X

പരാജയഭീതി: തന്റെ ബ്രെക്സിറ്റ് ഉടമ്പടി നിർദ്ദേശത്തിന്മേലുള്ള വോട്ടെടുപ്പ് തെരേസ മേ മാറ്റിവെച്ചു; ആത്മവിശ്വാസരാഹിത്യമെന്ന് പ്രതിപക്ഷം

യൂറോപ്യൻ യൂണിയൻ വിടുന്നതിനു മുമ്പായി സ്ഥാപിക്കേണ്ട ഉടമ്പടികൾ സംബന്ധിച്ച് ബ്രിട്ടീഷ് തനിക്കുള്ള നിർദ്ദേശങ്ങൾ വോട്ടിനിടുന്നത് പ്രധാനമന്ത്രി തെരേസ മേ മാറ്റിവെച്ചു. പാർലമെന്റിൽ തന്റെ ബ്രെക്സിറ്റ് ഡീലിനെതിരെ വികാരമുയർന്നിട്ടുള്ളത് തിരിച്ചറിഞ്ഞാണ് മേ ഈ നടപടിയെടുത്തത്. യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയുടെ പിൻവാങ്ങൽ സംബന്ധിച്ച് തെരേസ മേ എത്തിച്ചേർന്നിട്ടുള്ള ഉടമ്പടിയെ ചൊവ്വാഴ്ച വോട്ടിനിടുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യൂറോപ്യൻ യൂണിയനുമായി കൂടുതൽ ചർച്ചകൾ നടത്തി ഉടമ്പടിയിൽ മാറ്റം വരുത്താനാണ് മേയുടെ നീക്കമെന്നറിയുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തെരേസ മേയുമായി ഇനിയൊരു നീക്കുപോക്കിന് തയ്യാറാകില്ലെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ഡോണൾഡ് ടസ്ക് പറഞ്ഞു.

അതെസമയം വോട്ടെടുപ്പ് റദ്ദാക്കിയ തെരേസ മേയുടെ നടപടിക്കെതിരെ സഭയിൽ കടുത്ത വിമർശനമുയർന്നു. തെരേസ മേയുടെ ആത്മവിശ്വാസമില്ലായ്മയാണ് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് ജെരെമി കോർബിൻ പറഞ്ഞു. എല്ലാത്തിന്റെയും നിയന്ത്രണം മേയുടെ കൈയിൽ നിന്നും പോയിരിക്കുകയാണ്. എംപിമാരെ അവർ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് മാറ്റിവെച്ചതിനു പിന്നാലെ പൗണ്ടിന്റെ മൂല്യം ഡോളറിനെ അപേക്ഷിച്ച് കഴിഞ്ഞ 18 മാസത്തെക്കാൾ താഴേക്കുപോയി. ബ്രെക്സിറ്റ് റദ്ദാക്കണമെങ്കിൽ യുകെക്ക് അത് ചെയ്യാമെന്ന യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ്സിന്റെ ഉത്തരവും കഴിഞ്ഞ ദിവസം വരികയുണ്ടായി.

വോട്ടിനുള്ള അവസാന തിയ്യതി ജനുവരി 21 ആണെന്ന ന്യായത്തിൽ പിടിച്ചു നിൽക്കുകയാണ് തെരേസ മേ. ക്രിസ്തുമസ്സിനു മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നാണ് ചില എംപിമാരുടെ ആവശ്യം. എന്നാൽ ഇത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നായിരിക്കും വോട്ടെടുപ്പ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മേ തയ്യാറായിട്ടില്ല.