X

ഉന്നാവോ: ഇരയ്ക്കും കുടുംബത്തിനും കേന്ദ്ര സേന സുരക്ഷ നൽകണം, അന്വേഷണം ഏഴ് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും നടപടികൾ ഡൽഹിക്ക് നിർദേശിച്ച സുപ്രീം കോടതി കേസിലെ വിചാരണ ദിനം പ്രതി എന്ന നിലയിൽ 45 ദിവത്തിനകം പൂർത്തിയാക്കണമെന്നും വ്യക്തമാക്കി.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാത്സംഗകേസുമായി ബന്ധപ്പെട്ട വധശ്രമ കേസുകളുടെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക് മാറ്റാനും അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും വ്യക്തമാക്കയതിന് പിന്നാലെയാണ് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നിർദേശിച്ചത്.

കേസ് അന്വേഷണം പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരുമെന്ന് കേസ് പരിഗണിക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തൂഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ആരായുകയായിരുന്നു. ഇതിന് ഒരു മാസം എന്നായിരുന്നു സോളിസിറ്റർ ജനറലുടെ മറുപടി. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് 7 ദിവസത്തിനകം പൂർത്തിയാക്കണന്ന് വ്യക്തമാക്കുകയായിരുന്നു.

അതേസമയം, ഉന്നാവേ കേസിലെ ഇരയ്ക്കും അഭിഭാഷകനും കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അമ്മ, സഹോദരങ്ങൾ, അമ്മാവൻ, അടുത്ത ബന്ധുക്കൾ എന്നിവർക്ക് കേന്ദ്ര സേന സുരക്ഷ ഒരുക്കണമെന്നാണ് കോടതിയുടെ നിർദേശം. ഇതിന് പുറമെ ഇരയ്ക്ക് യൂപി സർക്കാർ 25 ലക്ഷം രൂപ അടിയന്തിര നഷ്ടരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

ഇതിന് പുറമെ ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും നടപടികൾ ഡൽഹിക്ക് നിർദേശിച്ച സുപ്രീം കോടതി കേസിലെ വിചാരണ ദിനം പ്രതി എന്ന നിലയിൽ 45 ദിവത്തിനകം പൂർത്തിയാക്കണമെന്നും വ്യക്തമാക്കി. ഇതിനിടെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ പരാതിക്കത്ത് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കകം മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയിലെത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

നാല് കേസുകളാണ് ഉന്നാവോ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ലക്‌നൗ കോടതിയിലുള്ളത്. ഈ കേസുകളുടെ വിചാരണ ഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. റോഡ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല അമിക്കസ് ക്യുറി വി ഗിരി കോടതിയിൽ അഭിപ്രായപ്പെട്ടത്. ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു (പ്രതികൾ വ്യത്യസ്തം ആണ് ). ഇരയുടെ പിതാവിനെ കേസ്സിൽ കുടുക്കി കസ്റ്റഡിയിൽ എടുക്കുന്നു. കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുന്നു. ബലാൽസംഗ കേസ് വിചാരണയ്ക്ക് വരാൻ സമയമായപ്പോൾ ഇര സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നു. ഇര ഇപ്പോൾ ജീവൻ നിലനിറുത്താൻ വെന്റിലേറ്ററിൽ ആണെന്നും അദ്ദേഹം പറയുന്നു.

ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നായിരുന്നു ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് ചോദിച്ചത്.

ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ മുഖ്യപ്രതിയായ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ റായ്ബറേലിയില്‍ വച്ച് ട്രക്കിടിച്ചത് ആസൂത്രിത വധശ്രമമാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. നിലവില്‍ ജയിലിലുള്ള ബിജെപി എംഎല്‍എയ്ക്കും എംഎല്‍എയുടെ സഹോദരനടക്കം മറ്റ് ഒമ്പത് പേര്‍ക്കെതിരെയും സിബിഐ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ജൂലായ് 12ന് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനും യുപി അധികൃതര്‍ക്കും നല്‍കിയ പരാതിക്കത്ത് കഴിഞ്ഞ ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ചീഫ് ജസ്റ്റിസിന് മുന്നില്‍ വച്ചപ്പോളാണ് ഇക്കാര്യം ശ്രദ്ധയില്‍ വന്നത്. എന്തുകൊണ്ട് കത്തിന്റെ കാര്യം അറിയിച്ചില്ല എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു.

കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരനില്‍ നിന്നുള്‍പ്പടെ തനിക്കും കുടുംബത്തിനും നിരന്തര ഭീഷണിയുള്ളതായി ജൂലായ് 12ന്റെ കത്തില്‍ ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. റായ്ബറേലിയിലെ റോഡ് അപകടം ജയിലിലുള്ള എംഎല്‍എ ആസൂത്രണം ചെയ്തതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഡ്വക്കേറ്റിനും പരിക്കേറ്റു. ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യപ്രതിയായ എംഎല്‍എ കുല്‍ദീപ് സെന്‍ഗറെ രണ്ട് വര്‍ഷത്തിന് ശേഷം ബിജെപി പുറത്താക്കി

This post was last modified on August 1, 2019 3:14 pm