X

സൗമ്യമായ പെരുമാറ്റം, ഒരു സംശയവും തോന്നിയില്ല; കേഡലിനെക്കുറിച്ച് ഹോട്ടല്‍ ജീവനക്കാര്‍

കൊലപാതകങ്ങള്‍ നടത്തിയശേഷം തിരുവനന്തപുരത്തു നിന്നും കേഡല്‍ നേരെ പോയത് ചെന്നൈയ്ക്കായിരുന്നു.

സൗമ്യമായ പെരുമാറ്റം, സംശയിക്കാന്‍ തക്കതായി ഒന്നും തോന്നിയില്ല. നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ ചെന്നൈ ട്രിപ്ലിക്കേനിലെ എന്‍ ബി പാലസ് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒരു ദിവസം മാത്രമാണ് കേഡല്‍ ഈ ഹോട്ടലില്‍ താമസിച്ചത്. പൊലീസ് തന്നെ തേടുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഹോട്ടല്‍ വിട്ടു. കൊലപാതകങ്ങള്‍ നടത്തിയശേഷം തിരുവനന്തപുരത്തു നിന്നും കേഡല്‍ നേരെ പോയത് ചെന്നൈക്കായിരുന്നു.

കേഡലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രതിയുമായി പൊലീസ് ചെന്നൈ ട്രിപ്ലിക്കേനിലെ ഹോട്ടലില്‍ എത്തിയത്. റൂം നമ്പര്‍ 204 ല്‍ ആയിരുന്നു കേഡല്‍ താമസിച്ചത്. ഹോട്ടലില്‍ നിന്നും കേഡലിന്റെ വസ്ത്രവും ബാഗും പൊലീസ് കണ്ടെടുത്തു. ഹോട്ടലില്‍ ആളുകള്‍ ഉപേക്ഷിച്ച സാധനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്തു നിന്നാണ് വസ്ത്രവും ബാഗും കണ്ടെടുത്തത്. ബാഗും ചില വസ്ത്രങ്ങളും ട്രിപ്ലിക്കേനിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയതെന്നു കേഡല്‍ പറഞ്ഞതനുസരിച്ച് ഈ കടയിലും പൊലീസ് എത്തി തെളിവെടുപ്പ് നടത്തി. ഇതിനടുത്തായുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്നും ബാന്‍ഡ് എയ്ഡും വാങ്ങിയിരുന്നതായി കേഡല്‍ പറഞ്ഞതിനാല്‍ അവിടെയും തെളിവെടുപ്പ് നടത്തി.
ഹോട്ടലില്‍ മൂന്നുമണിക്കൂറോളം തെളിവെടുപ്പ് നടന്നു. രാവിലെ ഒമ്പതു മണിക്കാണു തുടങ്ങിയത്. കൊലപാതകത്തിനുശേഷം രക്ഷപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇപ്പോള്‍ കിട്ടിയ കൂട്ടത്തിലുണ്ട്. അവയില്‍ രക്തക്കറ പറ്റിയിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കുമെന്നു ഡിസിപി അരുള്‍ ബി കൃഷ്ണ പറഞ്ഞു. വസ്ത്രത്തിന്റെ പുറമെ രക്തം കണ്ടില്ലെങ്കില്‍ കൂടി ഫോറന്‍സിക് ലാബിലെ വിദഗ്ദ പരിശോധനയില്‍ രക്തക്കറ കണ്ടെത്താന്‍ സാധിക്കുമെന്നാണു പൊലീസ് പറയുന്നത്.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേഡലിനെയും കൊണ്ട് ചെന്നൈയില്‍ തെളിവെടുപ്പിനു പോയത്. ഇവര്‍ ഇന്നു മടങ്ങിയെത്തും.

ഈ മാസം 20 വരെയാണ് കേഡലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനകം നന്തന്‍കോട് വീട്ടിലും പെട്രോള്‍ പമ്പിലും ഇപ്പോള്‍ ചെന്നൈയിലും കേഡലിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഇതുവരെയുള്ള അന്വേഷണങ്ങളിലും കിട്ടിയ തെളിവിലും രണ്ടാമതൊരാള്‍ക്കു കൊലപാതകങ്ങളില്‍ പങ്കില്ലെന്ന നിഗമനമാണ് പൊലീസിനുള്ളത്. കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ടെങ്കിലും അവസാന മൊഴിയില്‍ പറഞ്ഞ അച്ഛനോടുള്ള വൈരാഗ്യമാണോ കൂട്ടക്കൊലപാതകത്തിലേക്കു നയിച്ചതെന്ന കാര്യത്തില്‍ മാത്രമാണ് പൊലീസിന് ഇപ്പോഴും സംശയം. പ്രതിയുടെ മാനസികനിലയെ കുറിച്ചുള്ള അനിശ്ചിതത്വും പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.

Related Post
Leave a Comment