തട്ടിമിട്ട് സ്കൂളില്‍ പോയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ അധികൃതര്‍ ടി.സി നല്കി പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതി നിലയം പബ്ലിക് സ്കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജ്യോതി നിലയം പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഷംഹാന ഷാജഹാന് എന്ന വിദ്യാര്‍ഥിനിയെയാണ് പുറത്താക്കിയത്. തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു പുറത്താക്കല്‍.
കവടിയാറിലെ നിര്‍മ്മലാ ഭവനിലായിരുന്നു ഏഴാം ക്ലാസുവരെ ഷംഹാന പഠിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതിനാല്‍ ജ്യോതി നിലയം സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു. സ്കൂളിലേക്ക് അഡ്മിഷന് പോയസമയത്ത് അവിടെ പരീക്ഷ നടത്തിയിരുന്നു. ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ ഷംഹാനയ്ക്ക് തലയില്‍ തട്ടിമിടുന്ന ശീലമുണ്ട്. അഡ്മിഷന് പോയ സമയത്തും ഇന്റര്‍വ്യൂവിന് പോയ സമയത്തും തലയില്‍ ഷാള്‍ ധരിച്ചിരുന്നു. അപ്പോഴൊന്നും അവര്‍ ഈ സ്കൂളില്‍ തട്ടമിടാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മാതാവ് ഷാമില ചൂണ്ടിക്കാട്ടുന്നു.
സ്കൂള്‍ തുറന്ന് വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോള്‍ ഷംഹാനയോട് മാറ്റാന്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്നതിനാല് കുട്ടിയ്ക്ക് ആദ്യം കാര്യം മനസിലായില്ല. എല്ലാ സ്കൂളിലും അവര്‍ തട്ടം അനുവദിക്കുന്നുണ്ട്. വെള്ളിയാഴ്ച വീണ്ടും സ്കൂളിലെത്തിയപ്പോള്‍ തട്ടമിട്ട് സ്കൂള്‍ കോമ്പൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞത്. പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്കൂളില്‍ വരാന്‍ അനുവദിക്കുന്നില്ലെന്നും പിന്നെന്തുകൊണ്ട് നിങ്ങളുടെ കുട്ടിയ്ക്ക് മാത്രം തട്ടമിടാതെ വന്നുകൂട എന്നുമാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ചോദിച്ചതെന്നും ഷാമില അറിയിച്ചു. ഫീസ് തിരികെ വാങ്ങി പൊയ്ക്കോളാനാണ് അവര്‍ പറഞ്ഞത്.
വേറെ സ്കൂളിലൊന്നും അഡ്മിഷനായിട്ടില്ല, നാളെ വന്ന് ടി സി വാങ്ങാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ടി സി നല്‍കിയാണ് വിട്ടത്. ടി.സിയ്ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷ നല്കിയപ്പോള് കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്. പക്ഷേ ടി.സിയില്‍ അവര്‍ ‘ബെറ്റര്‍ ഫെസിലിറ്റീസ്’ എന്ന് തിരുത്തി. അതേസമയം മാധ്യമങ്ങളോട് സ്കൂള്‍ അധികൃതര്‍ പറയുന്നത് കുട്ടിയുടെയും രക്ഷിതാക്കളുടെയും താല്പര്യപ്രകാരമാണ് പോയതെന്നാണ്.
read more:സൗദിയിൽ ഷിയാ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 13കാരന് വധശിക്ഷ: അന്തർദ്ദേശീയ പ്രതിഷേധമുയരുന്നു
This post was last modified on June 11, 2019 6:47 pm
Leave a Comment