X

മോദിയുടെ ഫാസിസമാണ് നമ്മുടെ ശത്രു; കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് നില്‍ക്കണമായിരുന്നു: സക്കറിയ

മോദിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നാണ് സക്കറിയ പറയുന്നത്

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് പോലെ സുപ്രധാനമാണ് ഈ തെരഞ്ഞെടുപ്പെന്നും ഫാസിസത്തെ തോല്‍പ്പിക്കുന്നതിനെക്കുറിച്ച് നാം മുമ്പേ ആലോചിക്കേണ്ടിയിരുന്നുവെന്നും എഴുത്തുകാരന്‍ സക്കറിയ. കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ഉണ്ടാവേണ്ടിയിരുന്നുവെന്നും സക്കറിയ പറഞ്ഞു. മനോരമ ന്യൂസിലെ നേരെ ചൊവ്വയിലാണ് സക്കറിയ ഇത് പറഞ്ഞത്.

സംസ്‌കാര സമ്പന്നതയുണ്ട് എന്നതിന്റെ അടയാളങ്ങള്‍ കാണിക്കുന്ന മനുഷ്യരെ തനിക്കിഷ്ടമാണ്. സംസ്‌കാരമില്ല എന്ന് തോന്നുന്നവരെക്കാളും. പാര്‍ട്ടിയെയല്ല രാഹുല്‍ എന്ന മനുഷ്യനെ താന്‍ വിശ്വസിക്കുന്നുവെന്നും സക്കറിയ വ്യക്തമാക്കി.

തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ താന്‍ വോട്ട് ചെയ്യുന്നത് ശശി തരൂരിനാണെന്ന് സക്കറിയ പരസ്യമായി പറഞ്ഞിരുന്നു. ഇതും ശശി തരൂരെന്ന വ്യക്തിയെ നോക്കി മാത്രമാണെന്നും സക്കറിയ പറയുന്നു. ശബരിമല സ്ത്രീ പ്രവേശനം എന്ന ഒറ്റ വിഷയത്തില്‍ തരൂര്‍ അനുകൂലിച്ചില്ല എന്നതുകൊണ്ടുമാത്രം ആ വ്യക്തിയുടെ പ്രവര്‍ത്തികളേയും, നിലപാടുകളേയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും സക്കറിയ പറഞ്ഞു. ശശി തരൂരിന് വോട്ട് ചെയ്യുന്നത് കൊണ്ട്മാത്രം താന്‍ കോണ്‍ഗ്രസിനെ പിന്‍തുണക്കുന്ന ആളാകുന്നില്ലെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മോദിക്കെതിരെ ഇടതുപക്ഷവും യുഡിഎഫും ഒന്നിച്ചു നില്‍ക്കേണ്ടതായിരുന്നു. അത് കുറെക്കാലം മുമ്പ് തന്നെ പ്രഖ്യാപിക്കുകയും ചെയ്യണമായിരുന്നു. ഇത് കോണ്‍ഗ്രസ് ആദ്യമേ പറയണമായിരുന്നു. അവിടെയാണ് ഇവര്‍ ഫാസിസത്തിനെതിരെ പറയുന്ന വായ്ത്താരികള്‍ സത്യമാണോ അല്ലയോ എന്ന് എനിക്ക് സംശയമുയരുന്നത്. രാജ്യവ്യാപകമായി പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ ഇവരെല്ലാം സജീവമായി ഇടപെടണമായിരുന്നു. ഇവര്‍ അതിന് വേണ്ടി പ്രയത്‌നിക്കേണ്ടിയിരുന്നു. അടുത്ത അഞ്ച് കൊല്ലം എന്താണ് സംഭവിക്കുന്നത് എന്നത് മുന്നില്‍ കണ്ട് അവര്‍ അന്നേ പ്രവര്‍ത്തിക്കണമായിരുന്നുവെന്നും സക്കറിയ പറയുന്നു.

അതേസമയം താനൊരു കാരണവശാലും നരേന്ദ്ര മോദിയെ അംഗീകരിക്കില്ലെന്നും സക്കറിയ വ്യക്തമാക്കി. മോദിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നാണ് സക്കറിയ പറയുന്നത്. സാധുക്കള്‍ക്ക് വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രം എന്ന ഇന്ത്യയുടെ ഐഡന്റിറ്റിയെ ആണ് ഇവര്‍ ചോദ്യം ചെയ്തത്. മോദി ഇനിയും തുടര്‍ന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യമുണ്ടാകില്ലെന്നത് തനിക്ക് ഒരു വിശ്വാസമല്ലെന്നും അതൊരു സാധ്യതയാണെന്നും സക്കറിയ പറയുന്നു.

ആര്‍എസ്എസ് പോലെ ഒരു ഫാസിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി പിന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഇടപെടുമ്പോള്‍ നമ്മള്‍ എല്ലാ സാധ്യതകളും കണക്കിലെടുക്കണം. നരേന്ദ്ര മോദിയെ തെളിവില്ലാതെ ഒരു രീതിയിലും കുറ്റം പറയുന്നില്ല. പക്ഷെ അതിന്റെ മനസുകളെ കാണാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ മടിയിലിരുന്ന് വളര്‍ന്ന ഇന്ദിരാ ഗാന്ധി ഭരിക്കുമ്പോള്‍ പോലും ഇവിടെ ജനാധിപത്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്.

This post was last modified on April 16, 2019 7:07 am