X

ഒരു മലയാളിയുടെ ലണ്ടൻ കക്കൂസ് അനുഭവം; ഫോസ്റ്റർസ് ബിയർ കൊണ്ട് ശൗചം ചെയ്താൽ ഇങ്ങനെയിരിക്കും!

അതാ മെറീന അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ കിസ്സ് ചെയ്യാ‍നെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു...! ഓ...! എന്റെ ലണ്ടൻ മുത്തപ്പാ...!

Bottles of Foster's beer sits on the bar at the Drop Bear Inn in South Melbourne on November 25, 2011. Australia's government approved brewer SABMiller's Aus$9.9 billion (US$9.62 billion) takeover of Foster's, but with strict conditions that will see key operations remain in the country. Treasurer Wayne Swan said the deal was in the national interest and given Foster's iconic status in Australia, he set certain conditions on the sale which would put the brand in foreign hands for the first time in its 150-year history. AFP PHOTO / WILLIAM WEST (Photo credit should read WILLIAM WEST/AFP/Getty Images)

ഏത് പണിക്കും അതിന്റേതായ ഒരു മാന്യത കണക്കാക്കുന്ന സ്ഥലമാണ് ലണ്ടൻ. ഒന്നര പതിറ്റാണ്ട് മുമ്പ് ഞാനൊക്കെ ഇവിടെയെത്തിയ കാലത്താണെങ്കിൽ മിക്ക ജോലിയും കിട്ടാന്‍ വളരെ എളുപ്പവുമായിരുന്നു.

ദോശയുണ്ടാക്കാന്‍ അറിയാതെ “ഇന്ത്യന്‍ ദോശ മേക്കര്‍” ‘വര്‍ക്ക്‌ പെർമിറ്റി‘ൽ ഇവിടെ കാലുകുത്താനുണ്ടായ തരികിടകള്‍ ഒന്നും വേണ്ടിവരില്ല ഇവിടെ ഒരു പണി കിട്ടുവാന്‍ എന്നത് വല്ലാത്ത സമാധാനം തന്നെയായിരുന്നു.

വെള്ളം വെള്ളം സർവ്വത്ര, ഒരുതുള്ളി കുടിപ്പാനിലെത്രെ എന്നൊക്കെ പറഞ്ഞ പോലെയായെന്റെ സ്ഥിതി വിശേഷം. ഇമ്മിണിയിമ്മിണി പണികളുണ്ട്. പക്ഷെ ഒന്നും കിട്ടാനില്ല.

അതിന് മിണ്ടിപ്പറഞ്ഞ് പണി ചോദിക്കാനും, ഒന്ന് പിടിച്ച് നിൽക്കാനും നല്ല ചുട്ട ഇംഗ്ലീഷ് വേണ്ടേ. എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ?!

അങ്ങിനെ കടകളിലും മറ്റുമുള്ള പണിയന്വേഷണം അവസാനിപ്പിച്ച്, ചില തല തിന്നുന്ന ഗെഡികളുടെ ഒത്താശയാൽ, ‘ലണ്ടൻ തമിഴ് സംഘ‘ത്തിന്റെ കാല് പിടിച്ച്, ഒരു പഴം പായ്ക്ക് ചെയ്യുന്ന കമ്പനിയില്‍ (Banana Company) ആദ്യ ജോലി കിട്ടി!

‘ഹെല്‍ത്ത് & സേഫ്റ്റി‘യാണ്, ഇവിടെ ജോലിയേക്കാള്‍ പ്രധാനം! സേഫ്റ്റി ബൂട്ടും, ചട്ടി തൊപ്പിയും, കൈയ്യുറയുമെല്ലാം ധരിച്ച് വാര്‍ ട്രൗസര്‍ യൂണിഫോമും ഇട്ട്, ചന്ദ്രനിലേക്ക് പോകുന്ന പോലെ ടകടകാന്ന് നടന്നും ഓടിയുമെല്ലാം ഉള്ള ആദ്യ ദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ.

നാട്ടിലെ എട്ട് മണിക്കൂറിലെ പണി സമയത്തില്‍ പകുതിയിലേറെ സമയം വാചകമടിച്ചും മറ്റും ചിലവഴിച്ചിരുന്ന ഞാന്‍ ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ മിണ്ടാട്ടമില്ലാതെ, തേക്കാത്ത എണ്ണധാര എന്നപോൽ ഒരു യന്ത്രം കണക്കെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നു!

