X

ത്രികോണത്തില്‍ ത്രിശങ്കുവിലായ തിരുവനന്തപുരം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ മൂന്നിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്

‘പ്രതീക്ഷകളൊന്നുമില്ല ദിവാകരനാണ് ഞങ്ങള്‍ സാധ്യത കാണുന്നത്’ കുമ്മനം രാജശേഖരന്റെ പോസ്റ്റര്‍ അമര്‍ത്തിയൊട്ടിച്ച് അയാള്‍ പറഞ്ഞു. പേരൂര്‍ക്കടയില്‍ കുമ്മനം രാജശേഖരന്റെ പോസ്റ്ററൊട്ടിക്കാന്‍ ഇറങ്ങിയ ഒരു ബിജെപി പ്രവര്‍ത്തകന്റെ വാക്കുകളാണിത്. അതിന്റെ കാരണവും അദ്ദേഹം തന്നെ പറയുന്നു. ചില പോക്കറ്റുകളില്‍ ബിജെപിക്ക് ഇവിടെ സാധ്യതകളുണ്ട്. പക്ഷെ, വിശ്വാസ പ്രശ്‌നം മുന്നോട്ട് വയ്ക്കുന്നത് ഒരേ സമയം പോസിറ്റീവും നെഗറ്റീവുമാകാനുള്ള സാധ്യതയുമുണ്ട്. പോസീറ്റീവായാല്‍ ബിജെപി ഇവിടെ ജയിക്കും നെഗറ്റീവ് ആയാല്‍ ജയിക്കാന്‍ സാധ്യത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍ നേതാക്കള്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറല്ല. ഇത് തിരുവനന്തപുരം നഗരത്തിലെ ഒരു സാധാരണ ബിജെപി പ്രവര്‍ത്തകന്റെ വാക്കുകളാണ്.

വിശ്വാസവും വിശ്വാസ സംരക്ഷണവുമാണ് കേരളത്തിലെമ്പാടുമെന്നത് പോലെ തിരുവനന്തപുരത്തും ചര്‍ച്ചയാകുന്നത്. അതേസമയം വര്‍ഗ്ഗീയതയെ മുതലെടുക്കുന്ന ഈ തെരഞ്ഞെടുപ്പിനോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. നെയ്യാറ്റിന്‍കര സ്വദേശിയും വാട്ടര്‍ അതോറിറ്റി ജീവനക്കാരനുമായ അനില്‍ പറയുന്നത് ഇങ്ങനെയാണ് ‘വര്‍ഗ്ഗീയതയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തുറുപ്പു ചീട്ട്. ബിജെപി പ്രത്യക്ഷത്തില്‍ തന്നെ ഇത് പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചെയ്യുന്നത് എന്താണ്? എകെ ആന്റണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇവിടെയൊരു റോഡ് ഷോ നടത്തിയത്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വീണ്ടുമൊരു റോഡ് ഷോ നടത്തുമ്പോഴും അദ്ദേഹം പരിഗണന നല്‍കുന്നത് വിഴിഞ്ഞം ഭാഗത്തിനാണ്. കാരണം അവിടെയാണ് ക്രിസ്ത്യാനികള്‍ കൂടുതലായുള്ളത്. അപ്പോള്‍ കോണ്‍ഗ്രസ് കളിക്കുന്നതും വര്‍ഗ്ഗീയത തന്നെയല്ലേ’ അദ്ദേഹം ചോദിക്കുന്നു. അതേസമയം അവസാന നിമിഷങ്ങളില്‍ എല്‍ഡിഎഫ് കളിക്കുന്നതും ഇതേ വര്‍ഗ്ഗീയത തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അവസാനവട്ട വോട്ടുകള്‍ ഉറപ്പാക്കാനുള്ള നീക്കമാണ് ഇത്. എന്നിരുന്നാലും സി ദിവാകരനാണ് ഇദ്ദേഹം സാധ്യതകള്‍ കാണുന്നത്.

