X

ശബരിമല ബിജെപിയെ രക്ഷിക്കുമോ? മൂന്ന് മാസത്തിനുള്ളില്‍ നടത്തുന്നത് അഞ്ചാമത്തെ ഹര്‍ത്താല്‍

ഇന്നത്തേതുള്‍പ്പെടെ രണ്ട് ഹര്‍ത്താലുകള്‍ ശബരിമല വിഷയത്തില്‍ ഭക്തര്‍ മരിച്ചു എന്ന അവകാശവാദവുമായി

ശബരിമല വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍ ബിജെപി നടത്തുന്നത് അഞ്ചാമത്തെ ഹര്‍ത്താല്‍. ഇതില്‍ രണ്ട് ഹര്‍ത്താലുകള്‍ സംസ്ഥാന വ്യപകമായും മൂന്നെണ്ണം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുമാണ് നടത്തിയത്. ഇന്നത്തേതുള്‍പ്പെടെ രണ്ട് ഹര്‍ത്താലുകള്‍ ശബരിമല വിഷയത്തില്‍ ഭക്തര്‍ മരിച്ചു എന്ന അവകാശവാദവുമായാണ്.

സെപ്തംബര്‍ 28: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വരുന്നത് സപ്തംബര്‍ 28ന്.

ഒക്ടോബര്‍ ഏഴ്: പത്തനംതിട്ട ജില്ലയില്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ ആദ്യ ഹര്‍ത്താല്‍. യുവതീ പ്രവേശന വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടിലും, യുവമോര്‍ച്ച സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റതിലും പ്രതിഷേധിച്ചായിരുന്നു ഇത്.

നവംബര്‍ രണ്ട്: ശിവദാസന്‍ എന്ന ലോട്ടറി വില്‍പ്പനക്കാരന്‍ ളാഹയ്ക്ക് സമീപം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ തന്നെ രണ്ടാമത്തെ ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടനത്തിന് പോയ ശിവദാസന്‍ നിലയ്ക്കലില്‍ നടന്ന സംഘര്‍ഷത്തിനിടെ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു എന്നതായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ നിലയ്ക്കല്‍ സംഘര്‍ഷത്തിന് ശേഷമാണ് ഇയാള്‍ വീട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ബിജെപി വെട്ടിലായി.

നവംബര്‍ 17: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പുകളില്ലാതെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായത്.

ഡിസംബര്‍ 11: തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ചായിരുന്നു ഇത്.

ഡിസംബര്‍ 14: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ ഹര്‍ത്താല്‍. എന്നാല്‍ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തതാണെന്ന് വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തായി. ആത്മഹത്യയാണെന്നും ശബരിമല വിഷയമായോ സമരവുമായോ ഇയാളുടെ മരണത്തിന് ബന്ധമില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കുന്നില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമുള്ള അഭ്യര്‍ഥനയോടെ ബിജെപി നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാലെന്ന് മരണമൊഴി; ഹർത്താലാഹ്വാനം നടത്തിയ ബിജെപി വെട്ടിലായി

ശബരിമല വിഷയത്തില്‍ ബിജെപിക്ക് മുന്നില്‍ അവശേഷിക്കുന്ന സമരതന്ത്രം ഇതാണ്

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

This post was last modified on December 14, 2018 9:15 am