X

ശ്രീജിത്ത് മോഡല്‍ സമരം ആരംഭിക്കുമെന്ന് വിനായകന്റെ അച്ഛന്‍

കേസിലെ പ്രതികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും കഴിഞ്ഞമാസം പോലീസ് സര്‍വീസില്‍ തിരികെ പ്രവേശിച്ചു

പോലീസ് സ്‌റ്റേഷനിലെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്ന് വീട്ടിലെത്തി ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ മരണത്തില്‍ സര്‍ക്കാര്‍ നീതി നടപ്പാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് മോഡല്‍ സമരം ആരംഭിക്കുമെന്ന് വിനായകന്റെ അച്ഛന്‍. പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ വിനായകന്‍ നേരിടേണ്ടി വന്ന പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിആര്‍ സന്തോഷ്, അന്നത്തെ പാലക്കാട് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് എന്നിവര്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും സികെ കൃഷ്ണന്‍കുട്ടി ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു.

അന്വേഷണ സംഘം അവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വീസില്‍ മടങ്ങിയെത്തിയെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആത്മഹത്യ പ്രേരണക്കുറ്റവും പട്ടികജാതി, വര്‍ഗ സംരക്ഷണ നിയമവും എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കിയാണ് അന്വേഷണ സംഘം പോലീസുകാരെ സഹായിച്ചത്. കേസിലെ പ്രതികളായ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും സസ്‌പെന്‍ഷന്‍ ആഭ്യന്തര വകുപ്പ് പുനഃപരിശോധിച്ചതോടെ ഇരുവരും കഴിഞ്ഞമാസം സര്‍വീസില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണെന്ന് വിനായകന്റെ അച്ഛന് വേണ്ടി ലോകായുക്ത കോടതിയില്‍ ഹാജരായ അഡ്വ. പി കെ സുരേഷ് ബാബു അറിയിച്ചു.

പാവറട്ടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിന് സിഐയും ഡിവൈഎസ്പിയും നവംബറില്‍ ലോകായുക്ത കോടതിയുടെ വിമര്‍ശനം നേരിട്ടിരുന്നു. മരണത്തിന് മുമ്പ് വിനായകന്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരായയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിട്ടുണ്ട്. വിനായകന്റെ തലമുടിയില്‍ പിടിച്ചുവലിച്ചിട്ടുണ്ടെന്നും പെന്‍സില്‍ പോലെയുള്ള ഏതോ ഒരു വസ്തുകൊണ്ട് മാറിടത്തില്‍ കുത്തിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജന്‍ അന്വേഷണത്തിന്റെ ഭാഗമായി സാക്ഷിമൊഴികളെല്ലാം പുനഃപരിശോധിച്ചു വരികയാണെന്ന് അറിയിച്ചു.

 

Related Post
Leave a Comment