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യുഡിഎഫ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സോളമന്‍ അലക്‌സ് പറയുന്നത് മറ്റൊന്നാണ്. നെയ്യാറ്റിന്‍കരയില്‍ മാത്രം ശശി തരൂരിന് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലൂടെയാണ് ബൈപ്പാസ് പോകുന്നതെന്നതും കോടിക്കണക്കിന് രൂപയുടെ വിഴിഞ്ഞം പദ്ധതി, നെയ്യാറ്റിന്‍കരയെ കൂടാതെ തിരുവനന്തപുരം മണ്ഡലത്തിന്റെ പലഭാഗങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതും തരൂര്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ രാഘവന്‍ നായര്‍ എല്ലാവിധത്തിലും ആത്മവിശ്വാസത്തിലാണ്. എ ആന്‍സലന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിന് അടുക്കെ വോട്ടിനാണ് ഭൂരിപക്ഷം നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം എല്‍ഡിഎഫിന് നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് മാത്രമല്ല, തിരുവനന്തപുരത്തെ ഓരോ മണ്ഡലം കമ്മിറ്റികളുടെയും ലക്ഷ്യം അതാണ്. വിഴിഞ്ഞം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ ലോട്ടറി കച്ചവടം നടത്തുന്ന സുരേന്ദ്രനും ഇതുതന്നെ മറ്റൊരു വിധത്തില്‍ പറയുന്നുണ്ട്. അതേസമയം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയായ യൂജിന്‍ പറയുന്നത് തിരുവനന്തപുരത്ത് ശശി തരൂര്‍ മാത്രമേ ജയിക്കൂവെന്നാണ്. തരൂര്‍ ആഗോള വ്യക്തിത്വമാണെന്നത് മാത്രമല്ല, ഇദ്ദേഹം കാണുന്ന പ്ലസ് പോയിന്റ് ബിജെപിയെ യാതൊരു വിധത്തിലും ഇവിടെ ജയിക്കാന്‍ അനുവദിക്കാതിരിക്കാന്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ തരൂരിനെ ജയിപ്പിക്കുമെന്നത് കൂടിയാണ്. യൂജിന്‍ മാത്രമല്ല, വിഴിഞ്ഞം തുറയിലെ വിവിധ മതസ്ഥരുടെ മേഖലകളിലും കോണ്‍ഗ്രസ് അനുകൂല തരംഗമാണ് നിലനില്‍ക്കുന്നത്.

