X

മുത്തലാഖ് 1400 വര്‍ഷമായി മുസ്ലീങ്ങള്‍ പാലിച്ചു പോരുന്ന ആചാരം-കപില്‍ സിബല്‍

രാമന്‍ അയോദ്ധ്യയിലാണ് ജനിച്ചത് എന്ന വിശ്വാസം പോലെ ഒന്നാണ് ഇതെന്നും ആള്‍ ഇന്‍ഡ്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ സിബല്‍

മുത്തലാഖ് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ആള്‍ ഇന്‍ഡ്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ്. “എ ഡി 637 മുതല്‍ മുത്തലാഖ് നിലവിലുണ്ട്. ഇത് അനിസ്ലാമികം എന്നു പറയാന്‍ നമ്മളാരാണ്. കഴിഞ്ഞ 1400 വര്‍ഷങ്ങളായി മുസ്ലീങ്ങള്‍ ഇത് പാലിച്ച് വരികയാണ്.” മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ മുന്‍ കേന്ദ്ര നിയമ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

“മുത്തലാഖ് സമത്വത്തിന്റെയോ മനഃസാക്ഷിയുടെയോ പ്രശ്നമല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്. എന്തിനാണ് കോടതി അതില്‍ ഇടപെടുന്നത്?” സിബല്‍ ചോദിച്ചു. തലാഖ് വിഷയത്തെ രാമന്‍ അയോദ്ധ്യയില്‍ ജനിച്ചു എന്ന വിശ്വാസമാണ് സിബല്‍ ഉദാഹരണമായി പറഞ്ഞത്. രാമന്‍ അയോദ്ധ്യയിലാണ് ജനിച്ചത് എന്നു ഞാന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നും അതിനു ഭരണഘടനയുമായി ബന്ധമില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.

ഇലക്ട്രോണിക് വിവാഹമോചനം നടക്കാറുണ്ടോ എന്ന ജസ്റ്റിസ്സ് കുര്യന്‍ ജോസഫിന്റെ ചോദ്യത്തിന് വിവാഹമോചനം വാട്സാപ്പ് വഴിയും നടക്കാറുണ്ടെന്ന് സിബല്‍ മറുപടി പറഞ്ഞു.

ഇന്നലെ നടന്ന വാദത്തില്‍ മുത്തലാഖ് വിവേചനപരവും നിയമ വിരുദ്ധവുമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇതവസാനിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നും ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും അറ്റോര്‍ണി ജനറല്‍ മുകുല്‍ റോത്തഗി പറഞ്ഞിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹാര്‍ നയിക്കുന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത് തുടരുകയാണ്.

This post was last modified on May 16, 2017 2:31 pm