X

വേങ്ങരയില്‍ ഇടതും വലതും മാത്രമല്ല; എസ്ഡിപിഐയും ബിജെപിയും തമ്മില്‍ പോരാടി

വേങ്ങരയില്‍ ഒരു മല്‍സരമല്ല, രണ്ടു രീതിയിലുള്ള മല്‍സരം നടന്നെന്നാണ് തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനകള്‍. ഒന്നാമത്തേത് യു.ഡി.എഫും ഇടതുപക്ഷവും തമ്മില്‍ നടന്ന തുറന്ന രാഷ്ട്രീയ മല്‍സരം. രണ്ടാമത്തേത് ബി.ജെ.പിയും എസ്.ഡി.പി.ഐയും തമ്മില്‍ നടന്ന വര്‍ഗീയ താല്‍പര്യങ്ങളുടെ പോരാട്ടം.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്തല്ലാം മാധ്യമ പ്രവര്‍ത്തകന്‍ വിഎം സൂബൈറിന്റെ വിശകലനം

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ ചിരി മായുന്നത് ബി.ജെ.പി.ക്ക് മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വീടുകള്‍ തോറും പ്രചാരണം നടത്തിയിട്ടും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്രക്ക് കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിച്ച് വേങ്ങരയില്‍ വലിയ സ്വീകരണമൊരുക്കിയിട്ടും ബി.ജെ.പിക്ക് വോട്ടുകള്‍ ചോര്‍ന്നത് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടി കാര്യമാണ്. വേങ്ങരയില്‍ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടായെങ്കിലും മണ്ഡലം കാല്‍ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താനായത് യു.ഡി.എഫിനെയും ലീഗിനെയും സന്തോഷിപ്പിക്കുന്നുണ്ട്. മികച്ച പ്രകടനത്തിലൂടെ എണ്ണായിരത്തോളം വോട്ടുകള്‍ കൂടുതല്‍ നേടാനായത് ഇടതുപക്ഷത്തിനും സന്തോഷം നല്‍കുന്നു.തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെക്കാള്‍ കൂടുതല്‍ വോട്ടു നേടി മൂന്നാം സ്ഥാനത്തെത്താനായെന്നതാണ് എസ്.ഡി.പി.ഐക്ക് വേങ്ങര നല്‍കുന്ന സന്തോഷം.

വേങ്ങരയില്‍ ഒരു മല്‍സരമല്ല, രണ്ടു രീതിയിലുള്ള മല്‍സരം നടന്നെന്നാണ് തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനകള്‍. ഒന്നാമത്തേത് യു.ഡി.എഫും ഇടതുപക്ഷവും തമ്മില്‍ നടന്ന തുറന്ന രാഷ്ട്രീയ മല്‍സരം. രണ്ടാമത്തേത് ബി.ജെ.പിയും എസ്.ഡി.പി.ഐയും തമ്മില്‍ നടന്ന വര്‍ഗീയ താല്‍പര്യങ്ങളുടെ പോരാട്ടം. അപകടകമായ ഈ പോരാട്ടത്തില്‍ എസ്.ഡി.പി.ഐ നേട്ടമുണ്ടാക്കി എന്നു വേണം കരുതാന്‍.

