X

അയ്യപ്പ സ്വാമിക്ക് ശരണം വിളിക്കാൻ പറഞ്ഞപ്പോൾ ഗുരുസ്വാമിക്ക് ശരണം വിളിച്ച് കണ്ണന്താനം; യുവതീപ്രവേശത്തിന് പരിഹാരക്രിയയുമായി സുരേഷ് ഗോപി

കച്ചവടം കച്ചവടം തന്നെ അത് വിശ്വാസത്തിന്റെ പേരിലാണെനിക്കിലും

തന്നെ ആളുകൾ എന്തും പറഞ്ഞു കളിയാക്കിക്കൊള്ളട്ടെ. അൽഫോൻസ് കണ്ണന്താനം സഹിക്കും. പക്ഷെ ഇതിപ്പോൾ അങ്ങനെയാണോ? ബി ജെ പിയുടെ എല്ലാമെല്ലാമായ അമിത്ഷായുടെ ശരീരത്തെയല്ലേ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കളിയാക്കിയത്! കേരള സർക്കാരിനെ വലിച്ചു താഴെയിടാൻ ഈ തടി മതിയാകില്ലെന്നു മാത്രമായിരുന്നു പറഞ്ഞതെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു. എന്നാൽ അത് മാത്രമല്ലല്ലോ അമിത്ഷായുടെ ശരീരത്തിൽ പാതിയും വെറും വെള്ളമാണെന്നുകൂടി പറഞ്ഞു കളഞ്ഞില്ലേ. അപ്പോൾ പിന്നെ എങ്ങനെ സങ്കടം വരാതിരിക്കും? കേരളത്തിലെ ഇപ്പോഴത്തെ ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയോ മുൻ അധ്യക്ഷന്മാരോ പ്രതികരിച്ചില്ലെങ്കിലും കണ്ണന്താനത്തിനു പ്രതികരിക്കാതിരിക്കാൻ കഴിയില്ലല്ലോ. കാരണം തന്നെ രാജ്യസഭ മെമ്പറായാക്കിയതും കേന്ദ്ര മന്ത്രിയാക്കിയതുമെല്ലാം സാക്ഷാൽ അമിത് ഷാ ജിയല്ലേ! അപ്പോൾ പിന്നെ വിഷയം ശബരിമലയാണെങ്കിലും അയ്യപ്പനെക്കാൾ കണ്ണന്താനംജിക്ക് ഇപ്പോൾ കൺകണ്ട ദൈവം അമിത് ഷാ ജി തന്നെ. അമിത് ഷാ അയ്യപ്പ സ്വാമിക്ക് ശരണം വിളിക്കാൻ പറഞ്ഞപ്പോൾ കണ്ണന്താനം ഗുരുസ്വാമിക്ക് ശരണം വിളിക്കുന്നുവെന്നു കൂട്ടിയാൽ മതി.

ശബരിമലയുമായി ബന്ധപ്പെട്ടു ഇന്നിപ്പോൾ സംജാതമായിട്ടുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തെ ബി ജെ പിക്കു അനുകൂലമാക്കി മാറ്റുക എന്ന അജണ്ട മാത്രമേ ഇപ്പോൾ കണ്ണന്താനത്തിന്റെ മുന്നിലുള്ളുവെന്നത് വ്യക്തം. അല്ലെങ്കിൽ പിന്നെ ‘എന്നെ പറഞ്ഞാലും അമിത് ഷാ ജിയെ പറയരുതെന്ന’ വാദവുമായി രംഗത്ത് വരില്ലായിരുന്നു. (അച്ഛനെ പറഞ്ഞാലും പാർട്ടിയെ പറയരുതെന്ന് പറഞ്ഞവരൊക്കെ ഒരു കാലത്തു ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. ഇന്നിപ്പോൾ അച്ചന്മാർ പാർട്ടിയേക്കാൾ ഏറെ വളർന്നു കഴിഞ്ഞു. അവർ വളരുക മാത്രമല്ല പന്തലിച്ചു നിൽക്കുകയുമാണ്) പകരം അമിത് ഷാ കൊടുത്തില്ലെങ്കിലും അമിത് ഷാ ഭക്തൻ കണ്ണന്താനത്തിനു ഒരു ഡിഫമേഷൻ ഹർജി നൽകാവുന്നതേയുള്ളു. അതിനു കൂട്ടാക്കാതെ പിണറായി വിജയൻ അമിത് ഷായെ കായികമായി വെല്ലുവിളിച്ചുവെന്ന ഒരു സങ്കട ഹർജിയാണ് ടിയാൻ കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ വെക്കുന്നത്.

എന്നാൽ കണ്ണന്താനം ജിയെ പോലല്ല നമ്മുടെ ശോഭ സുരേന്ദ്രൻ. ‘ഞങ്ങളെപ്പറഞ്ഞാൽ നിങ്ങളേം പറയും’ എന്ന വാശിയിൽ തന്നെയാണ് ശോഭ. ഞങ്ങളുടെ നേതാവ് അമിത് ഷാ ജിയുടേത് വെറും പൊണ്ണത്തടിയാണെങ്കിൽ പിണറായി വിജയന്റേതു കാതലില്ലാത്ത അകം നിറയെ പൊത്തുകളുള്ള ഒന്നാണെന്നാണ് സഭയുടെ കണ്ടു പിടിത്തം. തൊട്ടു നോക്കിയ പലർക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നല്ലാതെ താൻ നേരിട്ട് തൊട്ടു മനസ്സിലാക്കിയെന്നൊന്നും ശോഭ പറയാതിരുന്നത് ഭാഗ്യം.