രണ്ടാംദിവസം, പണിതുടങ്ങി ഒന്നര മണിക്കൂറിനുശേഷം, ‘ടീം ലീഡർ‘ സായിപ്പ് വന്ന് കൈ പൊക്കി ‘T‘ പോലെ കാണിച്ചു ബ്രേയ്ക്ക് എന്നു പറഞ്ഞിട്ടു പോയി.

ഞാൻ അവിടെയുള്ള സകല പ്ലാസ്റ്റിക്ക് തട്ടുകളും, പഴം കൊണ്ടു പോകുന്ന/വരുന്ന ബാസ്കറ്റ് ട്രേകളുമെല്ലാം മടക്കി വെച്ചു.

‘ബ്രേക്ക്’ എന്നത് വിശ്രമ സമയമാണെന്നറിയാതെയുള്ള എന്റെ ഈ പരിപാടി പിന്നീട് ബ്രേക്ക് കഴിഞ്ഞ് വന്നവരുടെ അരമണിക്കൂർ പണി ചുറ്റിച്ചതിനും, എന്റെ മംഗ്ലീഷ് പരിജ്ഞാനത്തിനും കിട്ടി ആദ്യത്തെ ‘വെർബൽ വാർണിങ്ങ്’…!

മൂന്നാം ദിനം, കാന്റീനില്‍ ചെന്നപ്പോള്‍ “വെന്റിംഗ് മെഷീന്‍” ചില്ലറ ബാക്കിവരുന്ന പൊത്തില്‍ തപ്പി നോക്കിയപ്പോള്‍ കഴിഞ്ഞ ദിനങ്ങളില്‍ കിട്ടിയ പോലെ ഒന്നിന്റേയും രണ്ടിന്റെയുമൊന്നും പെന്‍സുകള്‍ ഒന്നും കിട്ടിയില്ല.

സായിപ്പുമാര്‍ ബാക്കി വരുന്നവ എടുക്കാതെ പോകുമ്പോള്‍ ഞാന്‍ ‘ഇസ്കി’യതായിരുന്നു ആ പെൻസുകൾ കേട്ടോ. രണ്ടു ദിവസമായി പത്തമ്പത് രൂപ കിട്ടിയിരുന്നു!

മെഷീനീൽ , അമ്പത്‌ പെന്‍സ് ഇട്ട് പതിനഞ്ചു പെൻസിന്റെ ചായ വന്നതിനു ശേഷം നിന്നു. ബാക്കി വരുന്നില്ല.

അയ്യോ എന്റെ മുപ്പത് രൂപ! ഞാന്‍ മെഷീൻ പിടിച്ച് ചായ്ച്ചും ചെരിച്ചും മൂന്നാലുവട്ടം കുലുക്കി നോക്കി എന്നിട്ടും നോ രക്ഷ.

അപ്പോഴുണ്ട് ഒരു വെള്ളക്കാരന്‍ എന്നെ പിന്നില്‍നിന്നും വന്നു കുലുക്കുന്നു. എന്നിട്ട് മെഷീനിലൊട്ടിച്ച ഒരു നോട്ടീസ്‌ കാണിച്ചു തന്നു: ‘ചില്ലറ തീര്‍ന്നിരിക്കുന്നൂ, ദയവ് ചെയ്ത് ശരിക്കുള്ള പൈസ മാത്രം ഇടുക!’

നാലാമത്തെ ദിവസം, ആഫീസിലെ ഒരു പെണ്ണൊരുത്തിയെ വളരെ കൂർപ്പിച്ചു നോക്കിനിന്നതിന്, ആ മദാമ്മയുടെ
വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നതൊഴിച്ചാൽ വേറെ വലിയ പ്രശ്നമൊന്നുമുണ്ടായില്ല…!

എന്തായാലും ആ വീക്കെന്റില്‍, വേജ് സ്ലിപ്പിനോപ്പം, നാല്‍പ്പത് മണിക്കൂര്‍ പണി ചെയ്തതിനുള്ള കാശിന്റെ ചെക്കും കമ്പനി വക വളരെ സുന്ദരമായ ഒരു കത്തും കിട്ടി. ഉള്ളടക്കം ഇതാണ്:

ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന തസ്തിക തല്‍ക്കാലം നിന്നു പോയതിനാല്‍ അടുത്ത വാരം മുതല്‍ ജോലിക്ക് വരേണ്ടതില്ലായെന്നും ഭാവിയില്‍ എനിക്ക് ഇതിനേക്കൾ നല്ലൊരു പണി ലഭിക്കുവാന്‍ ഭാവുകങ്ങള്‍ നേരുന്നുവെന്നും…!

