X

വേങ്ങര ഉപതിരഞ്ഞെടുപ്പ്: പ്രചാരണചൂട് തട്ടത്തിന് മറയത്ത്‌

തട്ടത്തില്‍ പിടിച്ചുളള പ്രചാരണം ഇതാദ്യമല്ല. 2014 ല്‍ ലോക് സഭാതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പികെ സൈനബക്കെതിരെ ഇതെ ആരോപണം ഉയര്‍ന്നിരുന്നു

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ കലാശകൊട്ടിന് മണിക്കൂറുകള്‍ മാത്രമുളള ഘട്ടത്തില്‍ തട്ടത്തിന്‍ മറയത്ത് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ  ബഷീറിന്‌റെ ഭാര്യ എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ഷംഷാദ് ഹുസൈന്‍ തട്ടമിട്ടില്ലെന്നതാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മലബാറിലെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായ മമ്പുറം തങ്ങള്‍ മഖാം സന്ദര്‍ഷിച്ച ശേഷം ബഷീറും ഭാര്യയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബഷീറിന്റെ ഭാര്യ തട്ടമിടാതെയുളള മറ്റു ചില ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ മറുഭാഗത്തും ഇതേ വിഷയം പ്രചാരണവിഷയമായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ കെ എന്‍ എ ഖാദറിന്റെ കുടുംബ ഫോട്ടോയില്‍ അദ്ദേഹത്തിന്റെ മകള്‍ തട്ടമിട്ടില്ലെന്നതാണ് മറുഭാഗത്തിന്റെ പ്രചാരണം.

ഇരുവിഭാഗവും സമൂഹമാധ്യമങ്ങളില്‍ തട്ടമിടാത്ത പടങ്ങള്‍ പ്രചരിപ്പിക്കുന്നത് മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭ്യമാകുന്ന വിവരം. വിശ്വാസവും വേഷവിധാനവും മലപ്പുറം ജില്ലയില്‍ പ്രചാരണത്തില്‍ വിഷയമാകുന്നത് ഇതാദ്യമല്ല. 2014 ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പികെ സൈനബ തട്ടമിട്ടില്ലെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

This post was last modified on October 9, 2017 9:42 am