X

ഇനി പൂമാലയും പൊന്നാടയും സ്വീകരിക്കില്ല; പകരം സ്‌നേഹത്തോടെ ഒരു പുസ്തകം തന്നാല്‍ മതിയെന്ന് ടിഎന്‍ പ്രതാപന്‍ എംപി

അഞ്ച് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ കൊണ്ട് തന്റെ ജന്മഗ്രാമമായ തളിക്കുളത്ത് ഒരു വായനശാല ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതാപന്‍

പാര്‍ലമെന്റംഗം എന്ന നിലയില്‍ താന്‍ ഇനിമുതല്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ സമ്മാനമായി പൂമാലയോ പൊന്നാടയോ ഒന്നും വേണ്ടെന്ന് തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍. പകരം സ്‌നേഹത്തോടെ തനിക്കൊരു പുസ്തകം തന്നാല്‍ മതിയെന്നും പ്രതാപന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വളരെ കുറഞ്ഞ ആയുസ് മാത്രമുള്ള പൂച്ചെണ്ടുകള്‍ക്കും മറ്റുമായി ചെലവഴിക്കുന്ന പണമുണ്ടെങ്കില്‍ ഏതുകാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന അറിവിന്റെ വസന്തം നമുക്ക് പങ്കുവയ്ക്കാമെന്നും അദ്ദേഹം പറയുന്നു.

അഞ്ച് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ കൊണ്ട് തന്റെ ജന്മഗ്രാമമായ തളിക്കുളത്ത് ഒരു വായനശാല ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതാപന്‍ വ്യക്തമാക്കുന്നു. തളിക്കുളത്ത് നേരത്തെ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിക്ക് കീഴിലായിരിക്കും വായനശാലയും പ്രവര്‍ത്തിക്കുക.

പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഞാന്‍ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളില്‍ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകള്‍ക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഏതുകാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.

ഈ അഞ്ചു വര്‍ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിക്ക് കീഴില്‍ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തില്‍ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളര്‍ത്താം.

read more:സർക്കാർ നിർദേശം തള്ളി, വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി തന്നെയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി

This post was last modified on June 23, 2019 10:50 am