X

നിങ്ങള്‍ ഉറയാണോ ഗുളികയാണോ ഉപയോഗിക്കുന്നത്? കത്തോലിക്ക സഭയുടെ സര്‍വെയിലെ ചോദ്യം വിവാദത്തില്‍

ഇത്തരം ചോദ്യങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്

ജനന നിയന്ത്രണത്തെ കടുത്ത പാപമായി വിശേഷിപ്പിക്കുന്ന കത്തോലിക്ക സഭ കുടുംബ ബോധവല്‍ക്കരണത്തിനായി നടത്തുന്ന സര്‍വേയിലെ ചോദ്യങ്ങള്‍ വിവാദത്തില്‍. ജനസംഖ്യാ വര്‍ധനവിനെതിരെ കുടുംബാസൂത്രണം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോഴും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഗര്‍ഭഛിദ്രം പോലെ കണക്കാക്കണമെന്നാണ് സഭ പറയുന്നത്.

കൂടുതല്‍ കുട്ടികള്‍ വേണമെന്ന് സഭ ആവശ്യപ്പെടുമ്പോഴും വിശ്വാസികള്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്താന്‍ സീറോ മലബാര്‍ സഭ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇടവകള്‍ തോറും സര്‍വേ നടത്താന്‍ കുടുംബപ്രേഷിത കേന്ദ്രത്തെ സഭ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ സര്‍വേക്കായി തയ്യാറാക്കിയ ചോദ്യാവലിയില്‍ തീര്‍ത്തും വ്യക്തിപരമായ ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിങ്ങള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടോ? ഉണ്ടെങ്കില്‍ ഏതു മാര്‍ഗ്ഗം, ഗുളികയാണോ ഉറയാണോ ഉപയോഗിക്കുന്നത്. എന്നിങ്ങനെയാണ് ചോദ്യാവലിയിലെ ചോദ്യങ്ങള്‍.

കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പാപമായി കരുതുന്നുണ്ടോയെന്നും ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. സര്‍വേ അസാന്മാര്‍ഗികവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്നാണ് മുഖ്യമായും ആരോപണം ഉയരുന്നത്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ 1968ല്‍ എഴുതിയ ഹ്യുമാനേ വിയാറ്റെ എന്ന ചാക്രിക ലേഖനത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ് സഭയുടെ സര്‍വേയെന്നാണ് കപ്പൂച്ചിയന്‍ വൈദികനായ ജിജോ കുര്യന്‍ പറയുന്നത്.

എന്നാല്‍ ഈ സര്‍വെ ഇടവക ജനങ്ങളുടെയോ വിശ്വാസികളുടെയോ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമല്ലെന്നും സഭ നടത്തുന്ന ഒരു സാധാരണ വിവരശേഖരം മാത്രമാണെന്നുമാണ് കെസിബിസി വക്താവ് വള്ളിക്കാട്ട് ന്യൂസ്‌സ്‌കൂപ്പ് ഡോട്ട് കോം എന്ന വാര്‍ത്താ സൈറ്റിനോട് പ്രതികരിച്ചത്. ഇടുക്കി ജില്ലയിലെ പള്ളികളിലാണ് ഇപ്പോള്‍ ഈ സര്‍വേ നടക്കുന്നതെന്ന് കുടുംബപ്രേഷിത കേന്ദ്രത്തിന്റെ ചുമതലയുള്ള ഫാദര്‍ ജോസഫ് കൊല്ലക്കൊമ്പില്‍ പറയുന്നു.

This post was last modified on May 1, 2018 2:03 pm

Related Post
Leave a Comment