X

കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ ഒടുവില്‍ ബിജെപി കേരളഘടകം 

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുന്നില്‍ വെച്ച് കേരളത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവ മേഖലയില്‍ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം കരുതുന്നത്.

കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന ബിജെപിയില്‍ തീരുമാനം. മന്ത്രിയായപ്പോള്‍ ആഘോഷങ്ങള്‍ കുറഞ്ഞെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി. കോട്ടയം ജില്ലയില്‍ ഉള്‍പ്പടെ വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരിക്കും വരവേല്‍പ്പ്. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ കിട്ടിയ സ്വീകരണം കണ്ണന്താനത്തിന് ലഭിച്ചില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം.

നരേന്ദ്രമോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ കണ്ണന്താനത്തെ ഉള്‍പ്പെടുത്തി എന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുളളവര്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ബിജെപി ഓഫീസുകളിലടക്കം കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല.

ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുകയും ചെയ്തിരുന്നു. വാര്‍ത്ത വന്ന മണിക്കൂറുകള്‍ക്ക് ശേഷം ഫെയ്സ്ബുക്കിലൂടെയാണ് കുമ്മനം അതൃപ്തി പ്രകടിപ്പിച്ചത്. ബിജപി ഉന്നത നേതാക്കളെ തഴഞ്ഞ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാക്കിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുന്നില്‍ വെച്ച് കേരളത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവ മേഖലയില്‍ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം കരുതുന്നത്.

 

This post was last modified on September 8, 2017 1:14 pm