X

കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബ്രിട്ടന്‍; മനുഷ്യാവകാശം അന്താരാഷ്ട്ര പ്രശ്‌നമാണ്

തടവിലാക്കലുകള്‍, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ റദ്ദാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജയശങ്കറുമായി സംസാരിച്ചിരുന്നു.

ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് യുകെ ആവശ്യപ്പെട്ടു. യുകെയുടെ ആശങ്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഹൗസ് ഓഫ് കോമണ്‍സിനെ അറിയിച്ചു. തടവിലാക്കലുകള്‍, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ റദ്ദാക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജയശങ്കറുമായി സംസാരിച്ചിരുന്നു. കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച് ചോദ്യോത്തരവേളയില്‍ നിരവധി ചോദ്യങ്ങളുയര്‍ന്നു.

മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ വളരെയധികം ആശങ്കയുണ്ടാക്കുന്നു. അതില്‍ വിശദമായ അന്വേഷണം വേണം. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണ് എന്ന് നിലപാട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആവര്‍ത്തിച്ചു. അതേസമയം മനുഷ്യാവകാശങ്ങള്‍ ഇന്ത്യയുടേയും പാകിസ്താന്റേയും ഉഭയകക്ഷി പ്രശ്‌നമോ ആഭ്യന്തര പ്രശ്‌നമോ അല്ല. അതൊരു അന്താരാഷ്ട്ര പ്രശ്‌നമാണ്.

കാശ്മീരീകള്‍ ധാരാളമായുള്ള വൈകോംബ് മണ്ഡലത്തിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി സ്റ്റീവ് ബേക്കറിന്റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സെക്രട്ടറി പറഞ്ഞത്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണം എന്നാണ്. സ്വതന്ത്ര അന്താരാഷ്ട്ര നിരീക്ഷരെ നിയോഗിക്കാനും കാശ്മീര്‍ താഴ്‌വരയില്‍ അവശ്യ സേവനങ്ങള്‍ തടയപ്പെടുന്നത് ഒഴിവാക്കാനും ആവശ്യമായ നടപടികള്‍ വേണമെന്ന് പല എംപിമാരും ആവശ്യപ്പെട്ടു. അതേസമയം കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ പിന്തുണച്ചാണ് സംസാരിച്ചത്. ആര്‍ട്ടിക്കിള്‍ 370 കാശ്മീരിലെ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും വിവേചനം കാട്ടിയിരുന്നതായി ബോബ് ബ്ലാക്ക്മാന്‍ അഭിപ്രായപ്പെട്ടു.

This post was last modified on September 4, 2019 10:26 am