വേങ്ങരയില്‍ സോളാര്‍ പ്രകാശിച്ചില്ല; ഖാദറിന്റേത് നാണം കെട്ട വിജയം

യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനയ്യാരിയത്തോളം വോട്ടുകളുടെ കുറവാണുണ്ടായത്. ഇതില്‍ വലിയോരു ഭാഗം ഇടതുപക്ഷത്തേക്ക് മറിഞ്ഞുവെന്നാണ് കരുതേണ്ടത്. കഴിഞ്ഞ തവണ പി.കെ.കുഞ്ഞാലികുട്ടിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ ഇതിലുള്‍പ്പെടും. മറ്റൊരു ഘടകം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചോര്‍ന്നിട്ടുണ്ടോ എന്നതാണ്. വേങ്ങര മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള എ.ആര്‍.നഗര്‍,കണ്ണമംഗലം പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഗണ്യമായ വോട്ടു വര്‍ധനവുണ്ടായത് ഈ സംശയം ബലപ്പെടുത്തുന്നത്. ലീഗും കോണ്‍ഗ്രസും നല്ല ബന്ധത്തിലല്ലാത്ത പഞ്ചായത്തുകളുമാണിത്.സോളാര്‍ കേസില്‍ അന്വേഷണം നടത്താന്‍ വോട്ടെടുപ്പ് ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിരുദ്ധ ചലനമുണ്ടാക്കിയെന്നും കണക്കാക്കേണ്ടതുണ്ട്. പോളിംഗിലുണ്ടായ റെക്കോര്‍ഡ് വര്‍ധനവും യു.ഡി.എഫ് വോട്ടുകളിലുണ്ടായ ചോര്‍ച്ചയും ഈ ഘടകം ചെറിയ രീതിയിലെങ്കിലും വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന സൂചനകള്‍ നല്‍കുന്നു. ഇടതുപക്ഷം മണ്ഡലത്തില്‍ നടത്തിയ ബി.ജെ.പി. വിരുദ്ധ പ്രചാരണം അവര്‍ക്ക് അനുകൂലവോട്ടുകള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഗുണം അവരേക്കാള്‍ കൂടുതല്‍ ലഭിച്ചത് എസ്.ഡി.പി.ഐക്കാണ്. എ.പി.വിഭാഗം സുന്നി വോട്ടുകളുടെ ആനുകൂല്യവും ഇടതുമുന്നണിയുടെ മികച്ച പ്രകടനത്തിന് കാരണമായിട്ടുണ്ട്.വെല്‍ഫെയര്‍ പാര്‍ട്ടിയും പി.ഡി.പിയും മല്‍സരിക്കാതെ വിട്ടു നിന്നത് ബി.ജെ.പി.ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് വോട്ടുകള്‍ ലഭിക്കാന്‍ ഇടയായിട്ടുണ്ട്.

ബി.ജെ.പി.-എസ്.ഡി.പി.ഐ മല്‍സരത്തില്‍ വേങ്ങരയുടെ ന്യുനപക്ഷ മനസ് എസ്.ഡി.പി.ഐക്കൊപ്പമാണ് നിന്നത്. ഇത് മുസ്്‌ലിംകള്‍ക്കിടയില്‍ വളര്‍ന്നു കഴിഞ്ഞ അരക്ഷിത ബോധത്തിന്റെ പ്രതിധ്വനിയായി വേണം കരുതാന്‍. എന്നാല്‍ കേരളത്തിലെ മുഖ്യമുന്നണികള്‍ക്ക് ഇത് മുതലെടുക്കാനായില്ലെന്നത് ആശങ്കയുയര്‍ത്തുന്നു.

വേങ്ങരയില്‍ ഇടതുമുന്നണിയില്‍ അട്ടിമറി വിജയം നേടണമെങ്കില്‍ പ്രവര്‍ത്തിക്കേണ്ട ഘടകങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടം, ഇടതുസ്ഥാനാര്‍ഥി പി.പി.ബഷീറിന് മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനം, ബി.ജെ.പി.ക്ക് കോണ്‍ഗ്രസില്‍ നിന്ന് ഉള്‍പ്പടെ കൂടുതല്‍ വോട്ടുകള്‍ ലഭിക്കല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഭിന്നതയെ തുടര്‍ന്ന് ലീഗ് വിമതനായി മല്‍സരിച്ച കെ.ഹംസ അയ്യായിരത്തിലേറെ വോട്ടുകള്‍ പിടിക്കല്‍ തുടങ്ങിയവയായിരുന്നു ഈ ഘടകങ്ങള്‍. ഇതില്‍ അവസാനത്തെ രണ്ട് ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചില്ലെന്നതാണ് ഇടതുമുന്നണിയെ വിജയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാതിരുന്നതെന്നാണ് സൂചനകള്‍. ലീഗ് വിമതന്റെ മോശം പ്രകടനം യു.ഡി.എഫിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുക.

ഗുര്‍ദാസ്പുരും വേങ്ങരയും; അമിത്ഷായ്ക്കും കുമ്മനത്തിനും ഒരു ഷോക്ക് ട്രീറ്റ്മെന്‍റ്

 

This post was last modified on October 15, 2017 2:35 pm