വയസ്സായവരെ എല്ലാവരെയും തെക്കോട്ടെടുക്കണമെന്നാണോ ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശാരദക്കുട്ടി. കുറെക്കാലമായില്ലേ ഇനി പോയി ചത്തൂടെ എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ശാരദക്കുട്ടി ബിജെപി നേതാവിനോട് ചോദിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വയസ്സായവരെ തെക്കോട്ടെടുക്കണമെന്ന ശോഭയുടെ പ്രസ്താവനയ്ക്കെതിരെയാണ് ശാരദക്കുട്ടി പ്രതികരിച്ചിരിക്കുന്നത്. ‘കോടിയേരി ബാലൃഷ്ണന്‍ ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ആലോചിക്കണം. അങ്ങ് ഈ കലാപരിപാടിയൊക്കെ അവസാനിപ്പിക്കണം. തെക്കോട്ടെടുക്കണ്ടേ, വയസെത്രയായി’ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം.
‘വെളിവറ്റൊരഴുക്കു കുണ്ടില്‍ വീണളിവു ദുര്ഡജ്ജന പാപ ചേതന’ എന്ന് കുമാരനാശാന് എഴുതിയത് ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സത്യമായി. കൂടാതെ ശോഭയുടെ വാക്കുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പരിണിത ഫലങ്ങളെന്താണെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നു. വലിയ മാളങ്ങളില്‍ നിന്നിറങ്ങി വന്ന് വിഷസര്‍പ്പങ്ങള്‍ വിഷം ചീറ്റിയിട്ട് പോകും. നാട്ടുകാര്‍ വിഷവായു ശ്വസിച്ച് ശ്വാസം മുട്ടി മരിക്കും. എന്നാണ് ശാരദക്കുട്ടി പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഇത്തരത്തില്‍ വിമര്‍ശിക്കുമ്പോള്‍ അത് പ്രകോപനം സൃഷ്ടിക്കുമെന്നും അതിന് ഉത്തരവാദി ശോഭ സുരേന്ദ്രനായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ശാരദക്കുട്ടി. വീടും മുറ്റവും അടിച്ചു കഴുകി ചാണകം തെളിച്ചത് കൊണ്ട് മാത്രം കാര്യമില്ല. സ്വന്തം വായും മനസും വൃത്തിയാക്കാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണെന്നും ശാരദക്കുട്ടി ശോഭയോട് നിര്‍ദ്ദേശിക്കുന്നത്.