X

ലണ്ടൻ പാര്‍ലമെന്റ് ചത്വരത്തിലെ ആദ്യത്തെ പെൺപ്രതിമ; സ്ത്രീകളുടെ വോട്ടവകാശ പോരാട്ട നായിക മില്ലിസെന്റ് ഫാസെറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കണം

ഇതാദ്യമായാണ് ഒരു സ്ത്രീ തന്നെ ശില്പിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട് ഫോസെറ്റിന്റെ പ്രതിമയുടെ കാര്യത്തിൽ.

ലണ്ടനിലെ ബ്രിട്ടിഷ് പാർലമെന്റ് ചത്വരം കഴിഞ്ഞദിവസം ഒരു ചരിത്രമുഹൂർത്തത്തിനാണ് സാക്ഷിയായത്. പ്രധാനമന്ത്രി തെരേസ മേ അടക്കമുള്ള നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ പാർലമെന്റ് ചത്വരത്തിലെ ആദ്യത്തെ പെൺപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടാനായി പോരാടിയ ഹോൺരീ മില്ലിസെന്റ് ഫോസെറ്റിന്റെ പ്രതിമയായിരുന്നു അത്.

കഴിഞ്ഞ ഇരുന്നൂറു വർഷത്തിനിടയിൽ ചത്വരത്തിൽ പ്രത്യക്ഷപ്പെട്ട 11 പ്രതിമകളെല്ലാം പുരുന്മാരുടേതായിരുന്നു. അവ മിക്കതും വെള്ളക്കാരുടേതാണെന്ന പ്രത്യേകതയുമുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഫോസെറ്റിന്റെ പ്രതിമ ചേർക്കപ്പെടുന്നത്. “Courage Calls to Courage Everywhere” എന്നെഴുതിയ ബാനർ പിടിച്ചു നിൽക്കുന്ന രീതിയിലാണ് പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്.

ബ്രിട്ടിഷ് നോവലിസ്റ്റായ ജേൻ ഓസ്റ്റിന്റെ ചിത്രം 10 പൗണ്ടിന്റെ ബ്രിട്ടിഷ് നോട്ടുകളിൽ അച്ചടിക്കണമെന്ന പ്രചാരണം വിജയകരമായി നടത്തിയ കരോലിൻ ക്രിയാഡോ പരെസ് ആണ് ഫോസെറ്റിനു വേണ്ടിയും പ്രചാരണം സംഘടിപ്പിച്ചത്. ഫെമിനിസ്റ്റ് മുന്നേറ്റങ്ങളിൽ ലോകത്തിലെ തന്നെ സുപ്രധാനമെന്ന് കരുതപ്പെടുന്ന പ്രസ്ഥാനമായിരുന്നു വോട്ടവകാശ സമരം. ഇത് നയിച്ച സ്ത്രീക്ക് ഇത്രയും കാലം ശരിയായ അംഗീകാരം കിട്ടിയില്ല എന്നത് വ്യവസ്ഥയുടെ പുരുഷാധിപത്യ മനോനില തുടരുന്നു എന്നതിന്റെ സൂചനയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ നിരീക്ഷിച്ചു.

ഗില്ലിയൻ വെയറിങ് ആണ് ഈ പ്രതിമയുടെ ശില്പി. പാർലമെന്റ് ചത്വരത്തിൽ നിലവിലുള്ള 11 പ്രതിമയുടെയും ശില്പികൾ പുരുഷന്മാരാണ്. ഇതാദ്യമായാണ് ഒരു സ്ത്രീ തന്നെ ശില്പിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട് ഫോസെറ്റിന്റെ പ്രതിമയുടെ കാര്യത്തിൽ.

1847ലാണ് ഡേം മില്ലിസന്റ് ഗാരറ്റ് ഫോസെറ്റ് ജനിച്ചത്. സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കാനും അധികാരസ്ഥാനങ്ങളിൽ പങ്കാളിത്തം ലഭിക്കാനും വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു ഫോസെറ്റിന്റെ ജീവിതം. 22 വയസ്സുള്ളപ്പോഴാണ് ഫോസെറ്റ് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങുന്നത്. സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിക്കൊടുക്കുന്നതിനുള്ള സമരങ്ങളിലേക്ക് ഫോസെറ്റ് ഇറങ്ങി. പിന്നീട് നായകസ്ഥാനം ഏറ്റെടുത്തു.