X

ദിലീപിന് കത്തെഴുതിയത് ജയില്‍ അധികൃതര്‍ ഭീഷണിപ്പടുത്തിയിട്ടെന്ന് വിപിന്‍ലാല്‍

കേസില്‍ ഗൂഢാലോചനയുണ്ടെന്നും എന്നാല്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ലെന്നും മറ്റൊരു സഹതടവുകാരന്‍ വിഷ്ണു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കത്തെഴുതിയത് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിട്ടും പള്‍സര്‍ സുനി നിര്‍ബന്ധിച്ചിട്ടുമാണെന്ന് സഹതടവുകാരന്‍ വിപിന്‍ലാലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ജയില്‍ അധികൃതര്‍ എന്തിനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇയാള്‍ വ്യക്തമാക്കിയില്ല.

കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് മാധ്യമങ്ങളോടാണ് വിപിന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മറ്റൊരു സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ടെന്നും എന്നാല്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ലെന്നും വിഷ്ണു പറയുന്നു. സുനിക്ക് ഫോണ്‍ എത്തിച്ചുനല്‍കിയത് വിഷ്ണുവും ജയിലില്‍ നിന്നും ഫോണ്‍ ഉപയോഗിച്ചത് വിപിന്‍ലാലുമാണ്. ഇരുവരെയും മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിനെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നല്‍കുന്നത്.

നേരത്തെ കോയമ്പത്തൂരില്‍ നിന്നും മോഷണം പോയ മൊബൈലാണ് പള്‍സര്‍ സുനി ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കണമെന്നതിനാല്‍ പത്ത് ദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ ഇത് പ്രതിഭാഗം എതിര്‍ത്തതോടെ കസ്റ്റഡി മൂന്ന് ദിവസത്തേക്കാക്കുകയായിരുന്നു.

കസ്റ്റഡി റദ്ദാക്കണമെന്ന സുനിയുടെ ആവശ്യവും കോടതി തള്ളി. സുനിക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്നും അതിനാല്‍ കസ്റ്റഡി റദ്ദാക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

This post was last modified on July 12, 2017 5:02 pm

Related Post
Leave a Comment