X

പൊലീസിനെ നോക്കുകുത്തിയാക്കി ബിജെപി അക്രമം, കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ദേശീയപാത ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ യാത്രക്കാരെ കൈയേറ്റം ചെയ്യുകയും സ്ത്രീകള്‍ അടക്കമുള്ളവരോട് അസഭ്യം പറയുകയും ചെയ്തു.

എറണാകുളം വരാപ്പുഴയിലെ യുവാവിന്റെ പൊലീസ് കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പത്ത് വയസുള്ള മകളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പോയ യുവാവിനെ ഹര്‍ത്താലനുകൂലികള്‍ മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം മനോരമ ന്യൂസ് അടക്കമുള്ള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ദേശീയപാത ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ യാത്രക്കാരെ കൈയേറ്റം ചെയ്യുകയും സ്ത്രീകള്‍ അടക്കമുള്ളവരോട് അസഭ്യം പറയുകയും ചെയ്തു.

പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണം. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാകാം മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. പ്രാഥമികാന്വേഷണം നടത്താന്‍ എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയ്ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് ശ്രീജിത്ത് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. കസ്റ്റഡിയില്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം.

This post was last modified on April 10, 2018 11:29 am