X

അപ്രാഖ്യാപിത ഹര്‍ത്താല്‍ രണ്ടാം ‘മലബാര്‍ കലാപ’ത്തിനുള്ള ശ്രമം; ഐഎസ് ബന്ധമെന്നും എംടി രമേശ്‌

ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നിട്ടുണ്ട്. സംഭവവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്ന് പൊലീസ് തന്നെ വിശദീകരിച്ചിട്ടും പൊലീസ് റിപ്പോര്‍ട്ട് എന്ന നിലയില്‍ വ്യാജ വാര്‍ത്തകള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു - എംടി രമേശ്‌ പറഞ്ഞു.

കേരളത്തില്‍ നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനും തുടര്‍ന്നുണ്ടായ അക്രമത്തിനും ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്‍റെ അഭിപ്രായം. ആധില്‍ എഎക്‌സ് എന്ന, ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സമീപ കാലത്ത് ശ്രീലങ്കയില്‍ നടന്ന വംശീയ കലാപത്തില്‍ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ് എന്നും എംടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദ ബന്ധമുള്ളതിനാല്‍ ഈ സംഘടനയുടെ ഫേസ് ബുക്ക് പേജ് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇന്റര്‍പോള്‍ അടച്ചുപൂട്ടിച്ചിട്ടുണ്ടെന്നും എംടി രമേശ് പറഞ്ഞു.

കേരളത്തിലെ എസ് ഡി പിഐ പോലെയുള്ള സംഘടനകള്‍ക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാന്‍ കേരള പൊലീസ് ഇതുവരെ തയാറായിട്ടില്ല. ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രാജ്യാന്തര ബന്ധമുള്ളതിനാല്‍ ഈ വിഷയത്തെപ്പറ്റി എന്‍ഐഎ അന്വേഷണം നടത്തണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എന്‍ഐഎയ്ക്ക് പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു.

കേരളം വര്‍ഗ്ഗീയ കലാപത്തിന് പാകമായോ? വാട്സാപ്പ് ഹര്‍ത്താല്‍ നല്‍കുന്ന അപകട സൂചനകള്‍

അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ മറവില്‍ ‘രണ്ടാം മലബാര്‍ കലാപ’ത്തിനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചത് എന്നാണ് എംടി രമേശ് പറഞ്ഞത്. എന്നാല്‍ കേരളത്തിലെ ‘ഹിന്ദു സമൂഹ’വും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കാണിച്ച സംയമനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാത്തതിന് കാരണം എന്നും എംടി രമേശ് അവകാശപ്പെട്ടു.
തീവ്രവാദ ഗ്രൂപ്പുകള്‍ കേരളത്തില്‍ എത്രമാത്രം ആഴത്തില്‍ വേരോടി എന്നതിന്‍റെ തെളിവാണ് ഹര്‍ത്താലും അതിനോട് അനുബന്ധിച്ച് നടന്ന അക്രമവും.

ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നിട്ടുണ്ട്. സംഭവവുമായി ആര്‍എസ്എസിന് ബന്ധമില്ലെന്ന് പൊലീസ് തന്നെ വിശദീകരിച്ചിട്ടും പൊലീസ് റിപ്പോര്‍ട്ട് എന്ന നിലയില്‍ വ്യാജ വാര്‍ത്തകള്‍ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു. ചില മാധ്യമ സ്ഥാപനങ്ങളില്‍ പോലും തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതേപ്പറ്റി മാധ്യമ സ്ഥാപനങ്ങള്‍ പരിശോധന നടത്തണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

This post was last modified on April 23, 2018 7:32 pm