X

കുരിശു പൊളിച്ചതിനെ ബാബറി മസ്ജിദ് തകര്‍ത്തതിനോട് ഉപമിച്ച് കേരള കത്തോലിക്ക സഭ

കേരളം ഭരിക്കുന്നത് ഇടതുമുന്നിയാണെങ്കിലും പിണറായി സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്നുവെന്നും സഭ

മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്തത് ബാബറി മസ്ജിദ് തകര്‍ത്തതിനോട് ഉപമിച്ച് കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് (കെസിബിസി). മൂന്നാറിലെ കയ്യേറ്റ ഭൂമി നിയമവിധേയമായി ഒഴിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച്, ഭീതി പരത്തി കുരിശ് പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചത് അവിവേകമാണെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നാണ് കെസിബിസിയുടെ നിലപാട്.

ഒപ്പം, കേരളം ഭരിക്കുന്നത് ഇടതുമുന്നിയാണെങ്കിലും പിണറായി സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് മൂന്നാറില്‍ കുരിശ് തകര്‍ത്തതെന്നും കെസിബിസി പറയുന്നു. ഒരു മതവിഭാഗത്തെ മുഴുവന്‍ നിന്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വിധത്തിലായിപ്പോയി നടപടി. കുരിശ് തകര്‍ക്കുന്നത് ഒരു പകല്‍ മുഴുവന്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണിച്ചതും ക്രൈസ്തവരുടെ മനസില്‍ ആഘാതം ഏല്‍പ്പിക്കുന്നതാണെന്നും മതേതര സ്വഭാവം അവകാശപ്പെടുന്ന ഭരണക്കാരുടെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

കുരിശ് നീക്കം ചെയ്തത് പ്രാകൃതമായ രീതിയിലായിപ്പോയിയെന്നും കുരിശ് നീക്കണമെങ്കില്‍ അത് നിയമാനുസൃതം അറിയിക്കുകയും സാവകാശം നല്‍കുകയും ചെയ്യാമായിരുന്നുവെന്നും കെസിബിസി പറഞ്ഞു.

This post was last modified on April 21, 2017 9:19 am