X

അണ്ണാദുരൈ, എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ കാവി പുതച്ചത് ആര്? അന്വേഷണം തുടങ്ങി

നേരത്തെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈ, എംജിആര്‍, ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാര്‍ എന്നിവരുടെ പ്രതിമകളില്‍ കാവിത്തുണി പുതച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് ചുറ്റും കാവി തുണി പുതച്ച് അതിന് മുകളില്‍ മാലയും ഇട്ടിരിക്കുന്ന രീതിയിലാണ് പ്രതിമകള്‍ കണ്ടത്.

നാമക്കലിലാണ് സംഭവം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം തുടങ്ങി. നേരത്തെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പെരിയാര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് പെരിയാറിന്റെ പ്രതിമ തകര്‍ത്തത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു.

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതു പോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കണമെന്നായിരുന്നു രാജയുടെ ആഹ്വാനം. ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അതേസമയം നാമക്കലിലെ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

This post was last modified on March 16, 2018 11:01 am