അഴിമുഖം പ്രതിനിധി
ഈ ട്രോളന്മാര്‍ക്ക് ഇതെന്തു പറ്റി? വലതുപക്ഷ സര്‍ക്കാരിനെ ഇടംവലം നോക്കാതെ ട്രോളിയിരുന്നവരാണ്. അവര്‍ക്കാര്‍ക്കും പുതിയ സര്‍ക്കാരിന്റെ കാലത്ത് മിണ്ടാട്ടം മുട്ടിപ്പോയതെന്താണെന്ന് ചോദിക്കുകയാണ് വര്‍ഗീസ് ചെറിയാന്‍.
ബാര്‍ കോഴ കത്തിനിന്ന സമയത്ത് സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ ആഷിക് അബു ഫേസ്ബുക്കിലൂടെ തുടക്കമിട്ട ‘#എന്റെ വക മണിക്ക് 500’ കേരളം മൊത്തം ഏറ്റെടുക്കുന്നതു നാം കണ്ടതാണ്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണിയുടെ പേരിലേക്ക് എത്രയോ മണി ഓര്‍ഡറുകള്‍ ചെന്നു. സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും ചൂട് ശരിക്കും മാണി അറിഞ്ഞു.
“എന്നാല്‍ ഭരണം മാറിയതോടെ ട്രോളന്മാരും മാറിയിരിക്കുന്നു”, വര്‍ഗീസ് പറയുന്നു. “സമൂഹ മാധ്യമങ്ങള്‍ ഇടത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യാന്‍ ഭയക്കുന്നു. അല്ലെങ്കില്‍ ഇടതുപക്ഷം കൃത്യമായി അവര്‍ക്കെതിരെയുള്ള ട്രോളുകള്‍ നിയന്ത്രിക്കുന്നുണ്ടാവും.”
ഈയൊരു ഘട്ടത്തില്‍ ഏറ്റവും അധികം ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിയിരുന്നയാള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരനാണ്. നിയമോപദേഷ്ടാവിന്റെ സ്ഥാനത്തിരുന്നുകൊണ്ട് തന്നെ സര്‍ക്കാരിന്റെ എതിര്‍ഭാഗത്തുള്ളവര്‍ക്കു വേണ്ടി കേസ് വാദിക്കുന്നു. അതും അഴിമതിയും തട്ടിപ്പും നടത്തിയവര്‍ക്കു വേണ്ടി. തികച്ചും ജനവിരുദ്ധമായ നടപടികള്‍ ദാമോദരന്‍ തുടര്‍ന്നിട്ടും അതിനെതിരെ സര്‍ക്കാര്‍ നിലപാട് എടുക്കുന്നില്ല എന്ന സാഹചര്യവും ലജ്ജാകരമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ ചെറിയ പിഴവുകള്‍ പോലും ട്രോളുകളിലൂടെ സമൂഹത്തില്‍ ചര്‍ച്ചയായിരുന്നെങ്കില്‍ ദാമോദരനോ അദ്ദേഹത്തിന്റെ തോന്ന്യാസങ്ങള്‍ അംഗീകരിച്ച സര്‍ക്കാരിനെയോ ഒന്നു സ്പര്‍ശിക്കുകപോലും ചെയ്യാതെ മാറിനില്‍ക്കുയാണ് നമ്മുടെ ട്രോളന്‍മാര്‍ എന്നാണ് വര്‍ഗീസിന്റെ പരാതി. അതുകൊണ്ട് സ്വയം ഇക്കാര്യത്തില്‍ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുകയാണ് വര്‍ഗീസ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എംകെഡി എന്ന എംകെ ദാമോദരന്‍ ചെയ്യുന്നത് തീരെ ശരിയല്ല. പ്രതിഫലം വാങ്ങാതെ നിയമോപദേശം നല്‍കുന്നതു കൊണ്ടാവും അദ്ദേഹത്തിനു വിവാദപരമായ മറ്റ് കേസുകളില്‍ ഹാജരാവേണ്ടി വരുന്നത്. അതുകൊണ്ടു എംകെഡിയുടെ വീട്ടുകാര്യങ്ങള്‍ മുറതെറ്റാതെ നടക്കാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ വര്‍ഗീസ് ഒരു ഹാഷ് ടാഗ് പ്രചാരണം തുടങ്ങി;
മുഖ്യമന്ത്രിക്ക് സൗജന്യ ഉപദേശം നല്‍കി പാപ്പരാകാതെ പോകാന്‍ ദാമോദര്‍ ജിക്ക്.
