ങാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. ഈ വിധിയോടെ സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുമ്പോള്‍ അത് അനാവശ്യമായ നീക്കത്തിന്റെ കുറ്റസമ്മതം കൂടിയായി മാറുകയാണ്. സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു.

സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ, ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് ഏറ്റ വന്‍തിരിച്ചടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത്. ഹൈക്കോടതിയില്‍ പ്രതികൂല വിധി നിലനില്‍ക്കെ അനാവശ്യമായി സുപ്രീം കോടതിയിലെ നിയമയുദ്ധത്തിലേക്ക് വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സാലറി ചാലഞ്ചിനെതിരെ എന്‍ജിഒ സംഘ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന സാലറി ചലഞ്ച് ഉത്തരവിലെ പത്താം വ്യവസ്ഥ ഈ മാസം ആദ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ഉത്തരവിനെതിരെയാണ് കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും വിസമ്മത പത്രം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. വ്യവസ്ഥ അത്യാവശ്യമാണെന്നും വിസമ്മത പത്രം ആവശ്യപ്പെടുന്നത് സ്റ്റേ ചെയ്ത നടപടി മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിടണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ ഒന്‍പതിന് വന്ന ഹൈക്കോടതി വിധി തന്നെ വിഷയത്തിലെ കോടതി നിലപാട് വ്യക്തമാക്കുന്നതായിരുന്നു. സാലറി ചലഞ്ച് പിടിച്ചുപറിയായി മാറരുതെന്ന് വരെ നിരീക്ഷിച്ച കോടതി വിസമ്മതപത്രം വാങ്ങിക്കുന്നതിലും സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയുണ്ടെന്നും പരാമര്‍ശം നടത്തിയിരുന്നു. സാലറി ചലഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചത്.

80 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചലഞ്ചിനെ അനുകൂലിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്ന കണക്ക്. ചലഞ്ചില്‍ പങ്കെടുക്കുക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നടക്കം പറയുമ്പോള്‍ തന്നെ ഭരണ പ്രതിക്ഷ സര്‍വീസ് സംഘടനകള്‍ തമ്മില്‍ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്കും തീരുമാനം നീണ്ടു. ഇതിനിടെ സാലറി ചലഞ്ചില്‍ പങ്കെടുത്തത് 60 ശതമാനത്തോളം ജീവനക്കാരെന്ന് സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്കി. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ 80 ശതമാനം അധ്യാപകര്‍ വിസമ്മതപത്രം നല്‍കിയതും വാര്‍ത്തായായി. ഇതിന് പുറമെയാണ് പണം നല്‍കാത്തവരുടെ പേരുവിവരങ്ങള്‍ പല വകുപ്പുകളും പ്രസിദ്ധീകരിച്ചത്. പ്രതികൂല നിലപാടെടുത്ത തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അതിനിടെ പാലക്കാട് ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് പ്രസിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വിസമ്മതപത്രം നല്‍കിയവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുന്നെന്ന കുറിപ്പോടെ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ വിയോജിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. വിവിധ തസ്തികകളിലായി 251 പേര്‍ ജോലിചെയ്യുന്ന പ്രസില്‍ വിസ്സമതപത്രം നല്‍കിയ 113 പേരുകളാണ് നോട്ടീസ് ബോര്‍ഡില്‍ പരസ്യമായി പ്രസിദ്ധപ്പെടുത്തിയത്. സെക്രട്ടേറിയറ്റില്‍ 4439 ജീവനക്കാരില്‍ 698 പേര്‍ വിസമ്മതപത്രം നല്‍കിയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ച് വഴി ദുരിതാശ്വാസനിധിയിലേക്ക് 2600 കോടി രൂപ കിട്ടുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ ഒരു മികച്ച നടപടിയായി മാറേണ്ട സാലറി ചാലഞ്ച് നിയമനടപടിയിലേക്ക് നീങ്ങിയതോടെ സര്‍ക്കാറിന് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കിയത്. ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ അത് നാട്ടുകാരെ അറിയിച്ച് അപമാനിതരാക്കാനായിരുന്നോ വിസമ്മതപത്രം എന്ന പരാമര്‍ശം അതില്‍ ഒന്നുമാത്രം. ശമ്പളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് സര്‍ക്കാറിന് ഉറപ്പാക്കാനാവുമോ എന്ന കോടതി പരാമര്‍ശം പദ്ധതിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി. വിസമ്മതപത്രം നല്‍കണമെന്നത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല എന്നു വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

സാലറി ചാലഞ്ച്: വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

വിസമ്മത പത്രം ആളുകളെ അപമാനിക്കുന്ന ഏര്‍പ്പാട്‌: സാലറി ചാലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി

സാലറി ചാലഞ്ച്: കോളേജ് അധ്യാപകരില്‍ 80% സര്‍ക്കാരിനോട്‌ ‘നോ’ പറഞ്ഞു

സാലറി ചലഞ്ച്: എതിര്‍പ്പറിയിച്ചത് വിവാദമായി; കിട്ടിയ സ്ഥലംമാറ്റവും റദ്ദായതിന് പിന്നില്‍

This post was last modified on October 30, 2018 10:07 am