ഈ വെള്ളക്കാരെല്ലം ഇത്ര നല്ല മര്യാദ രാമന്മാർ ആണെല്ലോ എന്നോർത്ത്, യൂണിഫോം, തൊപ്പി, ബൂട്ട്സ് മുതലായവയുടെ കാശും, ആദ്യ പണിയും പോയതോർത്ത്, ‘ഡാഷ്’ പോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട് എന്റെ വീട്ടുടമസ്ഥൻ ദൈവം വരം തരുന്ന പോലെ അടുത്ത ജോലിക്കുള്ള ഒരു റെക്കമെന്റഡ് ഇന്റർവ്യൂ ലെറ്ററുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!

അങ്ങിനെ എന്റെ ലാന്റ് ലോര്‍ഡ്‌ ഗിൽബർട്ടച്ചായന്‍ കനിഞ്ഞിട്ട്, കാത്തലിക് അസോസിയേഷനിലുള്ള “ടെസ്കോയില്‍” മാനേജരായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജോസണ്ണന്‍ മുഖാന്തിരം, ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ ‘ടെസ്കോ‘യുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ സ്ഥിരമായി ഒരു രാത്രിപ്പണി തരപ്പെട്ടു.

ഹാവൂ! രക്ഷപ്പെട്ടു!!

പണി വലിയ കുഴപ്പമില്ല. ട്രോളികളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് അതാത് ഷെൽഫുകളിൽ ഭംഗിയായി ഒതുക്കിവെച്ച് വിലകളും കോഡുകളും നോക്കി ഏകീകരിച്ചു വെക്കുക. മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ ഏതെങ്കിലും വിലകള്‍ ഒട്ടിച്ചുവേക്കേണ്ട ടാഗുകള്‍ കടിച്ചുപിടിച്ചു കൊണ്ട് എങ്ങാനും ഏതെങ്കിലും കസ്റ്റ്മേഴ്സ് വന്നാല്‍ കഥകളി മുദ്രയിലൂടെ അവരെ മറ്റുള്ളവരിലേയ്ക്ക് ആനയിച്ചും മറ്റും ഒരു കുഴപ്പവും കൂടാതെ ഒന്നുരണ്ട് ദിവസം നീങ്ങി.

മണിക്കൂറിന് £6.80 വെച്ച് പണിക്കൂലിയും ആനുവൽ ലീവും പെൻഷനും കൂടാതെ ഡിസ്കൌണ്ട് പർചേസിങ്ങുമെല്ലാമായി നിരവധിയാനുകൂല്യങ്ങള്‍…

ഈ മണ്ടന് പിന്നെന്തു വേണം മൂന്നാലുമാസം കൊണ്ട് ലണ്ടനില്‍ വന്ന കാശുമുതലാക്കാം!

ഇടവേളകളിലും പകല്‍ ഉറക്കത്തിലും മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ കിനാവുകള്‍ കണ്ടു തുടങ്ങി. രാവും പകലും നല്ല ശീതീകൃത അവസ്ഥയിലുള്ള ഈ രാജ്യത്ത് ഒന്ന് കിടന്നുറങ്ങാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ് അല്ലേ….!

ഒരാഴ്ചകഴിഞ്ഞുള്ള ഒരു രാത്രി. സ്റ്റോറില്‍, തൊട്ടടുത്തദിവസം ഡേറ്റ് തീർന്ന് പോകുന്ന ധാരാളം സാൻഡ് വിച്ചുകൾ ബാക്കിവന്നത് കളയാന്‍ വെച്ചിരിക്കുന്നു.

വെറുതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നുന്ന ഞാന്‍ കൊണ്ടുപോയ ഉണക്ക ചപ്പാത്തിയും കറിയും ഉപേഷിച്ച് ചിക്കന്‍, എഗ്ഗ്, ചീസ്, ബട്ടര്‍ മുതലായ നാലഞ്ച് റെഡി മേയ്ഡ് ‘സാന്‍ഡ്‌ വിച്ചുകള്‍ ചടുപിടുന്നനെ അകത്താക്കി.

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ഒന്നു രണ്ട് സഹപ്രവര്‍ത്തകരുടെ ഒരു വയറ്റു പാപിയെ കണ്ടപോലുള്ള ആ ഒളിഞ്ഞു നോട്ടം കണ്ടപ്പോള്‍ തീറ്റയ്ക്ക് ഇത്ര തിടുക്കം വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നിയിരുന്നു.

എന്തൊ തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ഏതാണ്ട് ഒരുമണിക്കൂറിനുശേഷം വയറിനുള്ളില്‍ നിന്നും ചെറിയ വിളികള്‍ വന്നു തുടങ്ങി.

