X

ചെസ്സിലെ കുഞ്ഞുപ്രതിഭ ശ്രേയസ്സിന് യുകെയിൽ തുടരാൻ സർക്കാർ അനുമതി

മകൻ അതീവ സന്തുഷ്ടനാണെന്ന് ജിതേന്ദ്ര സിങ് അറിയിച്ചു

കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കി വരുന്ന യുകെ സർക്കാർ ഇന്ത്യൻ വംശജനായ ചെസ്സ് പ്രതിഭയെയും കുടുംബത്തെയും നാട്ടിലേക്ക് തിരികെ അയയ്ക്കാൻ തയ്യാറെടുക്കുന്നത് വാർത്തയായിരുന്നു. 9 വയസ്സുകാരനായ ശ്രയസ് റോയ എന്ന ബെംഗളൂരു സ്വദേശിയെയും കുടുംബത്തെയുമാണ് കയറ്റിവിടാൻ യുകെയുടെ ഇമിഗ്രേഷൻ വകുപ്പ് തീരുമാനിച്ചിരുന്നത്.

ചെസ്സിൽ യുകെയുടെ ഭാവി പ്രതീക്ഷയായാണ് ശ്രേയസ് അറിയപ്പെടുന്നത്. ജിതേന്ദ്ര സിങ് എന്ന ബെംഗളൂരു സ്വദേശി ടാറ്റ കൺസൾട്ടൻ‌സി സർവീസസിൽ ജോലിയുമായാണ് യുകെയിലെത്തിയത്. അഞ്ചു വർഷത്തെ വിസ കാലാവധി കഴിഞ്ഞതോടെ അധികൃതർ തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സംഭവം വാർത്തയായതോടെ അധികൃതർ നിലപാടിൽ മാറ്റം വരുത്തി.

അധികൃതർ നിലപാട് മാറ്റിയതോടെ തന്റെ മകൻ അതീവ സന്തുഷ്ടനാണെന്ന് ജിതേന്ദ്ര സിങ് അറിയിച്ചു. ശ്രയസ് തുള്ളിച്ചാടുകയാണെന്നും അതു കണ്ട് അവന്റെ അമ്മ കരഞ്ഞുവെന്നും സിങ് പറഞ്ഞു.

സെപ്തംബറിലാണ് സിങ്ങിന്റെ ഇപ്പോഴത്തെ വിസ കാലാവധി അവസാനിക്കുന്നത്. ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം കുടുംബത്തെ തുടരാനനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ച സന്തോഷവാർത്തയുമായി ഇമിഗ്രേഷൻ അധികൃതരെത്തി. വിസ പുതുക്കിക്കിട്ടാനുള്ള അപേക്ഷ സിങ്ങിന് സമര്‍പ്പിക്കാമെന്ന് അവരറിയിച്ചു.

This post was last modified on August 12, 2018 1:34 pm