X

മയിലിന്റെ കണ്ണീര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ: രാജസ്ഥാന്‍ ജഡ്ജിക്ക് പൊങ്കാല

മയില്‍ ബ്രഹ്മചാരിയായതുകൊണ്ടാണ് ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്നലത്തെ വിധിയോടെ വിരമിച്ച ജസ്റ്റിസ് ശര്‍മ്മയുടെ കണ്ടെത്തല്‍.

ഒരിക്കലും ഉറങ്ങാത്ത സമൂഹമാധ്യമങ്ങള്‍ക്ക് വിഷയദാരിദ്ര്യവും ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇന്ത്യയിലാണെങ്കില്‍ കുറച്ചുദിവസമായി കേന്ദ്രസര്‍ക്കാരിന്റെ കശാപ്പിനായുള്ള കന്നുകാലി കച്ചവട നിരോധനമായിരുന്നു സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ആ ട്രെന്‍ഡിന് യാതൊരു മാറ്റവും വന്നില്ല. ആ ചൂടാറുന്നതിന് മുമ്പ് ഇതാ സമൂഹമാധ്യമങ്ങള്‍ക്ക് മറ്റൊരു വിഷയം കൂടി ലഭിച്ചിരിക്കുന്നു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ്മയുടെ മറ്റൊരു പരാമര്‍ശമാണ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

മയില്‍ ബ്രഹ്മചാരിയായതുകൊണ്ടാണ് ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്നലത്തെ വിധിയോടെ വിരമിച്ച ജസ്റ്റിസ് ശര്‍മ്മയുടെ കണ്ടെത്തല്‍. സിഎന്‍എന്‍ ന്യൂസ് 18 ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ആണ്‍മയില്‍ പെണ്‍മയിലുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെയാണ് പ്രത്യുല്‍പ്പാദനത്തിലേര്‍പ്പെടുന്നതെന്നും പെണ്‍മയില്‍ ആണ്‍ മയിലിന്റെ കണ്ണുനീര്‍ കുടിക്കുമ്പോഴാണ് ഗര്‍ഭം ധരിക്കുന്നതെന്നുമാണ് അദ്ദേഹം ഇതിന് നല്‍കുന്ന വിശദീകരണം. ശ്രീകൃഷ്ണന്‍ മൈല്‍പ്പീലി തലയില്‍ ചൂടുന്നതിന് കാരണം അതാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍.

അതേസമയം ശര്‍മയുടെ ‘വെളിപ്പെടുത്തല്‍’ പുറത്തുവന്നത് മുതല്‍ സമൂഹമാധ്യമങ്ങള്‍ അതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. ഇന്നലെ വൈകുന്നേരത്തോടെ കേരളത്തിലെ ഫേസ്ബുക്ക് ഉപയോക്താക്കാള്‍ ആരംഭിച്ച ചര്‍ച്ച ഇന്നും തുടരുകയാണ്. ട്രോളര്‍മാരാണ് ഇതിനെ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആണ്‍മൈലും പെണ്‍മൈലും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോകളും പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.

പതഞ്ജലി ഇനി മയില്‍ കണ്ണീരുകൊണ്ട് ടാബ്ലറ്റ് ഉണ്ടാക്കി വില്‍ക്കുമെന്നാണ് സാമൂഹിക പ്രവര്‍ത്തകയും അഭിനേത്രിയുമായ മാല പാര്‍വതി ജഡ്ജിയുടെ നിരീക്ഷണത്തെ പരിഹസിക്കുന്നത്. ‘തെറ്റ് വല്ലതും നടക്കുമോയെന്നറിയാന്‍ കാട്ടിലിറങ്ങിയ സംഘികളെ കണ്ട് കണ്ണുനീര്‍ പൊഴിച്ച ഏതോ മയിലാണ് ഇവരെക്കൊണ്ട് ഇങ്ങനെ ഒരു കഥ പറയിച്ചത്. ആ മയില്‍ നാളത്തെ പത്രം വായിച്ച് ചിരിച്ച് ചിരിച്ച്.. ഹൊ.. എനിക്ക് ഓര്‍ക്കാന്‍ വയ്യ ആ വീട്ടിലെ സീന്‍!’ എന്നാണ് ഈ വിഷയത്തില്‍ ഇന്നലെ ഒട്ടനവധി പോസ്റ്റുകളിട്ട ഇവര്‍ മറ്റൊരു പോസ്റ്റില്‍ പറയുന്നത്. അതേസമയം ഇതിനും ന്യായീകരണവുമായി പലരും രംഗത്തെത്തുന്നുണ്ട്. തനിക്ക് ലഭിച്ച ഒരു മറുപടിയും പാര്‍വതി പങ്കുവയ്ക്കുന്നു.

