X

അമ്പമ്പോ ഈ ശിവലിംഗം നമ്മുടെ നാട്ടിലാണ്! 111.2 അടി ആണ് ഉയരം; ലോകറെക്കോഡിലേക്ക്‌

108 അടി ഉയരമുള്ള കര്‍ണാടകയിലെ കോളാര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ റെക്കോഡാണ് ചെങ്കല്‍ ക്ഷേത്രം തിരുത്തിയത്

ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടി. 111.2 അടി ഉയരവും 111 അടി ചുറ്റളവുമാണ് ഇതിനുള്ളത്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് അധികൃതര്‍ ഇന്നലെ വന്ന് പരിശോധന നടത്തി ക്ഷേത്രമഠാധിപതി മഹേശ്വരാനന്ദക്ക് സാക്ഷ്യപത്രം കൈമാറി. ലോകറെക്കോഡ് പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് അഡ്ജുഡിക്കേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ്, ദേവിക എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. അഞ്ച് മണിക്കൂര്‍ ചെലവഴിച്ചാണ് ഇവര്‍ ശിവലിംഗത്തിന്റെ വലുപ്പം അളന്നത്. ഇവരോടൊപ്പം ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് എന്നിവയുടെ പ്രതിനിധികളുമുണ്ടായിരുന്നു. ഉയരം സംബന്ധിച്ച രേഖകള്‍ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

തഹസില്‍ദാര്‍ മോഹന്‍കുമാറിന്റെ സാന്നിധ്യത്തില്‍ ടോട്ടല്‍ സ്‌റ്റേഷന്‍ ഉപയോഗിച്ചാണ് പൊക്കം അളന്നത്. ഒ രാജഗോപാല്‍ എംഎല്‍എ, പിപി മുകുന്ദന്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിആര്‍ സലൂജ, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍ എത്തിയിരുന്നു. ഒ രാജഗോപാലും ഷാഹുല്‍ ഹമീദും ചേര്‍ന്നാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ സാക്ഷ്യപത്രം മഹേശ്വരാനന്ദയ്ക്ക് കൈമാറിയത്.

108 അടി ഉയരമുള്ള കര്‍ണാടകയിലെ കോളാര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ റെക്കോഡാണ് ചെങ്കല്‍ ക്ഷേത്രം തിരുത്തിയത്. 2012 മാര്‍ച്ച് 23നാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ശിവലിംഗത്തിനുള്ളില്‍ എട്ട് നിലകളാണ് ഉള്ളത്. ഉള്ളിലൂടെ ചുറ്റിക്കറങ്ങി നടന്നു കയറാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ നിലകളിലും അമ്പത് പേര്‍ക്ക് ഇരുന്ന് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്. സ്വസ്ഥി സ്ഥാനം, മണിപ്പൂരകം, വിശുദ്ധി എന്നിങ്ങനെ ആറ് ധ്യാനമണ്ഡപങ്ങളും ഒരുക്കിയിരിക്കുന്നു. എട്ടാമത്തെ നിലയില്‍ കൈലാസമാണ് ഒരുക്കിയിട്ടുള്ളത്. അവിടെ ഹിമവല്‍ ഭൂവിലിരിക്കുന്ന ശിവ പാര്‍വതിമാരെ കാണാം. ഒരേ പീഠത്തിലിരിക്കുന്ന രീതിയിലാണ് ഇവരുടെ ശില്‍പ്പങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശിവന്റെ 64 ഭാവങ്ങള്‍ അവിടെ കാണാം. മുരുകന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളും ഇതോടൊപ്പമുണ്ട്.

മുപ്പത് ശില്‍പ്പികളാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ഏഴ് വര്‍ഷമായി ക്ഷേത്രത്തില്‍ തന്നെ താമസിക്കുന്നത്. ശിവലിംഗത്തിന്റെ ഉള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്ന് മഹേശ്വരാനന്ദ അറിയിച്ചു. ഇതിനെ ദേശീയ തീര്‍ത്ഥാടക കേന്ദ്രമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഒ രാജഗോപാല്‍ അറിയിച്ചു.

This post was last modified on January 11, 2019 11:52 am