പിന്നെ ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന വേറൊരു പ്രശ്നം പുറത്ത് കക്കൂസില്‍ പോകുക എന്നതാണ്.

നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ്‌ വെള്ളം ഉപയോഗിച്ചു ശീലിച്ച ഞാന്‍, ഇവിടുത്തെ കുടുസു പോലെയുള്ള,
അര വാതിലുള്ള, ഒരു ടാപ്പുപോലുമില്ലാത്ത ടോയ്‌ലറ്റുകളില്‍ എങ്ങിനെ പോകും?

അഥവാ പോയാലും, നാലഞ്ച്‌ മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും ഒരു സംതൃപ്തി വരാതെ ചാര്‍ളി ചാപ്ലിന്‍ നടക്കുന്ന സ്റ്റൈലില്‍ കാലുകുത്തി വേച്ചു വേച്ച് നടക്കേണ്ടി വരും!

അതുകൊണ്ട് പുറത്തുപോകുമ്പോള്‍ രണ്ടു തവണയെങ്കിലും ടോയ്‌ലറ്റില്‍ പോയി ഒന്നുറപ്പ് …വരുത്തിയ ശേഷമേ ഇറങ്ങാറുള്ളൂ.

വയറിനുള്ളിലെ കോളിളക്കം പന്തിയല്ലെന്ന് തോന്നി. സ്റ്റാഫ് ടോയ്ലറ്റില്‍ പോയി ഒരു വീക്ഷണം നടത്തി. വെള്ളം പിടിക്കാന്‍ ഒരു കാലിക്കുപ്പി പോലുമില്ല. എന്തു ചെയ്യും?

എന്തായാലും രണ്ടു പൌണ്ട് കൊടുത്തു ഒരു സെറ്റ് വാട്ടര്‍ബോട്ടിൽസ് വാങ്ങുകതന്നെയെന്ന് ചിന്തിച്ച് കൗണ്ടറിലേക്ക് നടക്കുമ്പോഴുണ്ട്‌ റാക്കില്‍, നിലത്തുവീണ് ചളുങ്ങിയ നാലെണ്ണത്തിന്റെ ഒരു സെറ്റ് ഫോസ്റ്റർ ബിയറുകൾ ഓഫറായി ഒരു പൗണ്ടിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് ഇരിക്കുന്നു!

ഞാന്‍ ആരാ മോന്‍! മലയാളിയല്ലേ!

അപ്പൊത്തന്നെ, അവ വാങ്ങി. മൂന്നെണ്ണം ബാഗില്‍ വെച്ച്, ഒരെണ്ണവുമായി ലണ്ടനിലേയ്ക്ക് വിട്ടു !

പിന്നെയൊരു വെടിക്കെട്ടായിരുന്നു. മുന്നിലുള്ള ലണ്ടന്‍ റൂമില്‍ നിന്നും ഒരശരീരി! ‘സൈലൻസ് പ്ലീസ്‌.’ അപ്പോഴാണ്‌ ഞാന്‍ നോക്കിയത്. അരവാതിലില്‍കൂടി ദാ കാണുന്നു രണ്ട് വെളുത്ത കാലുകള്‍. കൂടെ വര്‍ക്ക് ചെയ്യുന്ന മദാമ്മ തള്ളയാണ്. ഞാന്‍ സോറി പറഞ്ഞ് ഹോൾഡ് ചെയ്തിരുന്നു. കുറച്ചുകഴിഞ്ഞ് ബിയറ് തുറന്നു കഴുകിവെടിപ്പാക്കി പുറത്തുവന്നപ്പോള്‍, ഹൌ! എന്തൊരാശ്വാസം….!

ഒന്ന് പോയാലും ബാക്കി മൂന്നെണ്ണം വീട്ടില്‍കൊണ്ടുപോയി കുടിക്കാലോ എന്നുള്ള ആശ്വാസത്തില്‍ പണി തുടർന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴെക്കും വീണ്ടും ഒരുള്‍ വിളി. കൂടെയുള്ളവനോട്. ദെ ഇപ്പം വരാമെന്നു പറഞ്ഞ് അടുത്ത ബിയർ ടിന്നുമെടുത്ത് ലണ്ടനിലേക്ക് വണ്ടി വീണ്ടും വിട്ടു.

എന്തിന് പറയുവാൻ! അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ ബാക്കിയുള്ള രണ്ട് ബിയർ കാൻ കൂടി കാലിയായെന്ന് പറഞ്ഞാൽ മതിയല്ലോ!

ഹാവൂ, കാറ്റും കോളുമുള്ള ഒരു പേമാരി തീർന്നപോലെ!