മണ്ടത്തരങ്ങള്‍ എഴുതിവച്ചിരിക്കുന്ന മതഗ്രന്ഥങ്ങള്‍ തന്നെയല്ലെ ഇപ്പോഴും പിള്ളാരെ പഠിപ്പിക്കുന്നത്. അവരെല്ലാം തന്നെയല്ലേ വളര്‍ന്ന് ഡോക്ടറും ജഡ്ജിയുമാകുന്നതെന്ന് ചോദിക്കുന്നത് മായാ ലീലയാണ്.

എഴുത്തുകാരനായ വി.എം ദേവദാസ് ഇതിനെ കുറച്ച്കൂടി രസകരമായാണ് പരിഹസിച്ചിരിക്കുന്നത്.  പാഠപുസ്തകത്തിനകത്ത് ആകാശം കാണാതെ ഒളിപ്പിച്ചു വച്ച പീലിത്തുണ്ടിനെപ്പോലെ തന്റെ കുട്ടിക്കാലത്തു കേട്ട ഒരു മിത്തിനെ ഈ പ്രായത്തിലും ഒരു കൗതുകമായി കൂടെക്കൊണ്ട് നടക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്ന മഹേഷ് ശർമ്മയുടെ നിർമ്മല മനസ്സിന് മുന്നിൽ കണ്ണടച്ച് വണങ്ങുന്നു എന്നാണ് ദേവദാസിന്റെ പോസ്റ്റ്‌.

രാജസ്ഥാന്‍ ജഡ്ജിയുടെ പമ്പര വിഡ്ഢിത്തം നമ്മെ ഇന്ന് ഏറെ ചിരിപ്പിക്കുന്നുണ്ടെന്നത് അവിടെ നില്‍ക്കട്ടെയെന്നും സംഘപരിവാര്‍ വര്‍ഷങ്ങളായി മുന്നോട്ട് വയ്ക്കുന്ന ഇത്തരം മണ്ടത്തരങ്ങള്‍ ഏറ്റുപറയുന്നവര്‍ നമ്മുടെ ജുഡീഷ്യറിയുടെ ഉന്നതങ്ങളില്‍ വരെ കയറിക്കൂടിയിരിക്കുന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്ന് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പിജി പ്രേംലാല്‍ അഭിപ്രായപ്പെടുന്നു. ഈ രാജസ്ഥാന്‍ ജഡ്ജിയെ നിയമിച്ചതാകട്ടെ കൊളീജിയവും. ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഇനിയും അസ്തമിച്ചിട്ടില്ല. അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പകരം മാനസിക സ്ഥിരതയില്ലാത്തവനെന്ന് മുദ്രകുത്തി അദ്ദേഹത്തെ ജയിലില്‍ അടയ്ക്കാനായിരുന്നു സുപ്രിം കോടതിക്ക് ആവേശം. ഇതേ സുപ്രിം കോടതി ഇത്തരം പമ്പര വിഡ്ഢികളായ ന്യായാധിപന്മാര്‍ക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഹിന്ദുത്വ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള നിരവധി ന്യായാധിപന്മാരാണ് രാജ്യത്തെമ്പാടുമിരുന്ന് വിധിയെഴുതുന്നതെന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി ദേവതയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുകയാണ്. ഇവര്‍ മതേതര ഇന്ത്യയെന്ന ഭരണഘടനാനുസൃതമായ നിലപാടിനെ അട്ടിമറിക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതിനെതിരായ അതിശക്തവും ജനകീയവുമായ പ്രതിഷേധങ്ങളും എതിര്‍ശബ്ദങ്ങളും കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നുവെന്നാണ് പ്രേംലാല്‍ പറയുന്നു.

ന്യായാധിപന്മാരുടെ വിധിന്യായങ്ങള്‍ വിലയിരുത്താന്‍ പ്രഗത്ഭരും നിഷ്പക്ഷമതികളെന്ന് പേരെടുത്തവരുമായ റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന ഒരു സംവിധാനം ഇനിയെങ്കിലും സ്ഥാപിതമാകണമെന്നാണ് ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.

