X

ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു

സംഭവം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ലളിത് മോഹന്റാത് നിഷേധിച്ചു

ഗര്‍ഭിണിയായ ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു. രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത് ഒഡീഷയിലാണ്. മുപ്പതുകാരിയായ യുവതിക്ക് ചികിത്സയ്ക്ക് ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞാണ് ചികിത്സ നിഷേധിച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനിഗുഡ ഗ്രാമത്തിലെ ദസ്മന്ത്പൂരിലെ ദയ്ന മുദുലിയാണ് യുവതി. വെള്ളിയാഴ്ച പ്രസവവേദനയെ തടുര്‍ന്ന് ഭര്‍ത്താവുമൊന്നിച്ച് സഹീദ് ലക്ഷമണ്‍ നായക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടുകയായിരുന്നു യുവതി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഗര്‍ഭിണിയെ ചികിത്സിക്കാന്‍ തയ്യാറായില്ല. യുവതിയുടെ കൈയില്‍ ആവശ്യമായ രേഖകളില്ല എന്നു പറഞ്ഞാണ് പ്രവേശനം തടഞ്ഞതെന്ന് യുവതിയുടെ മാതാവ് ഗൗരമണി മുദുലി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തുടര്‍ന്നാണ് ഓവുചാലില്‍ പ്രസവിക്കേണ്ടി വന്നതെന്നും അവര്‍ പറയുന്നു.എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയെ തുടര്‍ ചികിത്സയുടെ ഭാഗമായി നിയോ നതല്‍ യൂണിറ്റിലും അമ്മയെ ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് സീതാറാം മൊഹപാത്ര പറഞ്ഞു. സംഭവം ചീഫ് മെഡിക്കല്‍ ഓഫിസര്‍ ലളിത് മോഹന്റാത് നിഷേധിച്ചു. ഇത് വെറും ആരോപണം മാത്രമാണന്നും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

This post was last modified on December 17, 2017 10:25 am