X

സിനിമ ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന് വിജയ്‌ ഫാന്‍സിന്റെ തെറിവിളി, ഭീഷണി

വിജയ്‌ ചിത്രം കാണാനിരുന്നിട്ട് ഇന്റര്‍വെല്ലിനു ഇറങ്ങിപ്പോന്നെങ്കില്‍ പുതിയ ഷാരൂഖ് ഖാന്‍ ചിത്രം ഇന്റര്‍വെല്‍ വരെ പോലും സഹിച്ചിരിക്കാന്‍ പറ്റിയില്ല എന്നു പറഞ്ഞതിനാണ് ആക്രമണം

ഏഴു വര്‍ഷം മുമ്പിറങ്ങിയ വിജയ് ചിത്രം Sura ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മലയാളി മാധ്യമ പ്രവര്‍ത്തകയ്ക്ക് ട്വിറ്ററില്‍ നാലു ദിവസമായി വിജയ് ഫാന്‍സിന്റെ തെറിവിളിയും ലൈംഗികാധിക്ഷേപവും ഭീഷണിയും. ബാംഗ്ലൂര്‍ കേന്ദ്രമായുള്ള thenewsminitue.com-ന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ധന്യ രാജേന്ദ്രനാണ് സംഘടിതമായ ആക്രമണം നേരിടുന്നത്. ധന്യയെ വ്യക്തിയധിക്ഷേപം നടത്തുന്ന #PublicityBeepDhanya എന്ന ഹാഷ്ടാഗ് പോലും ട്വിറ്ററിലെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടംപിടിച്ചു.

ഓഗസ്റ്റ് നാലിന് ധന്യ ഇട്ട ട്വീറ്റിനെ തുടര്‍ന്നായിരുന്നു സംഘടിതാക്രമണം ആരംഭിച്ചത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍-അനുഷ്‌ക ശര്‍മ സിനിമ Jab Harry Met Sejal കണ്ട് ഇന്റര്‍വെല്ലിന് മുമ്പ് ഇറങ്ങിപ്പോരേണ്ടി വന്നു എന്നായിരുന്നു ട്വീറ്റ്. ഇതിനു മുമ്പ് വിജയുടെ സുര ഇന്റര്‍വെല്‍ വരെ കണ്ടിരുന്നുവെന്നും Harry Met Sejal ആ റിക്കോര്‍ഡും ഭേദിച്ചു എന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.

താന്‍ നാലാം തീയതി ഇട്ട ട്വീറ്റിനു നേര്‍ക്കുള്ള ആക്രമണം അപ്പോള്‍ തന്നെ തുടങ്ങിയെങ്കിലും സംഘടിതാക്രമണം ആരംഭിച്ചത് ആറിന് വൈകിട്ട് 5.40-നാണെന്ന് ധന്യ വ്യക്തമാക്കുന്നു. ആ സമയത്താണ് ആദ്യ ഭീഷണിയെത്തുന്നത്. തുടര്‍ന്ന് ആറു മണിയോടെ ഹാഷ്ടാഗ് ആക്രമണം ആരംഭിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇത് സംഘടിതമായ ആക്രമണമാണെന്നും വ്യക്തമാണ്.

രജനികാന്ത് സിനിമകളെ പല തവണ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫാന്‍സില്‍ നിന്ന് ഒരിക്കലും ഇത്തരം അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടില്ലെന്നും ധന്യ പറയുന്നു.

ആറു വര്‍ഷം മുമ്പ് വിജയ് ചിത്രം വേലായുധത്തെ കുറിച്ച് ധന്യ ഇട്ട ട്വീറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ആക്രമണം.

വിജയിനെതിരെ താന്‍ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുന്നു എന്ന് ആളുകള്‍ പറയുന്നത്: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നാല് ട്വീറ്റുകള്‍ എങ്ങനെയാണ് കുറ്റകൃത്യമാകുന്നതെന്ന് ധന്യ ചോദിക്കുന്നു. സ്വന്തമായി അഭിപ്രായം ഉണ്ട് എന്നുള്ളത് എങ്ങനെയാണ് ഒരു കുറ്റമാകുന്നതെന്നും അവര്‍ ചോദിക്കുന്നു.

അധിക്ഷേപം രൂക്ഷമായ സാഹചര്യത്തില്‍ ധന്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

This post was last modified on August 7, 2017 10:53 pm