പലരും പലവിധത്തിലുള്ള അഭിപ്രായങ്ങളും പരിഹാസങ്ങളുമായി ജഡ്ജിയെ വിമര്‍ശിച്ചപ്പോള്‍ അഭിജിത്ത് കെ എ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വരച്ച ചിത്രം വേറിട്ട ഒന്നായി. ബ്രഹ്മചാരി മയില്‍ എന്ന തലക്കെട്ടിലാണ് അഭിജിത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യവ്യാപകമായി ഗോവധ നിരോധനം നടപ്പാക്കണമെന്ന് വിധിക്കുകയും മയില്‍ കണ്ണീരിനെക്കുറിച്ച് പ്രസ്താവന നടത്തുകയും ചെയ്ത ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മയുടെ ചരിത്രം പരിശോധിച്ചാലും അദ്ദേഹത്തിന്റെ ബിജെപി അനുകൂല നിലപാട് വ്യക്തമാകും. 2007ല്‍ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് ശര്‍മ്മ ധാരാസിംഗ് വ്യാജ ഏറ്റുമുട്ടല്‍ കേസ്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്കെതിരെയുണ്ടായ അപകീര്‍ത്തി കേസ്, ഹൈക്കോടതി ജഡ്ജിമാരും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ഉള്‍പ്പെട്ട വിവിധ ഭൂമി കേസുകളും പരിഗണിച്ച ന്യായാധിപനാണെന്നും ഇവിടെ മനസിലാക്കേണ്ടതുണ്ട്. കള്ളക്കടത്തുകാരനായ ധാരസിംഗിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതിന് കുറ്റാരോപിതനായ പോലീസ് കോണ്‍സ്റ്റബിള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇദ്ദേഹം പരിശോധിച്ചത്. 2012 ഏപ്രില്‍ ആറിലെ വിധി പ്രസ്താവനയില്‍ അദ്ദേഹം അന്വേഷണ ഏജന്‍സിയായ സിബിഐ ശാസിക്കുന്നത് ഇങ്ങനെയാണ്.’നിങ്ങള്‍ കുറ്റാരോപിതരെ ബഹുമാനിക്കണം, അവര്‍ക്ക് ചായ വാങ്ങിനല്‍കുകയും ജുഡീഷ്യല്‍ കസ്റ്റഡിയ്ക്കനുസരിച്ച് പരിഗണന നല്‍കി അവരെ ജയിലിലടയ്ക്കുകയും വേണം. സിബിഐ രൂപീകരിച്ചതിന്റെ ലക്ഷ്യം കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ്’.

ഇതേവര്‍ഷം തന്നെ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അപമാനിച്ചുവെന്ന് കാണിച്ച് രാജസ്ഥാന്‍ സ്വദേശി നല്‍കിയ ഹര്‍ജി ഇദ്ദേഹം തള്ളിയിരുന്നു. നൂറോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് ചട്ടങ്ങള്‍ ലംഘിച്ച് 99 വര്‍ഷം പാട്ടത്തിന് നല്‍കിയ കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ അദ്ദേഹം കുറ്റവിമുക്തയാക്കുകയായിരുന്നു. ഇടപാടിന് മുഖ്യമന്ത്രി അനുമതി നല്‍കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഒട്ടനവധി വിചിത്രമായ വിധികള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ പലതിനും സാങ്കേതികതയുടെയും യുക്തിയുടെ പിന്‍ബലം നല്‍കാന്‍ ന്യായാധിപന്മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ യുക്തിരഹിതമായ ഒരു പരാമര്‍ശം വിധിന്യായത്തിലല്ലെങ്കിലും ഒരു ജഡ്ജി ഉന്നയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി നാം പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഗോവധവുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ച് വിരമിച്ചതിന് മണിക്കൂറുകള്‍ക്കകം അനുവദിച്ച അഭിമുഖത്തിലാണ് ഈ പ്രസ്താവന വന്നതെന്ന് കൂടി കണക്കാക്കുമ്പോള്‍. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് ജഡ്ജിമാരുടെ (അത് വിരമിച്ചവരായാലും) പ്രസ്താവനകള്‍ നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ലെന്നും ഓര്‍ക്കണം.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on June 1, 2017 4:44 pm