കേരള മുഖ്യമന്തിക്ക് സൗജന്യ നിയമോപദേശം നല്‍കുക എന്ന തികച്ചും ജനോപകാര പ്രദമായ ദൗത്യം നിര്‍വഹിക്കുകയും അതു മൂലം ഉണ്ടാകുന്ന വന്‍ സാമ്പത്തിക നഷ്ടം നികത്താന്‍ കച്ചറകിച്ചറ കേസുകെട്ടുകള്‍ എടുത്തു കഷ്ടപ്പെടുകയും ചെയ്യുന്ന ദാമോദര്‍ജിയെ സഹായിക്കുക എന്നത് നമ്മുടെ കടമയല്ലേ, സുഹൃത്തുക്കളെ?
അതിനായി ഞാന്‍ തുടങ്ങി വച്ചിരിക്കുന്ന ഈ സംരംഭത്തെ ഏറ്റെടുക്കുക; വിജയിപ്പിക്കുക!
മാണി സാറിനു കൊടുത്ത പോലെ 500 ഒന്നും വേണ്ട, വെറും അഞ്ചു മതി. പല തുള്ളി പെരുവെള്ളം ആകട്ടെ!
സംഭാവനകള്‍ മാണി ഓര്‍ഡര്‍ ആയി മാത്രം നേരിട്ടു ദാമോദര്‍ജി ആന്‍ഡ് കോയ്ക്ക് അയക്കുക . ‘ഓണ്‍ലൈന്‍’ ഇടപാടുകള്‍ വേണ്ടേ വേണ്ട!
നാട് നന്നാവട്ടെ!- വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
“കെഎം മാണി യുടെ പാലായിലെ വീട്ടിലേക്കു പത്തു രൂപ മുതല്‍ 500 രൂപ വരെയുള്ള മണി ഓര്‍ഡര്‍ ഒഴുക്കായിരുന്നു. അപമാനിക്കപ്പെടുന്നതായി തോന്നിയ കെ എം മാണി തുക എല്ലാം മടക്കി. മുട്ടുമടക്കാന്‍ ട്രോളന്മാര്‍ തയാറായില്ല. വീണ്ടും അയച്ചു. മാണി വീണ്ടും മടക്കി. കൊച്ചിയില്‍ ഭിക്ഷ എടുത്തുവരെ മണി ഓര്‍ഡര്‍ അയച്ചും ചിലര്‍ മാധ്യമ ശ്രദ്ധ നേടി. ഒടുവില്‍ മാണിയുടെ വാശി ബുദ്ധിക്കു വഴിമാറി. കിട്ടുന്ന മണി ഓര്‍ഡര്‍ രോഗികളെ സഹായിക്കാനുള്ള കാരുണ്യ ഫണ്ടിലേക്ക് വാങ്ങി. ഇതോടെ ട്രോളര്‍മാരുടെ പ്രതിഷേധവും കെട്ടടങ്ങി. മാണിയെ തൊട്ട് മോദിയെ വരെയും ട്രോളിയവര്‍, ഐസ് ഐസ് ഭീകരന്മാരെ കീ ബോര്‍ഡില്‍ പഞ്ഞിക്കിട്ടവര്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ ട്രോളാന്‍ തയാറാകാത്തത് അത്ഭുതമാണ്. ട്രോളന്മാര്‍ പലരും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതായി”, വര്‍ഗീസ് പറയുന്നു.
മനസ്സില്‍ തോന്നിയ ആശയം മാണി സാറിനു മുട്ടന്‍ പണി കൊടുത്ത സംവിധായകന്‍ ആഷിക് അബുവിനെ ടാഗ് ചെയ്താണ് വര്‍ഗീസ് തുടങ്ങിയത്. ആഷിക് അബുവിനെ പോലുള്ളവര്‍ വേണം ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടിയിരുന്നത്. ട്രോള്‍ എന്നാല്‍ നവയുഗത്തിലെ പ്രഹസനങ്ങളാണ്. അവിടെ പക്ഷം പിടിക്കല്‍ പാടില്ല. ഇ.പി ജയരാജനെ ട്രോള്‍ ചെയ്തത് മാറ്റി നിര്‍ത്തിയാല്‍ കാര്യമാരായ ട്രോള്‍ ഒന്നും തന്നെ ഇടതു സര്‍ക്കാരിന് നേരെ വന്നിട്ടില്ല. പുതിയകാല ചാക്യാന്മാരായ ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു) പിണറായി എന്ന കേള്‍കുന്നതേ പേടിയാണ് എന്ന ചെറുകഥാകൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്റെ നിരീക്ഷണം ഇവിടെ ചേര്‍ത്തു വായിക്കാം.
എന്നിരുന്നാലും വര്‍ഗീസ് ചെറിയാന്‍ ഭയപ്പെടുന്നില്ല. ഒരു ട്രോള്‍ എന്ന നിലയിലാണ് ഇപ്പോള്‍ സംഗതിയുടെ കിടപ്പെങ്കിലും നാളെ ജനങ്ങള്‍ ഏറ്റെടുത്താല്‍ മാണി സാറിന്റെ അനുഭവം ആയിരിക്കും എംകെ ദാമോദരനും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
This post was last modified on December 27, 2016 4:21 pm
Leave a Comment