ശോഭ സുരേന്ദ്രനും കണ്ണന്താനവും തടിയിൽ പിടിച്ചു കടിക്കുന്നതിനിടയിൽ മറ്റൊരാൾ കൂടി രംഗത്ത് വന്നിട്ടുണ്ട്: സുരേഷ് ഗോപി എം പി. സത്യം പറയണമല്ലോ ആളൊരു സമാധാന കാംക്ഷിയാണ്. സിനിമയും ജീവിതവും രാഷ്ട്രീയവുമൊക്കെ വ്യത്യസ്തമാണെന്ന് നന്നായി അറിയുന്നത് കൊണ്ടാവാം അദ്ദേഹം സിനിമയിലെ തന്റെ കഥാപാത്രങ്ങളുടെ പതിവ് ഗോഗ്വായ് വിളികൾ ഒഴിവാക്കി ശബരിമല വിഷയത്തിൽ ഒരു കോമ്പ്രമൈസ് ഫോർമുലയുമായി രംഗത്ത് വന്നിരിക്കുന്നത് (അല്ലെങ്കിലും പഴയ കോൺഗ്രസ് നേതാവും മന്ത്രിയുമൊക്കെ ആയിരുന്ന എം പി ഗംഗാധരന്റെ മരുമകന് കണ്ണന്താനത്തെപ്പോലെ അത്ര വലിയ സംഘി സംരക്ഷകനൊന്നും ആകാൻ കഴിയുമെന്ന് തോന്നുന്നില്ല. സിനിമ വിട്ടാൽ കോൺഗ്രസിൽ എന്നതായിരുന്നു മോഹം. കോൺഗ്രസ് കനിഞ്ഞില്ല. സി പി എമ്മും കനിഞ്ഞില്ല. അപ്പോൾ പിന്നെ ബി ജെ പി യിൽ ചേർന്നു. ചേരുമ്പോൾ പല വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. എന്നാൽ കഷ്ടിച്ചു ഒരു എം പിയാക്കിയതല്ലാതെ അമിത് ഷാ മറ്റൊന്നും നൽകിയില്ല. അപ്പോൾ പിന്നെ അമിത് ഷായെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കലിയിലാകേണ്ട കാര്യമൊന്നും അയാൾക്കില്ല എന്ന് തന്നെ വേണം കരുതാൻ)

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലിയാണല്ലോ ഇപ്പോൾ പ്രശ്നം. വളരെ രമ്യമായ ഒരു പരിഹാരവുമായാണ് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്. പതനംതിട്ട ജില്ലയിൽ തന്നെ സ്ത്രീകൾക്കായി (സ്ത്രീകൾക്കു മാത്രമായി) ഒരു അയ്യപ്പ ക്ഷേത്രം. അതും പൂങ്കാവനം ഉൾപ്പടെയുള്ള ഒന്ന്. അടുത്ത വർഷത്തോടെ ഇത് യാഥാർഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് താനെന്നാണ് അദ്ദഹം ഇന്നലെ കോഴിക്കോട് മൊഴിഞ്ഞതു. സുരേഷ് ഗോപി നിർമിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കൂ. തീർന്നില്ല അവിടുത്തെ പൂജാരികളും സ്ത്രീകൾ തന്നെയായിരിക്കും. ചുരുങ്ങിയത് ഒരു ഏഴ് എട്ടു ഏക്ര ഭൂമിവേണം. അത് കേന്ദ്ര – സംസ്‌ഥാന സർക്കാരുകൾ ഫ്രീയായിട്ടു നൽകണം. (എത്ര നടക്കാത്ത സ്വപനം എന്നൊന്നും പറഞ്ഞേക്കരുതേ).

സുരേഷ് ഗോപി അയ്യപ്പ ഭക്തരായ സ്ത്രീകൾക്കുവേണ്ടി മുന്നിട്ടിറങ്ങുമ്പോൾ പന്തളം കൊട്ടാരം മറ്റൊരു യജ്ഞത്തിലാണ്; പണം സ്വരൂപിക്കൽ യജ്ഞം. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ കേസ് നടത്താൻ വേണ്ടിയാണ് പണം. നാമ ജപവുമായി ഇറങ്ങിയവരും അവരെ ഇറക്കിയവരും ചേർന്നു നൽകിയാൽ തന്നെ പ്രളയാനന്തര കേരളത്തിനു വേണ്ടി സംസ്ഥാന സർക്കാർ പിരിച്ചതിനേക്കാൾ കൂടുതൽ പണം ലഭിക്കും. അല്ലെങ്കിലും കച്ചവടം കച്ചവടം തന്നെ അത് വിശ്വാസത്തിന്റെ പേരിലാണെനിക്കിലും.

ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനും ശബരിമല തന്ത്രിയുമാകണം, ബ്രാഹ്മണര്‍ മാംസമുള്ള ഈശ്വരന്മാര്‍: സുരേഷ് ഗോപി

ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

തല്‍ക്കാലം വായടയ്ക്കൂ മിസ്റ്റര്‍ കണ്ണന്താനം, ട്രോളര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്

പറയുന്നതെല്ലാം ട്രോളുന്നു; ഇനി വാ തുറക്കില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on October 30, 2018 4:58 pm