നമ്മള്‍ കഴിക്കുന്നതെന്തെന്ന് ചോദ്യം ചെയ്യുന്നവരെ വോട്ട് ചെയ്ത് ജയിപ്പിക്കാനില്ലെന്നാണ് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പറയുന്നത്. അതേസമയം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് തരൂര്‍ ഇവിടെ എന്ത് ചെയ്‌തെന്ന് ചോദിക്കുന്ന ഒരു വലിയ സമൂഹവുമുണ്ട്. അതിന് പ്രതിവിധിയായി അവരില്‍ ചിലരെങ്കിലും കാണുന്നത് സി ദിവാകരനെയാണ്. തിരുവനന്തപുരത്ത് നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ ചര്‍ച്ചകളില്‍ തരൂരും ദിവാകരനും മാത്രമാണുള്ളത്. ഒ രാജഗോപാല്‍ നേടിയ വോട്ട് പോലും കുമ്മനം നേടില്ലെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നഗരത്തിലേക്ക് വരുമ്പോള്‍ മാത്രമാണ് കുമ്മനത്തിന്റെ പേരും ഉയരുന്നത്. അതില്‍ തന്നെ കോര്‍പ്പറേറ്റുകളും അപ്പര്‍ മിഡില്‍ ക്ലാസുകളും തരൂരിന്റെ പേരിനാണ് മുന്‍തൂക്കം നല്‍കുന്നത്. മിഡില്‍ ക്ലാസിന് കുമ്മനത്തിന്റെ ലളിത ജീവിതത്തോടുള്ള താല്‍പര്യമുണ്ട്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയായാണ് അവര്‍ കുമ്മനത്തെ കാണുന്നത്. എന്നാല്‍ അപ്പോഴും ശബരിമല വിഷയത്തെ അവര്‍ അത്രമേല്‍ പ്രധാനമായി കാണുന്നില്ല. ബിജെപിയും പ്രചരണ വാചകങ്ങളില്‍ നിന്നും ശബരിമല ഒഴിവാക്കി ‘എന്‍ മനം കുമ്മനം’ എന്ന വാചകം ഉയര്‍ത്തിപ്പിടിക്കുന്നു. സാധാരണക്കാരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന നേതാവായാണ് വാഹന പ്രചരണങ്ങളില്‍ അദ്ദേഹത്തെ വാഴ്ത്തുന്നത്. അതേസമയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് കൈത്താങ്ങാന്‍ തരൂരിനെ വിജയിപ്പിക്കണമെന്നും വിശ്വാസത്തിന്റെ പേരില്‍ കേരള ജനതയെ രണ്ട് തട്ടിലാക്കുന്ന ബിജെപിയെയും ഇടതുപക്ഷത്തെയും തോല്‍പ്പിക്കണമെന്നാണ് തരൂരിന് വേണ്ടിയുള്ള പ്രധാന വാഹന പ്രചരണം. വര്‍ഗ്ഗീയതയെയും അഴിമതിയെയും തുടച്ചുനീക്കാന്‍ ഇടതുപക്ഷത്തെ ജയിപ്പിക്കണമെന്ന് ഇടതുപക്ഷവും ആവശ്യപ്പെടുന്നു. ബിജെപിക്കെതിരെ ഗോവധ നിരോധനവും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും നോട്ട് നിരോധനവും സാമ്പത്തിക പരിഷ്‌കരണത്തിലെ അപാകതകളും ഇരുമുന്നണികളും ഉന്നയിക്കുന്നു. അക്രമ രാഷ്ട്രീയവും ശബരിമലയിലെ വിശ്വാസ ലംഘനവുമാണ് എല്‍ഡിഎഫിനെതിരെ ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെതിരെ ആരോപിക്കപ്പെടുന്നത് ശശി തരൂരിനെതിരായ വ്യക്തിപരമായ ആരോപണങ്ങളും യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതികളുമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവസാനവട്ട വോട്ടെണ്ണലിലാണ് ശശി തരൂര്‍ വിജയിച്ചത്. വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ലഭിച്ചതാകട്ടെ പതിനയ്യായിരത്തിലേറെ വോട്ടിന്റെ മാത്രം ഭൂരിപക്ഷവും. 2009ല്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ സ്ഥാനത്താണ് ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ മൂന്നിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്. ഇതില്‍ നേമം മണ്ഡലത്തിന് മേല്‍ യുഡിഎഫും എല്‍ഡിഎഫും ഒരേപോലെ വോട്ട് മറിക്കല്‍ ആരോപണവും അവകാശവാദവും ഉന്നയിക്കുന്നുണ്ട്.

ഇക്കുറി വോട്ട് മറിച്ചാല്‍ സിപിഎം ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നാണ് നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ തന്നെ അതിനുള്ള സാധ്യതകള്‍ തീര്‍ത്തും കുറവാണ്. തുടക്കത്തില്‍ പ്രാദേശിക നേതൃത്വത്തില്‍ നിന്നും സഹകരണമില്ലെന്ന ആരോപണം ശശി തരൂര്‍ ആരോപിച്ചെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണ് പ്രചരണം നടത്തുന്നത്. അതോടൊപ്പം അണികളില്‍ വിജയ പ്രതീക്ഷയും ആവേശവും വിതറി ബിജെപിയുടെ പ്രചരണവും ശക്തമാണ്. നാളെ കൊട്ടിക്കലാശത്തിനൊരുങ്ങുമ്പോള്‍ മൂന്ന് മുന്നണികള്‍ക്കും സംശയമൊന്നുമില്ലാത്തതും ഇതിനാലാണ്. അവരവരുടേതായ പോക്കറ്റുകളില്‍ എല്ലാവരും ശക്തരാണ്. ഇനി നിഷ്പക്ഷമതികളായ വോട്ടര്‍മാരാണ് തിരുവനന്തപുരത്തെ ആര് പ്രതിനിധീകരിക്കണമെന്ന് തീരുമാനിക്കേണ്ടത്.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on April 20, 2019 9:28 pm