X

‘എവിടെ എവിടെ സ്വാതന്ത്ര്യം, എവിടെ എവിടെ ജനാധിപത്യം’; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ തെരുവിലിറങ്ങി വിദ്യാർത്ഥികൾ

സംഘടനയ്ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ എസ്എഫ് ഐ ജില്ലാ നേതൃത്വം നിഷേധിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘർഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിന് പിന്നാലെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ഇടത് അനുകൂല സംഘടനായായ എസ്എഫ്ഐക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളജിലെ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിന് പിന്നാലെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിലാണ് കോളേജ് ഭരിക്കുന്ന വിദ്യാർത്ഥി സംഘടനയ്ക്കെതിരെ തന്നെ കുട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോളേജ് ഗേറ്റുൾപ്പെടെ ഉപരോധിച്ച വിദ്യാർത്ഥികൾ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് എസ്എഫ്ഐക്ക് എതിരെ ഉയർത്തിയത്. എവിടെ എവിടെ സ്വാതന്ത്ര്യം, എവിടെ എവിടെ ജനാധിപത്യം എന്നുൾപ്പെടെയായിരുന്നു മുദ്രാവാക്യങ്ങൾ. സംഘടനയ്ക്ക് പൂർണ ആധിപത്യമുള്ള ക്യാംപസിലാണ് ഇത്തരത്തിൽ വൻ പ്രതിഷേധം ഉയർന്നത്. എസ്എഫ്ഐ യുനിറ്റ് കമ്മിറ്റി പിരിച്ച് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെ‍ട്ടു. വിദ്യാർത്ഥികൾ കുട്ടം കൂടി ഇരുന്ന് പാട്ടുപാടിയതാണ് യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിക്ക് നെഞ്ചിൽ കുത്തേൽക്കുന്നതിന് കാരണമായ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

യുനിറ്റ് അംഗങ്ങൾക്ക് വിദ്യാര്‍ത്ഥികളുടെ നടപടി ഇഷ്ടപ്പെട്ടില്ലെന്നും അകാരണമായി ആക്രമിക്കുകയായിരുന്നെന്നും വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മരച്ചുവട്ടിൽ നിന്നും കോളജ് ഗേറ്റ് വരെയും തിരിച്ചും മർദ്ദിച്ചെന്നും പെൺകുട്ടികൾ ഉൾപ്പെടെ പറയുന്നു. അതിനിടെ ബൈക്ക് റൈസ് ചെയ്ക സംഭവത്തിലാണ് സംഘർഷത്തിന് തുടക്കമായതെന്നും റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാർത്ഥികളെ കുത്തിയവര്‍ കോളജിനകത്ത് ഉണ്ടെന്നും അവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണു വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.

മുന്നാം വർഷ ബിരുദ വിദ്യാർത്ഥികളും എസ്എഫ് ഐ പ്രവർത്തകരുമാണ് എറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഘടനയ്ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ എസ്എഫ് ഐ ജില്ലാ നേതൃത്വം നിഷേധിച്ചു. ക്യാംപസിലുണ്ടായത് രണ്ട് ഡിപാർട്ട്മെന്റുകൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ പക്ഷം പിടിച്ചതിനാലാണെന്നും ജില്ലാ സെക്രട്ടറി റിയാസ് വഹാബ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കുന്നു. വിഷയത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തിയാൽ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി യുനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെ ഉയര്‍ന്ന പുതിയ സംഭവത്തിൽ വീണ്ടും സംഘടന പ്രതിസ്ഥാനത്ത് എത്തുമ്പോൾ അന്ന് ഉയർന്ന ആരോപണങ്ങൾ തന്നെയാണ് ഇപ്പോഴും എന്നതും ശ്രദ്ധേയമാണ്. നിരന്തരം ആരോപണം ഉയർന്നിട്ടും ശൈലിയിൽ മാറ്റം വരുത്താൻ എസ്എഫ്ഐ തയ്യാറെല്ലാന്നതിന്റെ സൂചനായണ് പുതിയ സംഭവങ്ങളെന്നാണ് വിലയിരുത്തൽ. എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തി സെക്രട്ടറിയേറ്റ് മാർച്ചിന് കൊണ്ടുപോയെന്നും സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായെന്നുമാണ് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കുറിപ്പിൽ ആരോപിച്ചത്.

സമാനമാണ് ഇപ്പോഴുയരുന്നതും, സംഘടനാ നേതാക്കൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ വിദ്യാർത്ഥികൾ ഒന്നും ചെയ്യാൻ പാടില്ല, അവരുടെ കൂടെ അവർക്ക് വേണ്ടി സംസാരിച്ചാൽ പ്രശ്നമില്ല. യൂണിറ്റിലെ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പതിമൂന്ന് പേരും ഒരുമിച്ച് വന്ന് ആക്രമിക്കുകയാണ് പതിവെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാര്‍ഥി നേതാക്കള്‍ പെരുമാറുന്നതു ഗുണ്ടകളെപോലെയാണെന്നാണ് മറ്റൊരു ആരോപണം. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റികളില്‍ ഉള്ളവര്‍ ക്ലാസില്‍ കയറാറില്ല. നിര്‍ബന്ധിത പണപിരിവു നല്‍കണം. ഇല്ലെങ്കില്‍  എസ്എഫ്ഐ അനുഭാവികളാണെങ്കിലും  മര്‍ദനം നേരിടേണ്ടിവരും.  പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ക്കുപോലും മര്‍ദനം ഏറ്റിട്ടുണ്ട്. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ മുഖവിലയ്ക്കെടുക്കാറില്ല. അധ്യാപകര്‍ ഇടതു സംഘടനയില്‍പ്പെട്ടവരായതിനാല്‍ എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുകയാണു പതിവെന്നും കുട്ടികൾ ആരോപിച്ചു.

പ്രതിഷേധത്തിനിടെ ക്യാപസിലെ യുണിയൻ ഓഫീസും വിദ്യാർത്ഥികൾ കയ്യേറി. ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബോർഡുകൾ ഉള്‍പ്പെടെ വിദ്യാർത്ഥികൾ തകർത്തു. ആയുധങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുന്നെന്ന് ആരോപണം ഉയർന്ന ഓഫീസാണ് വിദ്യാർത്ഥികൾ കയ്യേറിയത്. സംഘർഷത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരെ പുറത്താക്കാനും ശ്രമം നടന്നു. ഇതിന് പിന്നാലെ നേതാക്കൾ ഉൾപ്പെടെയെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

എസ്എഫ്ഐക്കാർ തമ്മിലടിച്ചു, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

This post was last modified on July 13, 2019 8:17 am