X

‘ഞാൻ ഇങ്ങനെ ഒക്കെ തന്നെയാണ്, ആളുകൾ പറയുന്നത് കേട്ട് ടെൻഷൻ അടിക്കാൻ നേരമില്ല’ :നെഹ്രുവിന്റെ ജീവിതം ഓട്ടം തുള്ളലാക്കിയ ടീച്ചർ

സന്തോഷം ഉണ്ട് ഞാൻ വൈറൽ ആകാൻ ചാച്ചാജി തന്നെ വേണ്ടി വന്നല്ലോ എന്നോർക്കുമ്പോൾ.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നവമാധ്യമങ്ങളിൽ ഏറ്റവും വൈറൽ ആയ വീഡിയോ ശിശുദിനത്തിൽ വിദ്യാർഥികൾക്ക് നെഹ്‌‌റു ആരെണെന്നു പറഞ്ഞു കൊടുക്കാൻ പ്രസംഗത്തിനും, പാട്ടിനും പകരം ഒാട്ടൻ തുള്ളലിന്റെ രീതിയിൽ വരികൾ തയാറാക്കി ചുവടുവച്ചങ്ങ് പഠിപ്പിക്കുന്ന ടീച്ചറുടെ വീഡിയോ ആയിരുന്നു. ടീച്ചറുടെ ഈ പ്രകടനത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും.

തൃക്കരിപ്പൂർ സെന്റ് പോൾ ജി യു പി എസിലെ പ്രീ പ്രൈമറി അധ്യാപികയായ എം വി ഉഷയാണ് സോഷ്യൽ മീഡിയയിലെ താരം ആയി മാറിയ ഈ കക്ഷി. അസാധ്യ പെർഫോമൻസും, എനർജിയും കൊണ്ട് കാഴ്ചക്കാരുടെ മനസ്സ് നിറച്ച ഈ താരത്തെ കണ്ടെത്തിയത് വനിതാ ഓൺലൈൻ പോർട്ടൽ ആണ്.

വനിത ഓൺലൈൻ പോർട്ടലിനു ഉഷ ടീച്ചർ നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ :

ശിശു ദിനത്തിൽ ചാച്ചാജിയെ കുറിച്ച് കുട്ടികൾക്ക് എന്തെങ്കിലും മനസ്സിലാകുന്ന തരത്തിൽ ചെയ്യണം എന്ന ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സോഷ്യൽ മീഡിയ പറയും പോലെ ഞാൻ ഓട്ടം തുള്ളൽ കലാകാരിയൊന്നുമല്ല. ആകെയുള്ള ബന്ധം എന്റെ മകൾ ഓട്ടം തുള്ളൽ അഭ്യസിച്ചിട്ടുണ്ട്. ശീലുകൾക്കൊപ്പിച് നെഹ്‌റുവിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്സ് ചെയ്തു അവതരിപ്പിച്ചത് ഞാനാണ്. ക്ലാസ്സിൽ അവതരിപ്പിക്കുന്നത് പോലെ സ്പെഷ്യൽ അസ്സംബിലിയിലും അവതരിപ്പിച്ചു. പക്ഷെ അതാരെങ്കിലും വീഡിയോ എടുക്കുമെന്നോ, വൈറലാകുമെന്നോ ഞാൻ കരുതിയിരുന്നില്ല.

അധ്യാപന രംഗത്ത് 10 വര്ഷം പൂർത്തിയായി കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് ആടിയൂം, പാടിയൂം, അഭിനയിച്ചും ഒക്കെ തന്നെ ആണ് കുട്ടികൾക്ക് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ, ഇതൊക്കെ നാണക്കേടല്ലേ എന്ന തരത്തിൽ ഒന്നും ചിന്തിക്കാറില്ല.

സോഷ്യൽ മീഡിയയിൽ പ്രോത്സാഹനത്തിനൊപ്പം തന്നെ ചില കളിയാക്കലുകളും കുത്തു വാക്കുകളും കണ്ടിരുന്നു. ടീച്ചർക്ക് ബാധ കയറിയോ, നെഹ്‌റു ഇത് സഹിക്കുമോ തുടങ്ങിയ കമന്റുകൾ. ഇതൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ല, ഞാൻ മൈൻഡ് ചെയ്യാനും പോകുന്നില്ല. കളിയാക്കുന്നവർ അത് തുടരട്ടെ, ഞാൻ ഇങ്ങനെ ഒക്കെ തന്നെയാണ് ഉദാഹരണത്തിന് സിംഹരാജന്റെ കഥ പറയാൻ ആണ് എന്റെ ഭാവം എങ്കിൽ ഞാൻ സിംഹമാകും. കുട്ടിക്കഥകളിലെ മല്ലനും മാധവനുമായി ഞാൻ എത്രയോ തവണ വേഷം കെട്ടിയിരിക്കുന്നു.

വീഡിയോ വൈറൽ ആയ വഴിയോ അതിന് കരണക്കാരായവരെയോ ഞാൻ അന്വേഷിച്ചിട്ടില്ല. എന്റെ മകൾക്ക് ചില മോശം കമന്റുകൾ കേൾക്കേണ്ടി വന്നു. നിൻറ്റെ അമ്മയ്ക്കിതെന്തു പറ്റി ? അവൾ ഇതെന്നോട് പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയി പക്ഷെ കുത്തു വാക്കുകൾ പറഞ്ഞവർ തന്നെ അഭിനന്ദനവും ആയി വന്നപ്പോൾ അവളും ഹാപ്പി ആയി. ഗൾഫിലുള്ള ഭർത്താവ് രാമകൃഷ്ണനും എന്നെ നന്നായി അറിയാം. ഒരു കളിയാക്കലിന്റെയും പേരിൽ വിഷമിക്കരുത് എന്നാണു അദ്ദേഹം പറഞ്ഞത്.

ഒന്നോർത്താൽ സന്തോഷം ഉണ്ട് ഞാൻ വൈറൽ ആകാൻ ചാച്ചാജി തന്നെ വേണ്ടി വന്നല്ലോ എന്നോർക്കുമ്പോൾ. പുഞ്ചിരിയോടെ ടീച്ചർ തന്റെ വാക്കുകൾക്ക് വിരാമമിട്ടു.

This post was last modified on December 6, 2018 1:36 pm