ഹോം മന്ത്രാലയം ഏര്‍പ്പെടുത്തിയ ടയര്‍ 2 വിസകളുടെ പരിധി ജൂണില്‍ കടന്നതിനെ തുടര്‍ന്ന്, കഴിഞ്ഞ മാസം 1329 പുതിയ അപേക്ഷകള്‍ നിരസിച്ചു. ടെക്വേള്‍ഡ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരം കഴിഞ്ഞ മാസം പ്രതിമാസ പരിധിയായ 1650 അപേക്ഷകളാണ് അനുവദിച്ചത്. 2011ല്‍ ടയര്‍ 2 വിസ പരിധി നിയമം നടപ്പിലാക്കിയതിന് ശേഷം ആദ്യമായാണ് പരിധിയില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്കും സ്വിറ്റ്‌സര്‍ലന്റിനും വെളിയുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനായി അനുവദിക്കുന്നതാണ് ടയര്‍ 2 വിസകള്‍. ഈ വിസ ലഭിക്കുന്ന വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം യുകെയില്‍ താമസിക്കാന്‍
സാധിക്കും.
എന്നാല്‍ വിസ അപേക്ഷകള്‍ പരിധിയില്‍ എത്തിയതിനെ വലിയ ആശങ്കയോടെയാണ് ആരോഗ്യ, വ്യാവസായിക, സാമ്പത്തിക രംഗങ്ങള്‍ നോക്കി കാണുന്നത്. വിസ അപേക്ഷകള്‍ പരിധിയില്‍ കവിഞ്ഞ യുകെ സാമ്പത്തികരംഗത്തെ എങ്ങനെ ബാധിക്കും എന്ന് പരിശോധിച്ച് വരിയാണെന്ന് ഹോം അഫേയേഴ്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
അപേക്ഷകള്‍ പരിധി കടന്നത് ആരോഗ്യ, ശിശ്രൂഷാ രംഗത്തുള്ള വിദഗ്ധ തൊഴിലാളികളുടെ കുറവിനെയാണ് കാണിക്കുന്നതെന്ന് ലേബര്‍ എംപിയും ഹോം അഫേയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ കീത്ത് വാസ് ചൂണ്ടിക്കാണിക്കുന്നു. ഇത് ആശുപത്രി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. പരിധിയില്‍ എത്തിക്കഴിഞ്ഞ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രമേ വിസ അനുവദിക്കൂ എന്ന ചട്ടം അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന സേവന മേഖലകളെയും ചെറുകിട വ്യവസായങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും കീത്ത് ചൂണ്ടിക്കാട്ടുന്നു. ഇത് സാമ്പത്തികരംഗത്ത് കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
2011ല്‍ നിയമം നടപ്പിലാക്കിയപ്പോള്‍ ബ്രിട്ടീഷ് വ്യവസായിക രംഗം നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തില്‍ സര്‍ക്കാരിന് നാമമാത്രമായ നിയന്ത്രണങ്ങളേ ഉള്ളുവെന്നും എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്നത് വഴി രാജ്യത്തേക്ക് വരുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് തടയപ്പെടുമെന്നും യുകെയില്‍ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം സൃഷ്ടിക്കുമെന്നും അന്ന് തന്നെ പല പ്രമുഖരും ചൂണ്ടിക്കാട്ടിയിരുന്നു.
യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന പുതിയ ചട്ടം നിലവില്‍ വരാനിരിക്കെയാണ് ഇപ്പോള്‍ വിസ അപേക്ഷകളുടെ പരിധി കടന്നിരിക്കുന്നത്.
This post was last modified on December 27, 2016 3:19 pm
Leave a Comment