ബിയറെല്ലം വെറുതെപോയല്ലോയെന്ന നഷ്ട ബോധത്തോടെ പണിയിൽ മുഴുകിക്കൊണ്ടു നിൽക്കുമ്പൊഴുണ്ട് ദാ ഷിഫ്റ്റ് മാനേജർ പോളണ്ടുകാരി ചുള്ളത്തി മെറീന എന്നരികിൽ വന്ന് സ്വകാര്യത്തിൽ പറഞ്ഞു അവളുടെ റൂമിലേക്കെന്നോട് ചെല്ലുവാൻ!?

എന്തിനാണ് ഈ പെണ്ണ് എന്നെയീ നേരത്ത് വിളിച്ചെതെന്നാലോചിച്ച് ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പറയുന്നൂ മുറി കുറ്റിയിടാൻ!

പണ്ട് മണിചിത്രത്താഴ് സിനിമയിൽ ലളിത അരയിൽ ചരടുകെട്ടാൻ വേണ്ടി ഇന്നസെന്റിനെ മുറിയിലാക്കി കുറ്റിയിട്ട അവസ്ഥയിലായിരുന്നു ഞാനപ്പോൾ !

അയ്യോ പുലിവാലായൊ ബിൽക്ലിന്റൻ ചെയ്ത പോലെ എന്തെങ്കിലുമൊക്കെ ഞാനും ചെയ്യേണ്ടി വരുമോ!

അതാ മെറീന അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ കിസ്സ് ചെയ്യാ‍നെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു

ഓ…! എന്റെ ലണ്ടൻ മുത്തപ്പാ…!

സംഭവം വെറും ലളിതം. അവൾ ഞാൻ കുടിച്ചിട്ടുണ്ടോ എന്ന് മണത്തുനോക്കിയതായിരുന്നു!

ആരൊ കംപ്ലൈന്റ് കൊടുത്തുപോലും. ഞാൻ നാലു ബിയർ രണ്ടു മണിക്കൂറിനുള്ളിൽ അകത്താക്കിയെന്ന്. അന്വേഷണത്തിൽ നാല് കാലി ടിൻ വേസ്റ്റ് ബിന്നിൽ നിന്ന് കിട്ടുകയും ചെയ്തു!

ഞാനത് അപ്പി കഴുകാനാണ് എന്നുപറയാൻ പറ്റോ? പറ്റിയാൽത്തന്നെ അതുപറഞ്ഞു മനസ്സിലാക്കാനുള്ള ലാംഗ്വേജ്
എനിക്കൊട്ടില്ലതാനും! അന്വേഷണവും വിശകലനവുമൊക്കെയായി ശരിക്ക് പതിമൂന്നാം പക്കം ആ പണിയും കാലാകാലത്തേക്ക് സ്ഥിരമായി!

നമ്മുടെ വാജ്പോയിയെ പണ്ട് പ്രധാനമന്ത്രിയാക്കി ഇന്ത്യ ഭരിപ്പിച്ചിട്ട് പതിമൂന്നാമ്പൊക്കം ഇറക്കിവിട്ടപോലെയായി എന്റെ സ്ഥിതി.

പിന്നെ കൂട്ടരെ പണി പോയതിനേക്കാൾ എനിക്ക് വിഷമമുണ്ടാക്കിയ സംഗതി എന്റെ സ്വന്തം ഭാര്യയടക്കം, ഭൂരിപക്ഷം പേരും ഞാ‍ൻ പറഞ്ഞ ഈ ‘ബിയർ പുരാണം’ വിശ്വസിച്ചില്ല എന്നതിലാണ്.

ഇത്തരം സിറ്റുവേഷനുകൾ സ്വയം അനുഭവിച്ചറിയണം അല്ലേ? എന്നാലെ ഇതിന്റെയൊക്കെ യഥാർത്ഥ്യം, ഇവർക്കൊക്കെ മനസ്സിലാകുകയുള്ളൂ!!

ഏതായാലും ഇത്തരം ചിന്ന ചിന്ന സംഗതികളൊക്കെ, ആഗോളതലത്തിലുള്ള പലർക്കും പലപ്പോഴും പലതരത്തിൽ അനുഭവങ്ങളായി ഉണ്ടാവാറുള്ള ഒരു പ്രതിഭാസം എന്നു കരുതി തല്ക്കാലം സമാധാനിക്കാം! അല്ലെ?

മുരളീ മുകുന്ദന്‍

തൃശൂര്‍ സ്വദേശി. ഇപ്പോള്‍ ലണ്ടനില്‍

More Posts

This post was last modified on May 29, 2018 6:14 pm