X

നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ തന്ത്രം ഫലിച്ചു: അടിച്ചത് ബംബര്‍ ലോട്ടറി

ആന്ധ്രപ്രദേശ് വിഭജിച്ച ശേഷം തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ കെസിആര്‍ എന്ന് അറിയപ്പെടുന്ന കെ ചന്ദ്രശേഖര റാവുവിന് ഭരണത്തില്‍ പിഴച്ചിട്ടില്ലെന്നാണ് ഈ ബംബര്‍ ഭൂരിപക്ഷം തെളിയിക്കുന്നത്

തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷകളെല്ലാം തകര്‍ത്ത് തെലുങ്കാന രാഷ്ട്ര സമിതി ഭരണം നിലനിര്‍ത്തിയിരിക്കുകയാണ്. ആകെയുള്ള 119 സീറ്റില്‍ 87 സീറ്റുകളിലും ലീഡ് ചെയ്താണ് ടിആര്‍എസിന്റെ മുന്നേറ്റം. 21 സീറ്റുകളുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ബിജെപിക്ക് ലഭിച്ചത് കേവലം രണ്ട് സീറ്റ് മാത്രം. ഭരണതുടര്‍ച്ചയ്‌ക്കെത്തുമ്പോള്‍ തനിക്കിനി തിരിഞ്ഞു നോക്കേണ്ടതില്ലെന്ന സൂചനകളാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു നല്‍കുന്നത്.

അടുത്ത വര്‍ഷം വരെയും കാലാവധിയുള്ളപ്പോഴാണ് ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പമാണ് തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസുമെല്ലാം വലിയ തോതില്‍ പണമിറക്കി രണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനെത്തുന്നതിലെ അപകടം മനസിലാക്കിയായിരുന്നു റാവുവിന്റെ ഈ നീക്കം. ആ നീക്കം വലിയ തോതില്‍ തന്നെ ഫലം കണ്ടതിന്റെ തെളിവാണ് ഇപ്പോഴത്തെ ജയം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ടിആര്‍എസ് 63 സീറ്റുകളുമായി ഭരണതുടര്‍ച്ച നേടുമെന്ന് തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ പാര്‍ട്ടി ബംബര്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണ് അന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വെറുതെയായിരുന്നില്ലെന്നാണ് ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മനസിലാകുന്നത്. ദീര്‍ഘനാളായി ശത്രുതയില്‍ കഴിഞ്ഞിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി ആദ്യമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ഇത്തവണ തെലുങ്കാന പിടിച്ചെടുക്കാമെന്ന നിറഞ്ഞ പ്രതീക്ഷകളോടെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. എന്നാല്‍ വെറും 21 സീറ്റുകള്‍ മാത്രമാണ് ഇക്കുറി കോണ്‍ഗ്രസിന് ലഭിച്ചത്. അവരുമായി സഖ്യമുണ്ടാക്കിയ ടിഡിപിയുടെ അവസ്ഥ ദയനീയമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നേടിയ അവര്‍ക്ക് ഒരു സീറ്റ് പോലും ഇക്കുറി നേടാന്‍ സാധിച്ചിട്ടില്ല.

ആന്ധ്രപ്രദേശ് വിഭജിച്ച ശേഷം തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി അധികാരമേറ്റ കെസിആര്‍ എന്ന് അറിയപ്പെടുന്ന കെ ചന്ദ്രശേഖര റാവുവിന് ഭരണത്തില്‍ പിഴച്ചിട്ടില്ലെന്നാണ് ഈ ബംബര്‍ ഭൂരിപക്ഷം തെളിയിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും വിട്ടുമാറി പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന വാദത്തിന് പിന്നിലെ ആണിക്കല്ലായിരുന്നു ചന്ദ്രശേഖര റാവു. ടിഡിപി അതിനെ എതിര്‍ക്കുകയും ചെയ്തു. 2009ല്‍ ഇദ്ദേഹം നടത്തിയ അനിശ്ചിതകാല നിരാഹാര സമരവും ഒസ്മാനിയ സര്‍വകലാശാലയിലെ കലാപങ്ങളുമെല്ലാമാണ് അന്ന് സംസ്ഥാന സര്‍ക്കാരിനെ പുതിയ സംസ്ഥാന രൂപീകരണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പിന്നീട് നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറിന്റെ ചുമതല വഹിച്ചുകൊണ്ടും തെലുങ്കാന മുന്നേറ്റത്തിന് ഇദ്ദേഹം നേതൃത്വം നല്‍കി.

1954 ഫെബ്രുവരി 17ന് ഹൈദ്രാബാദിനടുത്ത് മേദക് ജില്ലയില്‍ ചിന്ദമടക്ക എന്ന ഗ്രാമത്തില്‍ രാഘവ റാവുവിന്റെയും വെങ്കടമ്മയുടെയും മകനായാണ് കളവകുണ്ട്‌ള ചന്ദ്രശേഖര്‍ റാവു ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനി ജെ കേശവ റാവുവിന്റെ മകള്‍ ശോഭയെ 1969ല്‍ വിവാഹം കഴിച്ചു. ഒസ്മാനിയ സര്‍വകലാശാല കോളേജില്‍ നിന്നും തെലുങ്ക് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. മകന്‍ കെ ടി രാമറാവു സിര്‍സില്ലയില്‍ നിന്നുള്ള നിയമസഭാംഗവും മകള്‍ കള്‍വകുണ്ട്‌ള കവിത നിസാമാബാദില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമാണ്.

1970ല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. എന്നാല്‍ 1983ല്‍ തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. സിദ്ദിപ്പേട്ടില്‍ നിന്നും 1985 മുതല്‍ 1999 വരെ തുടര്‍ച്ചയായി വിജയിച്ചു. 2001ല്‍ ടിഡിപിയില്‍ നിന്നും രാജിവച്ച ശേഷം ടിആര്‍എസ് രൂപീകരിച്ചു. സ്വതന്ത്ര തെലുങ്കാന എന്ന ലക്ഷ്യത്തോടെയായിരുന്നു പാര്‍ട്ടി രൂപീകരിച്ചത്. കാലം കഴിയുന്തോറും അദ്ദേഹത്തിന്റെ പാര്‍ട്ടി സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. 2004ല്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലെത്തി. ആ വര്‍ഷം കരിംനഗറില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച കെസിആര്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായി നിയമിക്കപ്പെട്ടു. എന്നാല്‍ 2006ല്‍ സ്ഥാനമുപേക്ഷിച്ചു.

2014ല്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നപ്പോള്‍ മേദക് അസംബ്ലി സീറ്റിലും ഗജ്വാള്‍ നിയമസഭാ സീറ്റിലും മത്സരിച്ച് ജയിച്ചു. ഇക്കുറിയും ഗജ്വാള്‍ നിയമസഭാ സീറ്റില്‍ നിന്നാണ് ചന്ദ്രശേഖര റാവു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മകന്‍ രാമറാവു സിര്‍സില്ലയില്‍ നിന്നും ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎം വിജയിച്ചു

ഇനി ഈ മനുഷ്യനെ ‘പപ്പുമോന്‍’ എന്നു വിളിക്കാന്‍ മോദി-ഷാ സംഘത്തിന്റെ നാവ് പൊങ്ങില്ല

 

This post was last modified on December 11, 2018 4:00 pm