X

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍

വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കരട് തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുക. മുസ്ലിം വനിത വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണ് ഇത് കൊണ്ടുവരുന്നത്. മൂന്ന് തലാഖും ഒറ്റയടിക്ക് ചൊല്ലി വിവാഹമോചനം നേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

മുത്തലാഖ് വഴി വിവാഹ മോചനത്തിന് വിധേയയാകുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാമെന്ന് ബില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്ന് ഭാര്യയ്ക്ക് കോടതിയോട് ആവശ്യപ്പെടാം. എന്നാല്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കരട് തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുത്തലാഖ് ഭരണഘടനാവിരുദ്ധം ആണെന്ന് ഓഗസ്റ്റ് 22നാണ് സുപ്രീംകോടതി വിധിച്ചത്.

This post was last modified on December 28, 2017 9:09 am