X

ഞാന്‍ ഒന്നുമല്ല, പക്ഷെ നിങ്ങള്‍ എല്ലാമാണെന്ന് കരുതരുത്: മോദി സര്‍ക്കാരിനോട് സനല്‍കുമാര്‍ ശശിധരന്‍

ഭരണഘടനയില്‍ അന്ധമായി വിശ്വസിക്കുന്നയാളാണ് താനെന്നും ആ വിശ്വാസം തെറ്റിക്കരുതെന്നും സനല്‍

സെക്‌സി ദുര്‍ഗയ്ക്ക് ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശന അനുമതി നേടിയതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് സനലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭരണഘടനയില്‍ അന്ധമായി വിശ്വസിക്കുന്നയാളാണ് താനെന്നും ആ വിശ്വാസം തെറ്റിക്കരുതെന്നും സനല്‍ പറയുന്നു.

ഭരണഘടന തനിക്ക് ഉറപ്പുനല്‍കിയിരിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് നിങ്ങളാണ്. താനൊന്നുമല്ലെന്നും അതേസമയം നിങ്ങള്‍ എല്ലാമല്ലെന്നുമുള്ള കാര്യവും ഓര്‍ക്കണമെന്നും സനല്‍ പറയുന്നു. മറ്റൊരു പോസ്റ്റില്‍ ഇത് ഒരു വ്യക്തിയുടെയോ സിനിമയുടെയോ വിജയമല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്നും സനല്‍ പറയുന്നു. സനലിന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രം ഐഎഫ്എഫ്‌ഐയിലേക്ക് ജൂറി തെരഞ്ഞെടുത്തിട്ടും ഐ ആന്‍ഡ് ബി മന്ത്രാലയം ഇടപെട്ട് ചിത്രം ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ച സനലിന് അനുകൂലമായി വിധി ലഭിച്ചു. ചിത്ര ഗോവ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതാണ് വിധി. സെന്‍സര്‍ ബോര്‍ഡ് അനുമതി നേടിയ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ മുംബൈ മാമി ഫിലിംഫെസ്റ്റിവലില്‍ പേരിന്റെ പേരില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കിയതോടെ പ്രദര്‍ശനാനുമതി ലഭിച്ചു. ഈ പേരിലാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതും ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് ഹിന്ദു ദൈവമായ ദുര്‍ഗയെ അപമാനിക്കുന്നതാണെന്നായിരുന്നു മുഖ്യമായും ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം.

പ്രിയ ഇന്ത്യന്‍ സര്‍ക്കാര്‍ അറിയുന്നതിന്. ഞാനൊരു പാവപ്പെട്ടവനാണ്, അധികാരമില്ലാത്ത ഒരു സാധാ ഇന്ത്യന്‍ പൗരനാണ്. ഭരണഘടന എനിക്ക് ഉറപ്പുനല്‍കുന്ന പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ എന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അന്ധമായി വിശ്വസിക്കുന്നതിനാലാണ് ഞാനിവിടെ നില്‍ക്കുന്നത്. ദയവായി എന്നെ ഉപേക്ഷിക്കരുത്. ഭരണഘടനയില്‍ എനിക്കുള്ള വിശ്വാസം ദയവായി നിങ്ങള്‍ നശിപ്പിക്കരുത്. ഞാന്‍ ഒന്നുമല്ല, പക്ഷെ നിങ്ങള്‍ എല്ലാമല്ലെന്നത് ഓര്‍മ്മയില്‍ വച്ചോളൂ.